ഫ്‌ലോറിഡ : ലോക ജനത ഒന്നാകെ കോവിഡ് മഹാമാരി ഭീതിയുടെ നിഴലിലാണ്. ഏഴുമാസക്കാലമായി ജനജീവിതത്തിന്‍റെ ഗതിവിഗതികളെ അതുമാറ്റി മറിച്ചു. പതിമൂന്നു ദശലക്ഷം ആളുകളാണ് രോഗത്തിന്റെ പിടിയില്‍ ഇതുവരെയും അകപ്പെട്ടിട്ടുള്ളത്. ലക്ഷക്കണക്കിന് ജീവനുകളെയും ഇതിനകം തന്നെ രോഗം അപഹരിച്ചു കഴിഞ്ഞു. വളരെ പുരോഗതി ആര്‍ജിച്ച നമ്മുടെ ശാസ്ത്രത്തിനും ആരോഗ്യ രംഗത്തിനും ഈ മഹാമാരിയെ ഇതുവരെയും തളയ്ക്കാന്‍ സാധിച്ചിട്ടില്ല.
മനുഷ്യ ജീവനു ഭീഷണി വിതയ്ക്കുന്ന മഹാമാരികള്‍ ഇതിനു മുമ്പും ലോകചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. അത്തരത്തിലൊന്നാണ് സ്പാനിഷ് ഫ്‌ളു.
1918ലെ വസന്തകാലത്താണ് സ്പാനിഷ് ഫ്‌ളു ലോകത്തെ വിറപ്പിച്ചുകൊണ്ട് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഉറവിടമേതെന്ന് ഇന്നുമറിയാത്ത രോഗം, ലോകത്തെ അഞ്ചു കോടിയിലേറെപ്പേരുടെ ജീവനെടുത്ത രോഗം നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ മഹാമാരിയായിരുന്നു. സ്വന്തം ദേശത്ത് ഉത്ഭവിച്ചിട്ടല്ല സ്‌പെയിനിന് ആ നാണക്കേടുണ്ടായത്. ലോകമാകെ നാശം വിതറിയ ‘സ്പാനിഷ് ഫ്‌ളു’ എന്ന മഹാവ്യാധിക്ക് സ്‌പെയിനിലെ ഏതെങ്കിലും പ്രദേശമായോ ജനതയുമായോ കാര്യമായ ബന്ധമൊന്നുമുണ്ടായിരുന്നില്ല. രോഗവ്യാപനത്തിലും സ്‌പെയിനിന് പങ്കുണ്ടായിരുന്നില്ല. എന്നാല്‍ വര്‍ഷം 100 പിന്നിട്ടിട്ടും ലോകത്തെ വിറപ്പിച്ച ആ മഹാദുരന്തം ഇന്നും ‘സ്പാനിഷ് ഫ്‌ളു’ എന്ന പേരില്‍ അറിയപ്പെടുന്നു. മഹാമാരികളുടെ മാതാവ് എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. നൂറുവര്‍ഷത്തിനപ്പുറം വീണ്ടും ഇത്തരത്തിലൊരു മഹാമാരി പെയ്തിറങ്ങാനുള്ള സാധ്യതകളേറെയെന്നാണു ഗവേഷകര്‍ പറയുന്നത്. അങ്ങനെയൊരു അപ്രതീക്ഷിത പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടാല്‍ ഇന്നത്തെ സാഹചര്യത്തില്‍ അതിനെ ഫലപ്രദമായി തടുക്കാനാകുമോയെന്നും അവര്‍ പരിശോധിച്ചു. എന്നാല്‍ സാങ്കേതികതയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇത്രയേറെ വര്‍ധിച്ചിട്ടും സ്പാനിഷ് ഫ്‌ളു പോലെ ഒരു പകര്‍ച്ചവ്യാധിയുടെ ആക്രമണത്തെ നിലവിലെ സാഹചര്യത്തില്‍ പ്രതിരോധിക്കാനാകില്ലെന്നാണു ഗവേഷകര്‍ പറയപ്പെടുന്നത്. അതായത്, ഒരു മാരകവ്യാധി പൊട്ടിപ്പുറപ്പെട്ടാല്‍ നൂറു വര്‍ഷം മുന്‍പുണ്ടായിരുന്നതിനേക്കാളും മൂന്നിരട്ടിയായിട്ടായിരിക്കും അത് ആഞ്ഞടിക്കുക.
1918ലെ സ്പാനിഷ് ഫ്‌ളു എന്തുകൊണ്ടാണ് ഇത്രയേറെ മാരകമായത് എന്നു പരിശോധിച്ചതില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ ഇന്നത്തെ സാഹചര്യവുമായി താരതമ്യം ചെയ്യുകയായിരുന്നു ഗവേഷകര്‍. 1918 ലെ സ്പാനിഷ് ഇന്‍ഫ്‌ളുവന്‍സയെപ്പോലെ ഗുരുതരമായി ജീവിക്കാന്‍ കൊറോണ വൈറസിന് സാധ്യതയുണ്ടെന്ന് യുഎസ് ഏറ്റവും മികച്ച പകര്‍ച്ചവ്യാധി വിദഗ്ധനായ ആന്റണി ഫൗസി പറയുന്നത്.
ജോര്‍ജ്ടൗണ്‍ യൂണിവേഴ്സിറ്റി ഗ്ലോബല്‍ ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച വെബിനാറിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തല്‍ നടത്തിയത്. രോഗവ്യാപനത്തെ തടയുന്ന കാര്യത്തില്‍ അമേരിക്ക പലപ്പോഴും പരാജയപ്പെട്ടിട്ടുണ്ടെന്നാണ് ഫൗസി പറഞ്ഞിരുന്നത്. രാജ്യത്തിന്റെ തെക്ക്, തെക്ക്-പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ അണുബാധയുടെ പുനരുജ്ജീവനമാണ് യുഎസിലെ വെല്ലുവിളി. കാലിഫോര്‍ണിയ, ഫ്‌ലോറിഡ, അരിസോണ, ടെക്‌സസ് എന്നിവയാണ് ഇപ്പോള്‍രോഗം രൂക്ഷമായ സംസ്ഥാനങ്ങള്‍ എന്ന് ഫൗസി പറഞ്ഞു. അവിെട റെക്കോര്‍ഡ് കേസുകള്‍ ഉണ്ടാവുന്നുണ്ട്. ഏറ്റവും ഭീതിയുണ്ടാക്കുന്നത് ചെറുപ്പക്കാര്‍ക്കിടയിലെ രോഗവ്യാപനമാണെന്നും ഫൗസി പറഞ്ഞു. അമേരിക്കയില്‍ വ്യാപിക്കുന്ന വൈറസ് മാരകമല്ലെന്നു പറഞ്ഞ ട്രംപിന്റെ വാദത്തോട് ഫൗസി വിയോജിക്കുന്നുണ്ട്. അതേ സമയം അദ്ദേഹത്തിന്റെ വാദങ്ങളെ ട്രംപ് അംഗീകരിക്കുന്നില്ല.