Breaking NewsKERALANEWSTop News

സ്കൂളുകളും പൂട്ടി, കുട്ടികൾ ഫീസും നൽകുന്നില്ല; നിത്യവൃത്തിക്ക് ​ഗതിയില്ലാതെ അഭ്യസ്തവിദ്യരായ പതിനായിരങ്ങൾ; കേരളത്തിലെ അൺ എയ്ഡഡ് സ്കൂൾ അധ്യാപകരുടെ അവസ്ഥ പരമദയനീയം

കോട്ടയം: കോവിഡ് മഹാമാരിയും ലോക് ഡൗണും വഴിയാധാരമാക്കിയത് പതിനായിരക്കണക്കിന് വരുന്ന അൺ എയ്ഡഡ് സ്കൂൾ അധ്യാപകരെ. റ​ഗുലർ ക്ലാസുകൾ ഇല്ലാതായതോടെ വിദ്യർത്ഥികൾ ഫീസ് നൽകാത്തതിനാൽ ആയിരക്കണക്കിന് അധ്യാപകർക്കാണ് വരുമാനം നിലച്ചത്. ഓൺലൈൻ ക്ലാസുകൾ എടുക്കുന്ന അധ്യാപകർക്ക് ചില സ്കൂളുകൾ പകുതി ശമ്പളം നൽകുന്നുണ്ട്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് വിദ്യാർത്ഥികളുടെ ഫീസ് പകുതിയായി കുറച്ചിട്ടും പലർക്കും ഫീസ് അടയ്ക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് അൺ എയ്ഡഡ് സ്കൂളുകൾ വലിയ പ്രതിസന്ധിയിലായിരിക്കുന്നത്. തങ്ങളുടെ ദുരിതം സർക്കാർ കാണണമെന്നും അടിയന്തിര സാമ്പത്തിക പാക്കേജ് ഈ മേഖലയിൽ പ്രഖ്യാപിക്കണമെന്നുമാണ് അധ്യാപകർ ആവശ്യപ്പെടുന്നത്.

കേരളത്തിൽ സംസ്ഥാന സർക്കാർ‌ സിലബസ് പഠിപ്പിക്കുന്ന ആയിരത്തിലേറെ അം​ഗീകൃത സ്കൂളുകളാണ് അൺ എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്നത്. സംസ്ഥാന സർക്കാർ സിലബസ് പഠിപ്പിക്കുകയും എന്നാൽ, സർക്കാരിൽ നിന്നും യാതൊരു സഹായവും ലഭിക്കാത്ത സ്കൂളുകളാണ് ഇവ. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ ഇതിലും ഏറെവരും. കുട്ടികളിൽ നിന്നും ഫീസ് വാങ്ങി അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും ശമ്പളം നൽകുന്നതാണ് ഇത്തരം സ്കൂളുകളുടെ രീതി. അം​ഗീകൃത സ്കൂളുകളിൽ ഭൂരിപക്ഷവും ചാരിറ്റബിൾ സൊസൈറ്റികളോ അനാഥാലയങ്ങളോ മറ്റ് സന്നദ്ധ സംഘടനകളോ നടത്തുന്നവയാണ്. ഒരു ലാഭകരമായ മേഖല എന്നതിനപ്പുറം മൂല്ല്യാധിഷ്ഠിത വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ് ഇത്തരം സ്ഥാപനങ്ങൾ ചെയ്യുന്നത്.

സർക്കാർ – എയ്ഡഡ് സ്കൂളുകളിൽ പഠിപ്പിക്കുന്ന അതേ വിദ്യാഭ്യാസ യോ​ഗ്യതയുള്ള അധ്യാപകരാണ് അൺ എയ്ഡഡ് സ്കൂളുകളിലും പഠിപ്പിക്കുന്നത്. പലരും പി.എസ്. സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടും ജോലി ലഭിക്കാതെ പോയവരും. അങ്ങനെയുള്ള അഭ്യസ്ഥ വിദ്യരായ ആളുകൾ കഴിഞ്ഞ 15 മാസത്തോളമായി വരുമാനം ഏതാണ്ട് നിലച്ച രീതിയിലാണ്.

കോവിഡ് പ്രതിസന്ധി രൂപപ്പെടുന്നതിന് മുമ്പ് മാന്യമായ ശമ്പളം ലഭിക്കുമായിരുന്നു എന്നതിനാൽ സമൂഹത്തിൽ മെച്ചപ്പെട്ട ജീവിതം നയിക്കുവാൻ അൺ എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർക്കും കഴിഞ്ഞിരുന്നു. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾക്കായി പലരും ഭവന വായ്പയും വാഹന വായ്പയും മറ്റും എടുത്തിരുന്നെങ്കിലും അപ്രതീക്ഷിത സാമ്പത്തിക ക്ലേശം വന്നതോടെ തിരിച്ചടവുകൾ എല്ലാം മുടങ്ങി. ഇപ്പോൾ നിത്യവൃത്തിക്ക് പോലും ​ഗതിയില്ലാത്ത സാഹചര്യത്തിലാണ് ഈ മേഖലയിലെ അധ്യാപകർ.

അധ്യാപകർ മാത്രമല്ല, സ്കൂളിലെ അനധ്യാപക ജീവനക്കാരും സ്കൂൾ ബസുകളിലെ ജീവനക്കാരും ഉൾപ്പെടെ തൊഴിൽ നഷ്ടപ്പെട്ട അവസ്ഥയിലാണ്. സ്കൂളുകൾ അടച്ചിട്ടതോടെ സ്കൂൾ ബസുകൾ തന്നെ ഓടേണ്ട ആവശ്യമില്ലാതായി. ആയമാർക്കും ക്ലീനിം​ഗ് സ്റ്റാഫിനും സ്കൂളിൽ വരേണ്ട കാര്യമില്ല. അതോടെ തൊഴിൽ‌ അവസരം തന്നെ നഷ്ടപ്പെട്ട അവസ്ഥയിലാണ് ഇത്തരക്കാർ. സ്കൂൾ മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന മറ്റ് ആളുകളുടെയും സ്ഥിതി വ്യത്യസ്തമല്ല.

മറ്റ് മേഖലകളിലെ ആളുകൾക്ക് സർക്കാർ ധനസഹായം നൽകുകയും പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്യുമ്പോൾ തങ്ങളെ സർക്കാർ- എയ്ഡഡ് സ്കൂൾ അധ്യാപകർക്കൊപ്പം ചേർത്ത് പറയുകയാണ് ചെയ്യുന്നതെന്ന് അൺ എയ്ഡഡ് സ്കൂൾ അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. ഇതിന് മാറ്റമുണ്ടാകണം. തങ്ങൾ നിത്യവൃത്തി കഴിയാൻ ബുദ്ധിമുട്ടുകയാണ്. അതിനിടയിൽ‌ സർക്കാർ നയങ്ങൾ മൂലം പല സ്കൂളുകളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. തങ്ങളുടെ തൊഴിൽ നഷടമകുന്ന സാഹചര്യം ഒഴിവക്കാൻ സർക്കാർ തലത്തിൽ നടപടി വേണമെന്നാണ് അധ്യാപകർ ആവശ്യപ്പെടുന്നത്.

മാനേജ്മെന്റുകൾ നിസ്സഹായർ: ആനന്ദ് കണ്ണശ

അൺ എയ്ഡഡ് മേഖലയിൽ ജോലി ചെയ്യുന്ന ആളുകൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു എന്നത് സത്യമാണെങ്കിലും മാനേജ്മെന്റുകൾ നിസ്സഹായരാണെന്ന് കേരള അം​ഗീകൃത സ്കൂൾ മാനേജമന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആനന്ദ് കണ്ണശ പറഞ്ഞു. കുട്ടികൾ നൽകുന്ന ഫീസ് മാത്രമാണ് ഈ മേഖലയുടെ ഏക വരുമാന മാർ​ഗം. സ്കൂളുകൾ തുറക്കാതായതോടെ ഫീസ് ഇളവ് നൽകേണ്ടി വന്നു. അം​ഗീകൃത സ്കൂളുകളിൽ പഠിക്കാനെത്തുന്നത് സാധാരണക്കാരന്റെ മക്കളാണ്. അവരുടെ വരുമാനം നിലച്ചതോടെ ഫീസ് അടയ്ക്കാൻ മാർ​ഗമില്ലാതായി. ഇപ്പോഴും അവർ കുട്ടികളെ ഇത്തരം സ്കൂളുകളിൽ തന്നെ നിലനിർത്തുന്നത് ഈ സാഹചര്യങ്ങൾ മാറുമ്പോൾ കുട്ടികൾക്ക് ക്വാളിറ്റി എജ്യൂക്കേഷൻ കിട്ടണം എന്ന നിർബന്ധമുള്ളതിനാലാണ്.

അധ്യാപകരെയും മറ്റ് ജീവനക്കാരെയും തങ്ങളാൽ കഴിയുന്നപോലെ പലപ്പോഴും സഹായിക്കാറുണ്ടെങ്കിലും അവ ഫലപ്രദമല്ല എന്നും ആനന്ദ് കണ്ണശ ചൂണ്ടിക്കാട്ടുന്നു. കോടികൾ ലാഭം കൊയ്തിരുന്ന സ്കൂളുകളല്ല ഈ മേഖലയിലുള്ളത്. ചെറിയ ഫീസ് വാങ്ങി ജീവനക്കാർക്ക് ശമ്പളം നൽകി നടത്തിക്കൊണ്ടുപോകുന്ന സംവിധാനങ്ങളായിരുന്നു. ഏറെയും അനാഥാലയങ്ങളുടെയും ചാരിറ്റബിൾ ട്രസറ്റുകളുടെയും മേൽനോട്ടത്തിൽ നടത്തുന്നവ. ഇവയുടെ നിലനിൽപ്പിനും ലക്ഷക്കണക്കിന് വരുന്ന ജീവനക്കാരുടെ തൊഴിൽ സംരക്ഷണത്തിനും സർക്കാർ പിന്തുണയും സഹായവും കൂടിയേ തീരൂ എന്നും ആനന്ദ് കണ്ണശ കൂട്ടിച്ചേർത്തു.

Tags
Show More

Related Articles

One Comment

  1. അത്യാവശ്യമായി ഗവ ശ്രദ്ദയിലേക്ക് കൊണ്ടുവരേണ്ട കാര്യമാണിത്. പതിനായിരക്കണക്കിനു മാന്യമായി ജീവിച്ചിരുന്ന അഭ്യസ്ത വിദ്യരുടെ ജീവിതമാണ് ഇതു വഴി മുടങ്ങിയിരിക്കുന്നത്. ലക്ഷങ്ങള്‍ കോഴ കൊടുത്ത് ജോലിക്കു കയറി , പാവങ്ങളുടെ പിച്ച ചട്ടിയിൽ കയ്യിട്ടു വാരി കിട്ടുന്ന നികുതിയിൽ നിന്നും 50000 വും അറുപതിനായിരം ശമ്പളം വാങ്ങുന്ന എയ്ഡഡ് അധ്യാപകരെ നിലനിർത്തുന്നതിനുവേണ്ടി , പൊതുവിദ്യാഭ്യാസം എന്നപേരിൽ പ്രോത്സാഹനം നൽകി , അംഗീകൃത അൺഎയ്ഡഡ് വിദ്യാലയങ്ങളെ യും അതിൻറെ അരികുപറ്റി ജീവിക്കുന്ന ജീവനക്കാരെയും നശിപ്പിക്കാനുള്ള ശ്രമം ആണ് ആണ് ഗവൺമെൻറ് നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നത് . കുട്ടികളിൽ നിന്ന് വാങ്ങുന്ന ഫീസും അധ്യാപകർക്കും ജീവനക്കാർക്കും നൽകുന്ന ശമ്പളവും താരതമ്യം ചെയ്തു നോക്കിയാൽ തന്നെ ഇന്ന് എത്ര സ്കൂളുകൾ ആളുകൾ ലാഭത്തിനു വേണ്ടി പ്രവർത്തിക്കുന്നു എന്ന് ഗവൺമെൻറിന് മനസ്സിലാക്കാവുന്നതേയുള്ളൂ. കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിൽരഹിതർ താൽക്കാലികമായി ആണെങ്കിലും ജീവിതം നിലനിർത്താനുള്ള ഉള്ള ഒരു തൊഴിലായി ഈ അദ്ധ്യാപനം ഉപയോഗപ്പെടുത്തുന്നു എന്ന കാര്യം ഗവൺമെൻറ് മറക്കരുത്. ഈ പ്രതിസന്ധിഘട്ടത്തിൽ ഈ മേഖലയിലുള്ള ആളുകളെ സഹായിക്കുകയാണ് ഗവൺമെൻറ് ചെയ്യേണ്ടത്. പകരം ഈ മേഖല തന്നെ നശിപ്പിച്ചു , തൊഴിലില്ലാ പടയുടെ യുടെ എണ്ണവും പട്ടിണി മരണവും കൂട്ടാനാണ് ഗവൺമെൻറ് ശ്രമം. ഗവൺമെൻറ് ഈ മേഖലയെ നശിപ്പിക്കാതിരുന്നാൽ മാത്രം മതി എന്ന് ഒരു അഭ്യർത്ഥനയാണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close