സുവാരസ് അയാക്സിലേക്ക്; കൈയൊഴിഞ്ഞ് ബാഴ്സ

ബാഴ്സലോണ: 2014 മുതല്‍ ബാഴ്സലോണയുടെ തുറുപ്പുചീട്ടായിരുന്ന ലൂയി സുവാരസ് ഡച്ച് ക്ലബായ അയാക്സിലേക്ക്. സുവാരസ് അയാക്സിലേക്ക് തന്നെയെന്ന് ഏറെക്കുറെ ഉറപ്പായി. സുവാരസിനെ വില്ക്കാന് തയ്യാറാണ് ബാഴ്സലോണയും.ഏകദേശം 15 മില്യണ്‍ യൂറോയ്ക്ക് അയാക്സ് സുവാരസിനെ ലേലത്തില്‍ വിളിക്കുമെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സുവാരസിനെ ബാഴ്സ കൈയൊഴിയുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.മുന്‍പ് അയാക്സില്‍ കളിച്ചിട്ടുള്ള താരമാണ് സുവാരസ്. 2007-2011 കാലഘട്ടത്തില്‍ അയാക്സിനു വേണ്ടി നൂറിലധികം മത്സരങ്ങള്‍ കളിച്ച സുവാരസ് 80 ല്‍ അധികം ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. അയാക്സില്‍ നിന്നു ലിവര്‍പൂളിലേക്കും അവിടെ നിന്ന് ബാഴ്സയിലേക്കും പിന്നീട് ചേക്കേറി. ബാഴ്സലോണയില്‍ മെസി കഴിഞ്ഞാല്‍ പിന്നെ കൂടുതല്‍ ആഘോഷിക്കപ്പെട്ടിരുന്ന താരങ്ങളില്‍ ഒരാള്‍ കൂടിയാണ് സുവാരസ്.
മോശം പ്രകടനത്തില്‍ അടിതെറ്റി നില്ക്കുന്ന ബാഴ്സ അടിമുടി മാറ്റത്തിനായുള്ള തയ്യാറെടുപ്പിലാണ്. മോശം ഫോമാണ് സുവാരസിനു വിനയായത്. അതേസമയം, മെസിയെ ബാഴ്സ നിലനിര്‍ത്തും. ബാഴ്സയില്‍ കളിച്ചുകൊണ്ട് കരിയര്‍ അവസാനിപ്പിക്കാനാണ് മെസി ആഗ്രഹിക്കുന്നതെന്ന് ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബര്‍തോമ്യോ പറഞ്ഞിരുന്നു.ടീം അടിമുടി മാറ്റുന്നതിന്റെ ഭാഗമായി ബാഴ്സലോണയുടെ പുതിയ പരിശീലകനായി റൊണാള്‍ഡോ കൊമാനെ നിയോഗിച്ചത് കഴിഞ്ഞ ദിവസമാണ്. 2022 വരെ ബാഴ്സയുടെ മുഖ്യപരിശീലകനായിരിക്കും കൊമാന്. നിലവില്‍ ഡച്ച് പരിശീലകനായ കൊമാന്റെ വരവ് ബാഴ്സയ്ക്ക് പഴയ പോരാട്ടവീര്യം തിരിച്ചെടുക്കാന്‍ സഹായകമാകുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. 2022 ജൂണ്‍ 30 വരെ റൊണാള്‍ഡോ കൊമാന് ബാഴ്സയുടെ മുഖ്യപരിശീലകനായിരിക്കുമെന്ന് ഔദ്യോഗിക കരാറില്‍ പറയുന്നു. കൊമാന്റെ സാന്നിധ്യം ടീമിനു പുത്തനുണര്‍വ് നല്‍കുമെന്ന് ബര്‍തോമ്യോ പറയുന്നു.