KERALANEWSTop News

സ്പീക്കര്‍ക്ക് എതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ചെന്നിത്തല, ആരോപണം തെളിവിന്റെ അടിസ്ഥാനത്തിലെന്നും പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം:നിയമസഭയിലെ അഴിമതിയെയും ധൂര്‍ത്തിനെയുംപ്പറ്റിയുള്ള ആരോപണങ്ങള്‍ക്ക് സ്പീക്കര്‍ക്ക് ഒന്നും നിഷേധിക്കാന്‍ കഴിഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.താന്‍ ഉന്നയിച്ച വസ്തുതകളെ ശരിവയ്ക്കുന്ന തരത്തിലാണ് സ്പീക്കര്‍ സംസാരിച്ചതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി അവസാനിച്ചിട്ട് രണ്ട് വര്‍ഷമായിട്ടും അതിനായി കരാര്‍ അടിസ്ഥാനത്തിലെടുത്ത ജീവനക്കാരെ മാസം 30,000 രൂപ ശമ്പളം നല്‍കി ഇപ്പോഴും നിലനിര്‍ത്തിയിരിക്കുന്നത് എന്തിനാണെന്ന് സ്പീക്കര്‍ ഇന്നലെ പറഞ്ഞില്ല. കഴിഞ്ഞ സെപ്തംബര്‍ വരെ അവര്‍ക്ക് ശമ്പളമായി നല്‍കിയത് 21.16 ലക്ഷം രൂപയാണെന്നും അദ്ദേഹം പറഞ്ഞു.നിയമസഭ ഡിജിറ്റലൈസ് ചെയ്യുന്നതോടെ 40 കോടി രൂപയുടെ പേപ്പര്‍ ലാഭിക്കാനാവുമെന്ന് സ്പീക്കര്‍ പറയുന്ന കണക്ക് എവിടെ നിന്നാണ് അദ്ദേഹത്തിന് കിട്ടിയതെന്ന് അറിയില്ല.

ഊരാളുങ്കലിന് മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കിയതായി സമ്മതിക്കുന്നു സ്പീക്കറിന്റെ ഇതേ പ്രവര്‍ത്തിത്തന്നെയല്ലേ മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞും ചെയ്തത് . ഇബ്രാഹിം കുഞ്ഞ് പലിശ വാങ്ങിയാണ് മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കിയത്. ശ്രീരാമകൃഷ്ണന്‍ പലിശ വാങ്ങാതെയും നല്‍കി. ഇബ്രാഹിംകുഞ്ഞ് ചെയ്യുമ്പോള്‍ അത് കുറ്റമാവുകയും ശ്രീരാമകൃഷ്ണന്‍ ചെയ്യുമ്പോള്‍ അത് കുറ്റമല്ലാതാവുകയും ചെയ്യുന്നതെങ്ങനെയെന്നും പ്രതിപക്ഷ നേതാവ് ചോദിക്കുന്നു.

ഇന്ത്യയില്‍ ആദ്യം നിയമസഭ ഡിജിറ്റലൈസ് ചെയ്ത ഹിമാചല്‍ പ്രദേശില്‍ ചിലവ് ആയത് 8.12 കോടി രൂപയാണ്. കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെയാണ് 2014 ല്‍ ആ പദ്ധതി നടപ്പാക്കിയത്. ഡിജിറ്റലൈസേഷന്‍ നടത്തിയത് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്ക് സെന്ററാണ്. എന്നാല്‍ കേരളത്തില്‍ അത് സംബന്ധിച്ച് എന്‍.ഐ.സി.യുടെ സേവനം തേടിയിട്ടില്ല.

ലോകകേരള സഭയുടെ മറവില്‍ നിയമസഭയിലെ പ്രൗഢഗംഭീരമായിരുന്ന ശങ്കര നാരായണന്‍ തമ്പി ഹാള്‍ പൊളിച്ച കാര്യവും ബഹുമാനപ്പെട്ട സ്പീക്കര്‍ സമ്മതിച്ചിരിക്കുകയാണ്. ഹാള്‍ പൊളിച്ചു പണിതതിന് 16.65 കോടി രൂപയുടെ ഭരണാനുമതിയാണ് നല്‍കിയതെങ്കിലും 9.17 കോടി രൂപയ്ക്ക് പണി പൂര്‍ത്തിയായതെന്നാണ് സ്പീക്കര്‍ പറയുന്നത്. 16.65 കോടി രൂപയായിരുന്നു എസ്റ്റിമേറ്റ് എന്നാണ് താനും ഇന്നലെ പറഞ്ഞിരുന്നതെന്ന് രമേശ് ചെന്നിത്തല പറയുന്നു.

2018 ല്‍ ഒന്നാം കേരള സഭ ചേരുമ്പോള്‍ ഇരിപ്പിടങ്ങള്‍ മാറ്റുന്നതിന് മാത്രമായി 1.84 കോടി രൂപ ചെലവാക്കി എന്ന ആരോപണവും സ്പീക്കര്‍ ശരിവച്ചിട്ടുണ്ട്. ആ കസേരകള്‍ വീണ്ടും ഉപയോഗിച്ചു എന്നാണ് സ്പീക്കര്‍ അവകാശപ്പെടുന്നത്. അക്കാര്യത്തില്‍ സംശയമുള്ളതിനാല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷനേതാവ് പറയുന്നു.

ഒന്നാം കേരളസഭയില്‍ സഹകരിച്ച പ്രതിപക്ഷം രണ്ടാം കേരള സഭയില്‍ നിന്ന് പ്രതിപക്ഷം വിട്ടുനിന്നു. കേരളത്തിന് പുറത്തുനിന്ന് ഇവിടെ സംരംഭം തുടങ്ങാന്‍ വന്ന പ്രവാസികളായ ആന്തൂരിലെ സാജന്റെയും പുനലൂരിലെ സുഗതന്റെയും ദാരുണമായ ആത്മഹത്യകള്‍ സര്‍ക്കാരിന്റെയും ഭരണകക്ഷികളുടെയും തനിനിറം പുറത്തു കൊണ്ടുവന്നത് കാരണമാണ് പ്രതിപക്ഷം രണ്ടാം ലോകകേരള സഭയില്‍ നിന്ന് മാറിനിന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി.ഒന്നാം ലോക കേരള സഭയിലെടുത്ത ഒരു തീരുമാനവും നടപ്പാക്കാത്തതും സര്‍ക്കാരിന്റെ പൊള്ളത്തരം പുറത്തുകൊണ്ടുവന്നു. ലോക കേരള സഭയുടെ പേരില്‍ അഴിമതിക്ക് മാത്രമായിരുന്നു സര്‍ക്കാരിന് താത്പര്യം.

നിയമസഭയില്‍ ഒട്ടേറെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ധൂര്‍ത്തും ഇതിന് പുറമേ ഇപ്പോഴും നടക്കുന്നുണ്ട്. കാട്ടിലെ തടി, തേവരുടെ ആന, പിടിയെടാ പിടി എന്നത് പോലെയാണ് കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close