INDIANEWS

സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്; വിലക്കുകള്‍ നീങ്ങി

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് കെട്ടിടം ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതിയ്ക്ക് സുപ്രിംകോടതിയുടെ പച്ചക്കൊടി. പദ്ധതി വിലക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജികള്‍ തള്ളിയ സുപ്രിംകോടതി സെന്‍ട്രല്‍ വിസ്ത പദ്ധതിയിക്ക് ആവശ്യമായ എല്ലാ അനുമതികളുമുണ്ടെന്ന് വ്യക്തമാക്കി. എഎം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. സെന്‍ട്രല്‍ വിസ്ത പദ്ധതിയ്ക്ക് നിയമസാധുതയുണ്ടെന്നും അത് നിലനില്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു. പദ്ധതിയ്ക്ക് പാരിസ്ഥിതിക അനുമതി തേടിയ നടപടി ക്രമങ്ങള്‍ ചോദ്യംചെയ്യുന്ന ഹരജികള്‍ ഉള്‍പ്പെടെ മൂന്നംഗ ബെഞ്ച് തള്ളുകയായിരുന്നു. എന്നാല്‍ ഭൂവിനിയോഗത്തില്‍ മാറ്റം വരുത്തുന്ന കാര്യത്തില്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന എതിര്‍പ്പറിയിച്ചു.അതേസമയം എല്ലാ നിര്‍മ്മാണ സ്ഥലങ്ങളിലും പുക ടവറുകള്‍ സ്ഥാപിക്കണമെന്നും ആന്റി സ്മോഗ് ഗണ്ണുകള്‍ ഉപയോഗിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ദില്ലി വികസന അതോറിറ്റി നിയമപ്രകാരം പദ്ധതി നടപ്പാക്കുന്നതില്‍ മറ്റ് തടസങ്ങളില്ലെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സുപ്രിംകോടതി പദ്ധതിയ്ക്ക് പച്ചക്കൊടി വീശിയത്.പുതിയ പാര്‍ലമെന്റ് കെട്ടിടം, പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി, സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് കെട്ടിടം എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് സെന്‍ട്രല്‍ വിസ്ത പദ്ധതി. 2022 ല്‍ പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാകുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. പദ്ധതിയുടെ ശിലാസ്ഥപാനച്ചടങ്ങ് നടത്താന്‍ കേന്ദ്രസര്‍ക്കാരിന് മുന്‍പ് സുപ്രിംകോടതി അനുമതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ മാസം 10ന് പ്രധാനമന്ത്രി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close