KERALANEWS

സെക്രട്ടറിയേറ്റ് തീപിടുത്തം ഇനി എന്‍.ഐ.എ അന്വേഷിക്കുന്നു

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വകുപ്പില്‍ ഇന്നലെയുണ്ടായ തീപിടിത്തത്തെ കുറിച്ച് സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) സര്‍ക്കാരിനോട് വിവരങ്ങള്‍ തേടും. സ്വര്‍ണക്കടത്ത് കേസില്‍ ആവശ്യപ്പെട്ട രേഖകളെല്ലാം ഹാജരാക്കാതിരുന്നതിനെ തുടര്‍ന്ന് സെക്രട്ടേറിയറ്റില്‍ പരിശോധന നടത്താന്‍ തയ്യാറെടുക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തെ എന്‍.ഐ.എ ഗൗരവമായാണ് കാണുന്നത്. തീപിടിത്തത്തില്‍ കത്തിനശിച്ചതില്‍ മിക്കതും സ്വര്‍ണക്കടത്ത് അന്വേഷണവുമായി ബന്ധമുള്ള ഫയലുകളെന്ന സംശയം എന്‍.ഐ.എയ്ക്കുമുണ്ട്. സ്വര്‍ണക്കടത്തിന്റെ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി എന്‍.ഐ.എയ്ക്ക് ആദ്യം മുതലേ സംശയമുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് നേരത്തെ അഡിഷണല്‍ പ്രോട്ടോക്കോള്‍ ഓഫീസറെ എന്‍.എന്‍.ഐ വിളിച്ചുവരുത്തി മൊഴിയെടുത്തിയിരുന്നു. അതിന് പിന്നാലെയുണ്ടായ തീപിടിത്തം ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതാണ്.കത്തിയോ ‘വി.ഐ.പി’ ഫയലുകള്‍തീപിടിത്തത്തില്‍ കത്തിപ്പോയ ഫയലുകളുടെ ബാക്ക് അപ്പും ഇ-ഫയലും ഇല്ലെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. പേപ്പര്‍ ഫയലുകളാക്കി തന്നെയാണ് ഇവയെല്ലാം സൂക്ഷിച്ചിരുന്നത്. തീപിടിത്തമുണ്ടായ പൊളിറ്റിക്കല്‍ സെക്ഷനിലെ 2എ , 2ബി, 5 എന്നിവിടങ്ങളിലെ ഫയലുകളാണ് കത്തിനശിച്ചത്. മന്ത്രിമാര്‍, ഉന്നത ഉദ്യോസഗസ്ഥര്‍ എന്നിവരുടെ വിദേശയാത്ര സംബന്ധിച്ച ഫയലുകളാണ് ഇവിടെയുണ്ടായിരുന്നത്. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യാത്രകള്‍ സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ടുള്ള വിവരാവകാശ അപേക്ഷകളും ഈ വിഭാഗമാണ് കൈകാര്യം ചെയ്യുന്നത്. തീപിടിത്തത്തിന്റെ മറവില്‍ പൊതുഭരണ വകുപ്പിലെ നിര്‍ണായക രേഖകള്‍ കടത്താന്‍ ശ്രമമുണ്ടായോ എന്ന സംശയവും ചില ഭാഗങ്ങളില്‍ നിന്ന് ഉയരുന്നുണ്ട്. അതേസമയം, ഡിപ്‌ളോമാറ്റിക് ചാനല്‍ വഴി കൊണ്ടുവരുന്ന ബാഗേജുകള്‍ക്ക് അനുമതി നല്‍കുന്ന രേഖകള്‍ ഒന്നും ഇ- ഫയലാക്കിയിട്ടില്ല.സ്വര്‍ണക്കടത്തിന്റെ അന്വേഷണം എന്‍.ഐ.എ തുടങ്ങിയതിന് പിന്നാലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലെ ഒരു വര്‍ഷത്തെ ഫയലുകള്‍ നശിപ്പിച്ചതായി ആരോപണമുയര്‍ന്നിരുന്നു. യു.എ.ഇ കോണ്‍സുലേറ്റിലേക്കുള്ള പാഴ്‌സലുകള്‍ക്ക് നയതന്ത്ര പരിരക്ഷ ലഭിക്കാന്‍ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ നിന്ന് നികുതിയിളവ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടുണ്ടോയെന്ന് എന്‍.ഐ.എ നേരത്തെ ചോദിച്ചിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി കോണ്‍സുലേറ്റ് അനുമതി തേടിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ ഇതുസംബന്ധിച്ച രേഖകള്‍ ഒന്നുംതന്നെ സര്‍ക്കാര്‍ എന്‍.ഐ.എയ്ക്ക് കൈമാറിയിരുന്നില്ല.

Tags
Show More

Related Articles

Back to top button
Close