KERALANEWS

സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി കര്‍ഷകര്‍

കോന്നി: മലയോര മേഖലയിലെ കര്‍ഷകരുടെ ഏറ്റവും വലിയ തലവേദനയായി മാറിയിരിക്കുകയാണ് കാട്ടുപന്നികളുടെ ശല്യം. ഈ അടുത്ത കാലത്ത് കൃഷിയിടങ്ങളും കൃഷിയും വ്യാപകമായിട്ടാണ് കാട്ടുപന്നിക്കുട്ടം നശിപ്പിക്കുന്നത്. ഇതിനിടയില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പും അടുത്തതോടെ കാട്ടുപന്നികളുടെ ശല്യത്തിന് അറുതി വരുത്താതെ വോട്ട് നല്‍കില്ല എന്ന നിലപാടിലാണ് കാട്ടു പന്നികളുടെ ശല്യം മൂലം കൃഷിനാശം സംഭവിച്ച കര്‍ഷകര്‍. ഇതു ചൂണ്ടിക്കാട്ടി പ്രതിഷേധ സൂചകമായി കര്‍ഷകര്‍ ബോര്‍ഡും സ്ഥാപിച്ചു. കാട്ടുപന്നി ശല്യത്തിന് പരിഹാരം കാണാത്ത ആരും വോട്ടിനു വേണ്ടി ഈ പടി കയറരുത് എന്നാണ് ബോര്‍ഡിലെ സന്ദേശം.

റാന്നി, കോന്നി മേഖലകളിലാണ് ബോര്‍ഡുകള്‍ വച്ചിട്ടുള്ളത്.കോന്നി, റാന്നി മേഖലകളില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണ്. കാര്‍ഷിക വിളകള്‍ സംരക്ഷിക്കാനുള്ള ഒരു മാര്‍ഗവും ഫലം കാണുന്നില്ല. ശല്യക്കാരായ കാട്ടുപന്നികളെ കൃഷിയിടത്തില്‍ തന്നെ വെടിവെച്ചു കൊല്ലാനുള്ള ഉത്തരവ് ഉണ്ടെങ്കിലും നാട്ടിലെ തോക്ക് ലൈസന്‍സുള്ള ആളുകളെ തേടി പിടിച്ച് എത്തിക്കുമ്പോള്‍ കൃഷി പൂര്‍ണമായും കാട്ടുപന്നി നശിപ്പിച്ചിട്ടുണ്ടാകുമെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടി.കാട്ടുപന്നി കൃഷി നശിപ്പിച്ചാല്‍ കിട്ടുന്ന നഷ്ടപരിഹാരം തുച്ഛമാണ്. കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ നിരവധിയാളുകള്‍ക്ക് വനം വകുപ്പ് ഇനിയും നഷ്ടപരിഹാരം നല്‍കിയിട്ടില്ല. അപേക്ഷകള്‍ കോന്നി കുമ്മണ്ണൂര്‍ വനം വകുപ്പ് ഓഫീസില്‍ കെട്ടികിടക്കുകയാണ്. ഇതിനൊപ്പം തന്നെയാണ് കൃഷിനാശവുമായി ബന്ധപ്പെട്ട പരാതികളും കെട്ടിക്കിടക്കുന്നത്. അതിനാല്‍ പ്രശ്‌ന പരിഹാരത്തിന് ശേഷമേ വോട്ടു നല്‍കാന്‍ ഉദ്ദേശിക്കുന്നുള്ളു എന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇല്ലെങ്കില്‍ കാര്യം കഴിഞ്ഞാല്‍ കര്‍ഷകരെ കറിവേപ്പിലയാക്കി രാഷ്ട്രീയക്കാര്‍ കളയും എന്നാണ് ഇവരുടെ അഭിപ്രായം. കര്‍ഷകരുടെ ബോര്‍ഡുകള്‍ കൂടി നിരന്നതോടെ പുതിയ അടവുനയങ്ങളുമായി പ്രമുഖ മുന്നണികളും സ്ഥാനാര്‍ത്ഥികളും രംഗത്തിറങ്ങിയിട്ടുണ്ടെന്നാണ് ജന സംസാരം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close