INSIGHT

സൈക്കോളജിക്കല്‍ മൂവ് മനസിലാക്കാത്ത ട്രോളര്‍മാരും പാര്‍ട്ടിക്കാരും

പാണ്ഡവരും കൗരവരും ദ്രോണാചാര്യരുടെ കീഴില്‍ ശസ്ത്രവിദ്യ അഭ്യസിക്കുന്ന കാലം. ഒരു ദിവസം പ്രഭാതത്തില്‍ ശിഷ്യന്മാരുമൊത്ത് ദ്രോണാചാര്യര്‍ നദിയില്‍ കുളിക്കാന്‍ പോയി. ശിഷ്യരെ കരയില്‍ നിര്‍ത്തിയ ശേഷം അദ്ദേഹം നദിയിലേക്ക് ഇറങ്ങി പ്രാര്‍ഥിക്കാന്‍ തുടങ്ങി. ഈ സമയത്ത് അദ്ദേഹത്തിന്റെ കാലില്‍ ഒരു മുതല പിടികൂടി. തന്നെ രക്ഷിക്കണമെന്ന് അദ്ദേഹം അലറി വിളിച്ചു. ഗുരുവിന്റെ കരച്ചില്‍ കേട്ട് എന്തുചെയ്യണമെന്ന് അറിയാതെ ശിഷ്യര്‍ പകച്ചു നിന്നു. തുടര്‍ന്ന് കൗരവര്‍ ഓടി രക്ഷപ്പെട്ടു. പാണ്ഡവരില്‍ നാലു പേര്‍ അല്‍പം അകലെ മാറി നിന്നു. എന്നാല്‍ അര്‍ജ്ജുനന്‍ തന്റെ വില്ല് എടുക്കുകയും മുതലയ്ക്ക് നേരേ തുടരെ തുടരെ അമ്പെയ്യുകയും ചെയ്തു. ഇതോടെ മുതല ദ്രോണരുടെ കാലില്‍ നിന്ന് പിടിവിട്ടു. കരയില്‍ എത്തിയ ദ്രോണര്‍ അര്‍ജുനനെ കെട്ടിപ്പിടിച്ചു. ശിക്ഷ അഭ്യസിക്കുന്നതിലല്ല, മറിച്ച് എപ്പോള്‍ എവിടെ പ്രയോഗിക്കണം എന്നതിലാണ് ഒരാളുടെ കഴിവ് ഇരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ സമയം അവിടെ എത്തിയ കൗരവരും പാണ്ഡവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തങ്ങള്‍ ഗുരുവിനെ രക്ഷിക്കാന്‍ ആളെ വിളിക്കാന്‍ പോയതെന്ന് കൗരവര്‍ പറഞ്ഞപ്പോള്‍ പേടിച്ച് ഓടിപ്പോയെന്നാണ് മറ്റ് മൂന്നു പാണ്ഡവര്‍ കളിയാക്കിയത്. ഏതായാലും ഈ കഥ ഇവിടെ പറയാന്‍ ഒരു കാര്യമുണ്ട്. കാരണം. ഇന്ന് ലോകം മുഴുവന്‍ കൊവിഡ് എന്ന മഹാമാരി പടര്‍ന്നു പിടിക്കുകയാണ്. നമ്മുടെ കേരളവും ഈ മഹാമാരിയെ ചെറുക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്. നമ്മുടെ സര്‍ക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഈ ദൗത്യത്തിന്റെ ഭാഗമായി രാവും പകലും കഷ്ടപ്പെടുകയാണ്. സര്‍ക്കാരുദ്യോഗസ്ഥരാണെങ്കില്‍ സ്വന്തം ജീവനും കുടുംബവും മറന്നാണ് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം ആറു മണിക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ ഇന്നത്തെ കോവിഡ് കേസുകളുടെ എണ്ണം കുറവാണെന്ന് കേള്‍ക്കുമ്പോള്‍ ഓരോരുത്തരുടെയും മനസില്‍ ഒരു ആശ്വാസത്തിന്റെ നനുനനുത്ത കാറ്റ് വീശും. എന്നാല്‍ കൂടിയെന്ന് കേട്ടാലോ ഭീതിയുടെ ഉഷ്ണക്കാറ്റ് ആകും ഉണ്ടാകുക. അത്രയ്ക്ക് ആശങ്കയോടെയാണ് ഓരോരുത്തരും ഇന്ന് ഓരോ ദിവസവും തള്ളി നീക്കുന്നത്. പ്രത്യേകിച്ചും ഈ രോഗത്തിന് പ്രതിരോധ മരുന്ന് ഇല്ലെന്ന സത്യം അറിയുന്നതിനാല്‍.
ഇങ്ങനെയുള്ള ഒരു സാഹചര്യത്തില്‍ നമ്മള്‍ ഓരോരുത്തരും ഒറ്റക്കെട്ടായി, ഒരു മെയ്യായി ഒരുമിച്ച് അണിനിരക്കുകയാണ് വേണ്ടത്. അല്ലാതെ രാഷ്ട്രീയത്തിന്റെ മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ ഇരുന്ന് പരസ്പരം ചെളിവാരിയെറിയരുത്. പ്രത്യേകിച്ച് രണ്ടു പേരോട്. ഒന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രമേശ് ചെന്നിത്തലയോടും മറ്റൊന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനോടും. കോവിഡ് ആദ്യം പടര്‍ന്നു പിടിച്ചപ്പോള്‍ എല്ലാദിവസവും വാര്‍ത്താസമ്മേളനം നടത്തിയത് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ടീച്ചറായിരുന്നു. അന്ന് അവര്‍ നടത്തിയ പത്രസമ്മേളനത്തെ പരിഹസിച്ചവരാണ് ഇവര്‍ രണ്ടുപേരും. മന്ത്രിക്ക് മീഡിയ മാനിയ ആണെന്നാണ് ആരോപിച്ചത്. കാര്യങ്ങള്‍ വാര്‍ത്താക്കുറിപ്പാക്കി പുറത്തിറക്കിയാല്‍ പോരെയെന്ന് വരെ ചോദിച്ചു. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കണം. ആ സമയത്ത് ഇന്ത്യയിലോ കേരളത്തിലോ ലോക്ക്ഡൗണ്‍ പോലും പ്രഖ്യാപിച്ചിട്ടില്ല. കാര്യങ്ങള്‍ ഇത്ര ഗൗരവമായിട്ടു പോലുമില്ല. എന്നാല്‍ ഇന്ത്യ മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുമ്പോള്‍ എല്ലാ ജനങ്ങളും വീടിനുള്ളില്‍ ഇരിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ ഇത്ര തിരിക്കിട്ട് ഇരുവരും വാര്‍ത്താസമ്മേളനം നടത്തിയത് എന്തിനാണ്. പ്രത്യേകിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പോലും വാര്‍ത്താ സമ്മേളനം വിഡിയോ കോണ്‍ഫറന്‍സ് വഴിയാക്കിയപ്പോള്‍. രമേശ് ചെന്നിത്തല സ്വന്തം വസതിയിലാണ് വാര്‍ത്താസമ്മേളനം നടത്തിയതെങ്കില്‍ കെ. സുരേന്ദ്രന്‍ ഇതിനായി കോഴിക്കോട് നിന്ന് തിരുവനന്തപുരം വരെ യാത്ര ചെയ്ത് എത്തി. ഇതിനായി പ്രത്യേക അനുവാദവും വാങ്ങി. ഇവരുടെ പാര്‍ട്ടിയാണ് കേന്ദ്രം ഭരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എല്ലാവരും എവിടെയാണ് ഉള്ളത് അവിടെ തന്നെ കഴിയാന്‍ ആഹ്വാനം ചെയ്തത്. അങ്ങനെയുള്ളപ്പോഴാണ് സുരേന്ദ്രന്റെ ഓരോ ലീലാവിലാസങ്ങള്‍ അരങ്ങേറുന്നത്. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വേണ്ടിയാണ് ഇദ്ദേഹം തിരുവനന്തപുരത്ത് എത്തിയതെന്നാണ് ബിജെപി നല്‍കിയ വിശദീകരണം. ലോക്ഡൗണ്‍ കാലത്ത് എന്ത് പാര്‍ട്ടി പ്രവര്‍ത്തനം എന്നു മാത്രം മനസിലായില്ല. കാറില്‍ ഡ്രൈവറെ കൂടാതെ ഒരാള്‍ മാത്രമേ പാടുള്ളൂവെന്ന നിര്‍ദേശം നിലനില്‍ക്കെ അദ്ദേഹം സഞ്ചരിച്ച കാറില്‍ നാലു പേരാണ് ഉണ്ടായിരുന്നത്. അതോ ഇനി കോവിഡിന് ഇദ്ദേഹത്തെ ഭയമാണോയെന്ന് അറിയില്ല. ഇനി ചെന്നിത്തലയിലേക്ക് വരാം. അദ്ദേഹം പ്രതിപക്ഷ നേതാവാണ്. അതായത് ഒരു ക്യാബിനറ്റ് മന്ത്രിയുടെ അധികാരമുള്ള ആള്‍. തനിക്ക് വാര്‍ത്താസമ്മേളനം നടത്താന്‍ വിഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം വേണമെന്ന് ആവശ്യപ്പെട്ടാല്‍ ഒരിക്കലും സര്‍ക്കാരിന് നിഷേധിക്കാന്‍ കഴിയില്ല. അങ്ങനെ ഒരു സാഹചര്യം ഉള്ളപ്പോള്‍ ഇത്രയും മാധ്യമപ്രവര്‍ത്തകരെ എന്തിനാണ് സ്വവസതിയില്‍ വിളിച്ചുവരുത്തിയത്. ചുരുക്കി പറഞ്ഞാല്‍ ഇവര്‍ക്കല്ലെ മീഡിയ മാനിയ. എന്തോ ഒന്നും മനസിലാകുന്നില്ല.
കേരളത്തില്‍ കോവിഡ് എതാണ്ട് ഒതുങ്ങിയെന്ന് കേട്ടപ്പോള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മാളങ്ങളില്‍ നിന്ന് നിരവധി അപസ്വരങ്ങള്‍ കേട്ടു തുടങ്ങിയിരിക്കുന്നു. ഇത് എല്ലാം തന്നെ വിമര്‍ശങ്ങളും ഉപദേശങ്ങളും അടങ്ങിയതാണെന്ന് മാത്രം. ഇത്രയും ദിവസം ഇവര്‍ എവിടെയായിരുന്നുവെന്ന് മാത്രം അറിയില്ല. മുഖ്യമന്ത്രി അധികമായി ഒന്നു തുമ്മിയാല്‍ പോലും സോഷ്യല്‍മീഡിയകള്‍ വഴി പ്രതികരിച്ചിരുന്നവരെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാണാനില്ലാത്ത അവസ്ഥയായിരുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥനായ ഒരാളുണ്ടായിരുന്നു. മറ്റാരുമല്ല. കാസര്‍ഗോഡ് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍. കര്‍ണാടകം അതിര്‍ത്തി അടച്ചതു മുതല്‍ കാസര്‍ഗോട്ടെ ജനങ്ങള്‍ ചികിത്സകിട്ടാതെ മരിച്ചുവീഴാന്‍ തുടങ്ങി. കര്‍ണാടകത്തില്‍ ബിജെപി ഭരിക്കുന്നതിനാല്‍ ഇവിടുത്തെ ബിജെപി നേതാക്കള്‍ വാമൂടിക്കെട്ടി മൗനവ്രതത്തിലായി. അമെരിക്കയും ഇറാനും തമ്മിലുള്ള പ്രശ്നത്തില്‍ പോലും പ്രതികരിക്കുന്ന സിപിഎം സഖാക്ക•ാരെയും എങ്ങും കണ്ടില്ല. കോണ്‍ഗ്രസും പ്രതികരണ ശേഷിയില്ലാത്തെ നിലകൊണ്ടു. സര്‍ക്കാര്‍ തലത്തില്‍ യാതൊന്നും നടക്കില്ലെന്ന് ഉറപ്പായതോടെ രാജ്മോഹന്‍ ഉണ്ണിത്താന്‍ ചങ്കൂറ്റത്തോടെ രംഗത്തിറങ്ങി. നേരേ കോടതിയിലേക്ക്. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അദ്ദേഹം വിജയം സ്വന്തമാക്കി. കര്‍ണാടകത്തെ മുട്ടുകുത്തിച്ചതിന്റെ പരിപൂര്‍ണ നേട്ടവും രാജ്മോഹന്‍ ഉണ്ണിത്താന് അവകാശപ്പെട്ടതാണ്. അദ്ദേഹം ആയതു കൊണ്ടായിരിക്കാം കോണ്‍ഗ്രസ് നേതാക്കള്‍ ഇത് കാര്യമായി ആഘോഷിച്ചില്ല. ഏതായാലും വാക്കുകള്‍ക്കപ്പുറത്തിന് ഇദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തനം കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. അതുകൊണ്ട് അദ്ദേഹത്തെ ഹൃദയംഗമമായി അഭിനന്ദിക്കുന്നു. ഒരു കാര്യം കൂടി പറഞ്ഞ ശേഷം അവസാനിപ്പിക്കട്ടെ. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ആഹ്വാനം നടത്തി. ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് എല്ലാവരും തങ്ങളുടെ വീട്ടിലെ ലൈറ്റുകള്‍ അണച്ച ശേഷം വിളക്ക് കത്തിക്കണമെന്ന്. അന്ധകാരത്തെ പ്രകാശം കൊണ്ട് ഓടിക്കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. ഇനി വിളക്ക് ഇല്ലെങ്കില്‍ മെഴുകുതിരി, ടോര്‍ച്ച്, മൊബൈല്‍ ടോര്‍ച്ച് എന്തായാലും മതി. ഇതോടെ പ്രത്യേകിച്ച് എന്ത് ചെയ്യണമെന്ന് അറിയാതെ ഇരിക്കുന്ന നമ്മുടെ ട്രോളര്‍മാര്‍ രംഗത്തിറങ്ങി. കൊറോണയെ കത്തിക്കാന്‍ പോകുന്നു. ഇരുട്ടില്‍ കണ്ണുകാണാത്ത കൊറോണയെ വെളിച്ചം പുറത്ത് എത്തിക്കും. അങ്ങനെ പോയി ട്രോളുകള്‍. ചിലര്‍ പറഞ്ഞു. പ്രകാശം പരത്തിയതുകൊണ്ട് മാത്രം കാര്യമില്ല. പണമാണ് ഇപ്പോള്‍ ആവശ്യമെന്ന്. എന്നാല്‍ ജനതാ കര്‍ഫ്യൂ സമയത്ത് കൈകൊട്ടാനും കഴിഞ്ഞ ദിവസം വിളക്ക് കൊളുത്താനും പ്രധാനമന്ത്രി പറഞ്ഞതിന് പിന്നിലെ മനശാസ്ത്രം പോലും മനസിലാക്കാന്‍ കഴിയാത്തവരാണല്ലോ ഇവിടെ ജീവിക്കുന്നത്. പണ്ടുകാലത്ത് ഒരു കാര്യം നടപ്പാക്കാന്‍ അതിനെ ആചാരത്തെയും വിശ്വാസത്തെയും കൂട്ടുപിടിക്കുമായിരുന്നു. ദൈവത്തെ ഭയന്ന് അന്ന് ആ ജനത അത് മുടക്കം കൂടാതെ നടപ്പാക്കിപ്പോന്നു. ആ ജനത തന്നെയാണ് ഇന്നും ഇന്ത്യയില്‍ അധിവസിക്കുന്നത്. യാതൊരു മാറ്റവും വന്നിട്ടില്ല. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും നടപ്പാക്കുന്ന നിയന്ത്രണങ്ങള്‍ എല്ലാ ജനങ്ങളിലും എത്തുന്നുണ്ടോയെന്നതിന്റെ പരിശോധന മാത്രമാണ് ഇത്തരം നടപടികള്‍. ഒപ്പം ജനങ്ങള്‍ എത്ര മാത്രം ഭയചകിതരാണെന്നും അവര്‍ ഇതിനെ ഗൗരവത്തോടെയാണോ കാണുന്നതെന്നുമുള്ള ഒരു പരിശോധന കൂടിയാണിത്. അതിന് പ്രധാനമന്ത്രി ഭാരതീയ ആചാരങ്ങളെ കൂട്ടുപിടിച്ചുവെന്ന് മാത്രം. കോവിഡില്‍ ജനങ്ങള്‍ ഒറ്റക്കെട്ടാണെന്നും ഇതില്‍ ജാതി മത രാഷ്ട്രീയ വിവേചനം ഇല്ലെന്നും അദ്ദേഹത്തിന് ബോധ്യമായി. ചുരുക്കി പറഞ്ഞാല്‍ ഒരു സൈക്കോളജിക്കല്‍ മൂവ്. എന്നാല്‍ അദ്ദേഹം ഉദ്ദേശിച്ചത് ഇവിടുത്തെ ജനങ്ങള്‍ക്ക് മനസിലായില്ലെന്ന് മാത്രം. ഇനി എന്നാണോ ഇവര്‍ മനസിലാക്കുക. ഏതായാലും കൂടുതല്‍ വിശകലനങ്ങളുമായി അടുത്തവാരം എത്താം. കോവിഡ് ബാധിച്ചില്ലെങ്കില്‍.

Tags
Show More

Related Articles

Back to top button
Close