
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസിലുണ്ടായ തീപിടിത്തം ഷോര്‍ട് സര്‍ക്യൂട്ട് മൂലമല്ലെന്ന് ഫോറന്‍സ് റിപ്പോര്‍ട്ട്. ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഫോറന്‍സിക് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. തീപിടുത്തമുണ്ടായ സ്ഥലത്തുനിന്ന് ശേഖരിച്ച് 24 സാംപിളുകള്‍ പരിശോധിച്ചതില്‍ ഷോര്‍ട് സര്‍ക്യൂട്ടിന്റെ തെളിവ് കണ്ടെത്തിയിട്ടില്ല. ഫാനും സ്വിച്ച് ബോര്‍ഡും പേപ്പറുകളും കത്തി. എന്നാല്‍ അവിടെ സൂക്ഷിച്ചിരുന്ന സാനിറ്റൈസര്‍ അടക്കം കത്തിയിട്ടില്ല. ഇലക്ട്രിക്കലും അല്ലാത്തതുമായ സാധനങ്ങളിലാണ് പരിശോധന നടന്നത്. എന്നാല്‍ തീപിടിത്തത്തിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ട് കൂടുതല്‍ സാംപിളുകള്‍ വീണ്ടും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് റിപോലീസ് പറയുന്നു.
ഷോര്‍ട് സര്‍ക്യൂട്ട് ആണെന്ന് ചീഫ് സെക്രട്ടറി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട്. അട്ടിമറിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പോലീസ് അന്വേഷണം പൂര്‍ത്തിയായിട്ടില്ല. ഫോറന്‍സിക് പരിശോധന ഫലം പുറത്തുവന്നിട്ടില്ലെന്നാണ് പോലീസ് നല്കിയ മറുപടി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്‍.ഐ.എ അന്വേഷണം സെക്രട്ടേറിയറ്റിലേക്ക് കടന്നതിനു പിന്നാലെയാണ് മുഖ്യമന്ത്രി അടക്കമുള്ളവരുടെ വിദേശയാത്ര രേഖകളും മറ്റും സുക്ഷിച്ചിരുന്ന പ്രോട്ടോക്കോള്‍ ഓഫീസില്‍ തീപിടുത്തമുണ്ടായത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ജനപ്രതിനിധികളെയും മാധ്യമപ്രവര്‍ത്തകരെയും ചീഫ് സെക്രട്ടറി അടക്കമുള്ളവര്‍ എത്തി തടഞ്ഞതും വിവാദമായിരുന്നു.
തീപിടുത്തത്തിനു പി്ന്നില് മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നും നിര്‍ണായക രേഖകള്‍ കത്തിച്ചതാണെന്നും പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചിരുന്നു. ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് പരാതി നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചെങ്കിലും തുടര്‍ നടപടിയുമായി മുന്നോട്ടുപോയില്ല. ലൈഫ് മിഷന് പദ്ധതിയുടെ കരാറുകാരായ യുണിടാക്ക് എം.ഡി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് വാങ്ങി നല്കിയ മൊബൈല്‍ ഫോണുകളില്‍ ഒന്ന് യു.എ.ഇ കോണ്‍സുലേറ്റില്‍ നടത്തിയ നറുക്കെടുപ്പില്‍ അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് ലഭിച്ചതായി പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നു. മുന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പഴ്സണല്‍ സ്റ്റാഫംഗമായിരുന്ന ഇദ്ദേഹം ചുമതയിലുള്ള ഓഫീസിലാണ് തീപിടുത്തമുണ്ടായത്. സെക്രട്ടേറിയറ്റിലെ ഫയലുകള്‍ ഇ-ഫയലുകളാണെന്നും അവ നശിച്ചിട്ടില്ലെന്നുമായിരുന്നു സര്‍ക്കാര്‍ ഭാഷ്യം.
ജീവനക്കാരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അണുവിമുക്തമാക്കി അടച്ചിട്ടിരുന്ന ഓഫീസിലാണ് തീപിടിത്തമുണ്ടായത്. ഫാന്‍ തുടര്‍ച്ചയായി കറങ്ങിയതോടെ ചൂടായി ഉരുകി വീണാണ് തീപിടുത്തമെന്നാണ് അധികൃതര്‍ വിശദീകരിച്ചത്. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനാണ് തീപിടുത്തമുണ്ടായതെന്ന തന്റെ ആരോപണം ശരിവയ്ക്കുന്നതാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പ്രതികരിച്ചു.