
പാലക്കാട്: പശ്ചിമഘട്ട സൈലന്റ് വാലി മലനിരകളില്‍ വീണ്ടും ചന്ദനമോഷണം. തിരുവഴാംകുന്ന് ഭാഗത്തുനിന്ന് കടത്തിയ 121 കിലോ ചന്ദനത്തടിയും വേരുകളുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.ഫ്ളൈയിങ് സ്ക്വാഡ് റെയിഞ്ച് ഓഫിസര്‍ ജി അഭിലാഷ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ പ് ദിലീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് ചന്ദനക്കടത്ത് പിടികൂടിയത്.
ഓട്ടോറിക്ഷയിലും മോട്ടോര്‍ സൈക്കിളിലുമായി കടത്താനുള്ള ശ്രമത്തിനിടെ മണ്ണാര്‍ക്കാട് ചെത്തല്ലൂരിലാണ് സംഘം പിടിയിലായത്. ചെത്തല്ലൂര്‍ ആണക്കുഴി വീട്ടില്‍ പ്രകാശന്(45), രവി (36), ശിവദാസന്‍(45) എന്നിവരാണ് അറസ്റ്റിലായത്. ചന്ദനം കടത്താനുപയോഗിച്ച ഓട്ടോറിക്ഷയും മോട്ടോര്‍ സൈക്കിളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സൈലന്റ് വാലി മലനിരകളില്‍ തമിഴ്നാട് അതിര്‍ത്തികളില്‍ ചന്ദനമരങ്ങള്‍ വളര്‍ന്ന് പാകമായതാണ് ചന്ദനക്കടത്തുസംഘങ്ങളെ വീണ്ടും സജീവമാകുന്നതിന് കാരണമായത്.