സോളാര്‍ കേസ് എങ്ങുമെത്തിയില്ല , തന്റെ മാനവും പണവും നഷ്ടമായി: സോളാര്‍ കേസ് ആദ്യ പരാതിക്കാരന്

തിരുവനന്തപുരം: സോളാര്‍ കേസ് എങ്ങുമെത്തിയില്ല , തന്റെ മാനവും പണവും അതിലൂടെ നഷ്ടമായി എന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആദ്യ പരാതിക്കാരനായ പെരുമ്പാവൂര്‍ സ്വദേശി സജാദിന്. കേസില്‍ പ്രധാന പ്രതികളെല്ലാം കുറ്റവിമുക്തരായി. നഷ്ടപ്പെട്ട നാല്പത് ലക്ഷം കിട്ടില്ലെന്നുറപ്പായതോടെ സജാദും തുടര്‍ നിയമ നടപടികള്‍ ഉപേക്ഷിച്ചു.സോളാര്‍ക്കേസിന് പിറകേ പിന്നാലെ പോയതോടെ 40 ലക്ഷം മാത്രമല്ല മാനവും പോയെന്നാണ് പെരുമ്പാവൂര്‍ സ്വദേശി സജാദ് പറയുന്നത്. സോളാര്‍ പവര്‍ പ്ലാന്റെന്ന സരിതയുടെയും ബിജു രാധാകൃഷ്ണന്റെയും വാഗ്ദാനത്തില്‍ 2012ല്‍ നാല്പതുലക്ഷമാണ് നിക്ഷേപിച്ചത്. മുന്‍ മുഖ്യമന്ത്രിയുടെ പേരുപറഞ്ഞാണ് പ്രതികള്‍ തന്നെ സമീപിച്ചതെന്ന് പൊലീസിനോട് പറഞ്ഞതോടെ അവരും ഉരുണ്ടുകളിച്ചു. ഒടുവില്‍ പരാതി നല്കി ആറുമാസത്തിനുശേഷം 2013 ജൂണില്‍ എഫ്ഐആര്‍ ഇട്ടു. ഇതായിരുന്നു ആദ്യ സോളാര്ക്കേസ്പക്ഷേ അന്നുമുതല്‍ ഇന്നുവരെ താന്‍ വഞ്ചിക്കപ്പെട്ടെന്നാണ് സജാദ് പറയുന്നത്. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം 2016 ഡിസംബറിലാണ് കേസില്‍ വിധിയുണ്ടായത്. പൊലീസ് ചുമത്തിയ 9 കുറ്റങ്ങളില്‍ എട്ടും വിചാരണ വേളയില്‍ തളളി. വഞ്ചനാക്കുറ്റത്തിന് മാത്രം ബിജുവും സരിതയും കുറ്റക്കാര്‍. മൂന്നുവര്‍ഷത്തേക്ക് ശിക്ഷിച്ചു. കോടതിയില്‍ നിന്ന് ജാമ്യവും നോടി പ്രതികള്‍ പോയി. ഒടുവില്‍ മേല്‍ക്കോടതിയില്‍ എത്തി കുറ്റവിമുക്തരായി. പണം തിരിച്ചുകിട്ടില്ലെന്നുറപ്പായതോടെ നിയമപോരാട്ടം ഉപേക്ഷിച്ചു.കേസ് നടത്തിപ്പ് മൊത്തത്തില്‍ അട്ടിമറിക്കപ്പെട്ടെന്നാണ് സജാദ് ആരോപിക്കുന്നത്. പ്രതികള്‍ക്കെതിരായ നിര്‍ണായകമായ കേസ് രേഖകളടക്കം ഇല്ലാതായി. പലതും കോടതി മുറിയില്‍ പോലും എത്തിയില്ല. അജ്ഞാതമായ വിവിധ അക്കൗണ്ടില്‍ നിന്ന് തനിക്ക് 7.50 ലക്ഷം രൂപയെത്തി. നിയമപോരാട്ടം നടത്തിയിട്ടും നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടില്ലെന്ന് ഉറപ്പായതോടെയാണ് പിന്‍വാങ്ങിയതെന്നും സജാദ് പറയുന്നു. എന്നാല്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നാണ് അന്നത്തെ പ്രത്യേക അന്വേഷണസംഘം പറയുന്നത്.