INSIGHTTrending

സോവിയറ്റ് യൂണിയനിൽ നിന്നും മലയാളത്തിൽ വാർത്തകൾ വായിച്ചത് ഒന്നര പതിറ്റാണ്ടോളം; ജന്മനാട്ടിൽ പോലും മോസ്കോ എന്ന മേൽവിലാസത്തിൽ അറിയപ്പെട്ട സഖാവ്; മോസ്കോ ദാസൻ ഓർമ്മയാകുമ്പോൾ അറ്റുപോകുന്നത് രണ്ട് സംസ്കാരങ്ങളെ വാക്കുകളിലൂടെ കോർത്തിണക്കിയിരുന്ന ശക്തമായ കണ്ണി

കോട്ടയം: സോവിയറ്റ് യൂണിയനിലെ മോസ്കോ റേഡിയോയിലെ വാർ‌ത്താ അവതാരകനായിരുന്ന കെ കെ ദാസൻ ഓർമ്മയാകുമ്പോൾ അറ്റുപോകുന്നത് രണ്ട് സംസ്കാരങ്ങളെ വാക്കുകളിലൂടെ കോർത്തിണക്കിയിരുന്ന ശക്തമായ ഒരു കണ്ണി. സോവിയറ്റ് യൂണിയന്റെ പ്രതാപ കാലത്താണ് കോട്ടയം ജില്ലയിലെ വൈക്കത്ത് വെള്ളൂർ ചിത്രംപള്ളിൽ കെ കെ ദാസൻ എന്ന യുവാവ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തനം ആരംഭിക്കുന്നത്. കോട്ടയം ജില്ലയിൽ യുവജന ഫെഡറേഷന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് നിൽക്കുമ്പോഴാണ് കമ്മ്യൂണിസ്റ്റ് പാർട്ടി കെ കെ ദാസനെ സോവിയറ്റ് യൂണിയനിലേക്ക് അയക്കുന്നത്. അത് ഒരു വഴിത്തിരിവായിരുന്നു. സഖാവ് കെ കെ ദാസനിൽ നിന്നും മോസ്കോ ദാസനിലേക്കുള്ള യാത്രയുടെ തുടക്കമായിരുന്നു അത്.

ഇന്നത്തെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ചിത്രഭാനു, ടി പി ജോർജ്ജ്, കെ കെ ദാസൻ എന്നിവരായിരുന്നു കോട്ടയത്തെ അന്നതെ വൈഎഫ് പ്രവർത്തകർ. ഇവരിൽ ആദ്യം സോവിയറ്റ് യൂണിയനിൽ പോയി കമ്മ്യൂണിസം പഠിക്കാൻ അവസരം ലഭിച്ചത് ജോർജ്ജിനായിരുന്നു. അതിന് പിന്നാലെ കെ കെ ദാസനും സോവിയറ്റ് യൂണിയനിൽ പോകാൻ പാർട്ടി നിർദ്ദേശിച്ചു. അതോടെ ദാസൻ മോസ്കോയിലേക്ക് തിരിച്ചു. മോസ്കോയിൽ പഠനവും ചർച്ചകളും യാത്രകളുമായി ജീവിതം മുന്നോട്ട് പോകവേ പെട്ടെന്നൊരു നാൾ സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസ്റ്റ് പാർട്ടി തങ്ങളുടെ റേഡിയോയിൽ മലയാളം വാർത്ത വായിക്കാൻ ഒരു മലയാളിയെ തേടിയത്.

അന്ന് മോസ്കോ റേഡിയോയിൽ നിന്നും 14 ഇന്ത്യൻ ഭാഷകളിൽ വാർത്തകൾ പ്രക്ഷേപണം ചെയ്തിരുന്നു. അതിലൊന്നായിരുന്നു മലയാളം. അക്കാലത്ത് മോസ്കോ റേഡിയോയിൽ മലയാളം വാർത്തകൾ വായിച്ചിരുന്നത് ചന്ദ്രൻ എന്ന സഖാവായിരുന്നു. പെട്ടെന്നൊരു ദിവസം ചന്ദ്രൻ മരിച്ചതോടെ മോസ്കോ റേഡിയോയിൽ മലയാളം വാർത്ത വായിക്കാൻ ആളില്ലാതായി. ഇതോടെയാണ് സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിലെ സിപിഐ നേതാക്കളുമായി ബന്ധപ്പെടുന്നത്. അതോടെ, സോവിയറ്റ് യൂണിയന്റെ റേഡിയോയിൽ മലയാളം വാർത്ത വായിക്കാനായി കെ കെ ദാസനെ സിപിഐ നിയോ​ഗിക്കുകയായിരുന്നു.

Radio Moscow - Wikipedia

1972ലാണ് സിപിഐ കെ കെ ദാസനെ സോവിയറ്റ് യൂണിയനിലേക്ക് അയക്കുന്നത്. അവിടെ ചെന്ന ദാസൻ റഷ്യൻ ഭാഷ വളരെ പെട്ടെന്ന് പഠിച്ചെടുത്തു. റഷ്യൻ ഭാഷയും ഇം​ഗ്ലീഷും മലയാളവും അറിയാമായിരുന്ന ദാസൻ അങ്ങനെ മോസ്കോ റേഡിയോയുടെ ഭാ​ഗമായി. വൈക്കത്തുകാരൻ ദാസൻ വൈക്കത്ത് പോലും മോസ്കോ ദാസനായി മാറി.

വൈകിട്ട് നാല് മണിക്കും അഞ്ച് മണിക്കുമായിരുന്നു മോസ്കോയിൽ നിന്നും മലയാളം വാർത്തകൾ സംപ്രേക്ഷണം ചെയ്തിരുന്നത്. പതിനഞ്ച് മിനിറ്റ് മാത്രം കൊണ്ട് ലോക കാര്യങ്ങളും സോവിയറ്റ് യൂണിയന്റെ വിശേഷങ്ങളും അദ്ദേഹം മലയാളികൾക്കായി വിവരിച്ചു. അന്ന് ദാസന്റെ വാർത്തകൾ കേട്ടിരുന്ന ചങ്ങനാശ്ശേരിക്കാരി ശാന്തി പിന്നീട് മോസ്കോ ദാസന്റെ ജീവിത സഖിയായി മോസ്കോയിലെത്തി. സോവിയറ്റ് യൂണിയന്റെ പ്രതാപകാലത്ത് ആ ദമ്പതികൾ മോസ്കോയിൽ സോഷ്യലിസ്റ്റ് സമൂഹത്തിന്റെ എല്ലാവിധ സുഖസൗകര്യങ്ങളും അനുഭവിച്ച് കഴിഞ്ഞു.

അവർക്ക് അവിടെ വെച്ചൊരു പെൺകുഞ്ഞ് ജനിച്ചു- നദാഷ. കാലം മുന്നോട്ട് പോകവെ പ്രതിവിപ്ലവത്തിൽ സോവിയറ്റ് യൂണിയൻ ഛിന്നഭിന്നമായി. റഷ്യയുടെ സമ്പദ് വ്യവസ്ഥയും തകർന്നടിഞ്ഞു. മോസ്കോ റേഡിയോയെയും ആ പ്രതിസന്ധി ബാധിച്ചു. അങ്ങനെ ലോകത്തെ വിവിധ ഭാഷകളിലുള്ള വാർത്താപ്രക്ഷേപണം നിർത്തിവെക്കാൻ മോസ്കോ റേഡിയോ തീരുമാനിച്ചു. മോസ്കോ ദാസന് ജോലിയും മോസ്കോയും വിടേണ്ടി വന്നു.

പേരിന് മുന്നിൽ മോസ്കോ എന്ന മേൽവിലാസവും കയ്യിൽ മൂന്നുവയസ് പ്രായമുള്ള നദാഷയെ എടുത്ത ശാന്തിയേയും കൂട്ടി ജന്മനട്ടിൽ തിരിച്ചെത്തിയ ദാസന് ആദയമൊന്ന് കാലിടറി. കൈവെച്ച മേഖലകളിലെല്ലാം പരാജയം. ബിസിനസ് ഉപേക്ഷിച്ച് എൽഐസി ഏജന്റായി.

അതിനിടയിൽ രണ്ടാമത്തെ മകളുടെ ജനനം. രണ്ടാമത്തെ കുഞ്ഞിന് മാനസി എന്നും പേര് നൽകി. രണ്ട് പെൺമക്കൾക്കും മോസ്കോ ദാസൻ നല്ല വിദ്യാഭ്യാസം നൽകി. മൂത്തവൾ ബി.എസ്.സി നഴ്സായി ലണ്ടനിൽ. ഇളയവൾ എഞ്ചിനീയറായി ​ഗൾഫിലും. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ ശ്രമിക്കുമ്പോഴും ദാസൻ ഒരിക്കലും പാർട്ടിയുടെ സഹായം തേടിയില്ല. എന്നും അടിയുറച്ച പാർട്ടിക്കാരനായി തന്നെ പഴയ തലമുറ സഖാക്കളോടും പുതുതലമുറ സഖാക്കളോടും ദാസൻ ഇടപഴകി. ഇതിനിടയിലാണ് ദാസന് സ്ട്രോക്ക് വരുന്നത്. മൂന്നാമത്തെ പിന്നീട് കിടപ്പിലായി. അപ്പോഴും ജോർജ്ജ് ഉൾപ്പെടെയുള്ള പഴയ സഖാക്കളും പുതിയ പ്രവർത്തകരും മോസ്കോ ദാസന്റെ വിവരങ്ങൾ തേടി എത്തി.

കിടപ്പിലായ ദാസനെ പെൺമക്കൾ മാറിമറി വന്നുനിന്നാണ് പരിചരിച്ചത്. ഒരുപക്ഷേ മറ്റാർക്കും കിട്ടാത്ത സൗഭാ​ഗ്യമാണത് എന്ന് ദാസന്റെ പഴയ സഖാവായ ടി പി ജോർജ്ജ് മീഡിയ മം​ഗളത്തോട് പറഞ്ഞു. ആരോടും ദേഷ്യപ്പെടുകയോ പിണങ്ങുകയോ ചെയ്യാത്ത മനുഷ്യനായിരുന്നു മോസ്കോ ദാസൻ. സോവിയറ്റ് യൂണിയന്റെയും കേരളത്തിലെ സിപിഐയുടെയും പ്രതാപം നേരിൽ കാണാൻ ഭാ​ഗ്യം സിദ്ധിച്ച മനുഷ്യനായിരുന്നു അദ്ദേഹം. ഒരുപക്ഷേ കേരള രാഷ്ട്രീയം ഒരുപാട് കേൾക്കുകയും എന്നാൽ, വേണ്ടരീതിയിൽ ഉപയോ​ഗിക്കാതെ പോകുകയും ചെയ്ത ശബ്ദമാണ് കഴിഞ്ഞ ദിവസം നിലച്ചത്. നാളെയാണ് മോസ്കോ ദാസന്റെ സംസ്കാര ചടങ്ങുകൾ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close