INSIGHTTrending

സ്ക്രീനിൽ നിന്ന് ഇത്ര പ്രണയത്തോടെ മറ്റൊരു കണ്ണും എന്റെ മോഹങ്ങളെ തഴുകിയിട്ടില്ല; നിഷേധിയും ധിക്കാരിയും ക്ഷുഭിതനും ഡയലോഗ് വീരനുമായ സുകുമാരനെ നിങ്ങൾക്കെടുക്കാം, ഇതാണ് എന്റെ സുകുമാരൻ; ശാരദക്കുട്ടി എഴുതുന്നു

ശാരദക്കുട്ടി

ഇന്ന് മലയാളത്തിന്റെ പ്രിയ നടൻ സുകുമാരന്റെ ഓർ‌മ്മ ദിവസം. ജീവിതത്തിലും സിനിമയിലും വിപ്ലവകാരിയായ മനുഷ്യൻ ഓർമയായിട്ട് ഇന്ന് 24 വർഷം തികയുന്നു. നിരവധി അവിസ്മരണീയ കഥാപാത്രങ്ങളെ സമ്മാനിച്ച സുകുമാരൻ 1997 ജൂൺ പതിനാറിനാണ് വിടവാങ്ങിയത്.ഈ വേളയിൽ പ്രിയ നടനെകുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് പ്രിയ എഴുത്തുകാരി ശാരദക്കുട്ടി.

ഇന്ന് പ്രിയ നടൻ സുകുമാരന്റെ ഓർമ്മ ദിവസം

എന്തിഷ്ടമായിരുന്നു ആ കുസൃതി നോട്ടവും കരുതൽ ഭാവങ്ങളും. എനിക്ക് ഇഷ്ടപ്പെട്ട നടികളെല്ലാം സുകുമാരന്റെ കൂടെ ജീവിച്ചാൽ സുരക്ഷിതരായിരിക്കുമെന്ന് ഞാൻ കരുതിയിരുന്നു. വിധുബാലയെയും ജലജയെയും അംബികയെയും ശോഭയെയും സീമയെയും ശുഭയെയും ഒക്കെ സന്തോഷജീവിതത്തിനായി സുകുമാരനൊപ്പം ചേർത്തു പടം പിടിച്ചു വെച്ചതിനെക്കുറിച്ച് ഞാൻ മുൻപൊരിക്കൽ എഴുതിയിരുന്നു.

സുകുമാരനൊപ്പമാണെങ്കിൽ അവർക്കു കരയേണ്ടി വരില്ല എന്ന് എന്നോട് ആ നോട്ടവും മുഖവും കുസൃതിയും ധൈര്യം തന്നിരുന്നു. എന്റെ സുകുമാരനിലുള്ള വിശ്വാസം ശരിയാണെന്ന് മല്ലികാ സുകുമാരൻ സ്വന്തം പ്രസരിപ്പും സ്വാശ്രയത്വ ശീലവും സാമ്പത്തികഭദ്രതയും ഒക്കെ കൊണ്ട് തെളിയിച്ചു. മല്ലികയുടെ ജീവിതം, അതിജീവിക്കാനാഗ്രഹിക്കുന്ന ഏതൊരു സ്ത്രീക്കും മാതൃകയാണ്. തകരാതെയും തളരാതെയും അവർ ജീവിതത്തെ നേരിട്ട രീതികൾ !! എത്രയെത്ര ദുർഭൂതങ്ങളോട് യുദ്ധം ചെയ്യേണ്ടി വന്നിരുന്നു അവർക്ക് .!! ആ ദുരിതങ്ങളെ സധൈര്യം നേരിട്ടതിന്റെ ബാക്കിയാണ് ഇന്നവർക്കുണ്ടെന്ന് നമ്മൾ ചൂണ്ടിക്കാണിക്കുന്ന പ്രിവിലേജുകൾ . ഒടുവിൽ , എല്ലാത്തരത്തിലും വിജയിച്ച സ്ത്രീയെന്ന് തന്നെ അവർ അടയാളപ്പെട്ടു.

അൻപതെത്തുന്നതിനു മുൻപ് സുകുമാരൻ പോയി. മല്ലികയും മക്കളും ആ സ്നേഹത്തിന്റെ ബലത്തിൽ സ്വന്തം കഴിവുകളിൽ ഉറച്ചു നിന്ന് ജീവിച്ചു.. പണം ധൂർത്തടിക്കാത്ത പുരുഷൻ, സ്ത്രീയെ സ്വയം പര്യാപ്തയായി നിലനിർത്തുന്ന പുരുഷൻ, സ്ത്രീയെ വിശ്വസിക്കുന്ന പുരുഷൻ ഇത്രയുമൊക്കെ ചുരുക്കം ചിലർക്കു മാത്രം ലഭിക്കുന്ന അനുഗ്രഹമാണ്. എല്ലാവർക്കും കിട്ടേണ്ട അവകാശമെന്നാണ് പറയേണ്ടത്. പക്ഷേ ലോട്ടറിയടിക്കുന്നതു പോലെ ചിലരിലേക്കു മാത്രമേ അത് ചെന്നെത്താറുള്ളു.

അങ്ങനെ ഞാനുൾപ്പെടെ അന്നത്തെ പല പെണ്ണുങ്ങൾ കണ്ണിട്ടു വെച്ചിരുന്ന പുരുഷനാണ് സുകുമാരൻ . കാട്ടുകുറിഞ്ഞിപ്പൂവും ചൂടി എന്ന പാട്ടു പാടി രാധ എന്ന പെൺകുട്ടിയെ നോക്കിയ നോട്ടം മാത്രം മതിയായിരുന്നു അന്നത്തെ ശാരദ എന്ന ഈ പെൺകുട്ടിക്ക് . വേനൽ, അണിയാത്ത വളകൾ, കൊച്ചു കൊച്ചു തെറ്റുകൾ, നിർമ്മാല്യം, ബന്ധനം, എന്റെ നീലാകാശം, ശാലിനി എന്റെ കൂട്ടുകാരി, കലിക : ഞാൻ ശരിക്കും പെട്ടു പോയിരുന്നു.

സ്ക്രീനിൽ നിന്ന് ഇത്ര പ്രണയത്തോടെ മറ്റൊരു കണ്ണും എന്റെ മോഹങ്ങളെ തഴുകിയിട്ടില്ല. ഈ ഓർമ്മദിനത്തിൽ ആ ദിവസങ്ങളേകിയ ശാരീരികാനന്ദങ്ങൾക്ക് ഞാൻ പ്രിയ നടൻ സുകുമാരനുമായി സ്നേഹപൂർവ്വം ഒരു ഗാനം പങ്കിടുകയാണ്.നിഷേധിയും ധിക്കാരിയും ക്ഷുഭിതനും ഡയലോഗ് വീരനുമായ സുകുമാരനെ നിങ്ങൾക്കെടുക്കാം. ഇതാണ് എന്റെ സുകുമാരൻ .

സുരഭിലമേതോ സ്മൃതിയുടെ ലഹരിയിൽ
നിറയും മിഴിയോടെ
വിട പറയും ദിനവധുവിൻ കവിളിൽ
വിടരും കുങ്കുമരാഗം

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close