സൈന്യം തടവിലാക്കിയ മാലി പ്രസിഡന്റ് ഇബ്രാഹിം ബൗബകര്‍ കെയ്റ്റ രാജിവെച്ചു

ബമാകോ: മാസങ്ങളോളം നീണ്ട രാഷ്ട്രീയ പ്രതിസന്ധിക്കും അട്ടിമറി ശ്രമങ്ങള്‍ക്കുമൊടുവില്‍ സൈന്യം തടവിലാക്കിയ മാലി പ്രസിഡന്റ് ഇബ്രാഹിം ബൗബകര്‍ കെയ്റ്റ രാജിവെച്ചു. ഒരു രക്തച്ചൊരിച്ചില്‍ ഒഴിവാക്കുന്നതിനായാണ് താന്‍ രാജിവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ത്.അര്‍ധരാത്രിയോടെ ഔദ്യോഗിക ടെലിവിഷനിലൂടെയാണ് കെയ്റ്റ രാജി പ്രഖ്യാപിച്ചത്. സര്‍ക്കാറിനെയും ദേശീയ അസംബ്ലിയെയും പിരിച്ചുവിട്ടതായും രാജിവെക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് വന്‍ ജനക്കൂട്ടം തെരുവിലിറങ്ങിയിരുന്നു. ഭരണഘടനാവിരുദ്ധമായ അധികാര കൈമാറ്റം നടക്കുന്നതിനെതിരെ ഫ്രാന്‍സും യൂറോപ്യന്‍ യൂണിയനും മാലിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉപാധികളില്ലാതെ എത്രയും വേഗം കെയ്റ്റയെ വിട്ടയക്കണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. വിഷയത്തില്‍ സുരക്ഷാ സമിതി ബുധനാഴ്ച അടിയന്തര യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.