KERALANEWS

സ്പീക്കറും സി.പി.എമ്മും തള്ളിയ തോമസ് ഐസക്ക് രാജിവെക്കണം: കെ.സുരേന്ദ്രൻ

കൊല്ലം: നിയമസഭാ സ്പീക്കറും സി.പി.എമ്മും തള്ളി പറഞ്ഞ ധനമന്ത്രി തോമസ് ഐസക്ക് ആത്മാഭിമാനമുണ്ടെങ്കിൽ രാജിവെക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഐസക്കിനെതിരായ പരാതി സ്പീക്കർ എത്തിക്സ് കമ്മിറ്റിക്ക് വിട്ടതോടെ ബി.ജെ.പി പറഞ്ഞത് വസ്തുതയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും കൊല്ലത്ത് നടന്ന മീറ്റ് ദി പ്രസ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു. സി.എ.ജി റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വെക്കുന്നതിന് മുമ്പ് മന്ത്രി മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയത് സത്യപ്രതിജ്ഞ ലംഘനമാണ്. നിയമസഭയോട് അനാദരവ് കാണിച്ച മന്ത്രി രാജിവെച്ചേ തീരൂ. ഔദ്യോ​ഗിക രഹസ്യ നിയമത്തിന്റെ ലംഘനമാണ് തോമസ് ഐസക്ക് നടത്തിയത്. അദ്ദേഹത്തിന്റെ പാർട്ടിക്കാരനായ നിയമസഭാ സ്പീക്കർ തത്വത്തിൽ മന്ത്രി തെറ്റ് ചെയ്തെന്ന് അം​ഗീകരിച്ചിരിക്കുകയാണ്. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പറഞ്ഞ കാര്യങ്ങളെല്ലാം അദ്ദേഹം ലംഘിച്ചുവെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ഐസക്കിന് കുറച്ച് ദിവസങ്ങളായി കണ്ടകശനിയാണ്. വിജിലൻസ് റെയിഡിന്റെ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് മുമ്പിൽ ധനമന്ത്രി കീഴടങ്ങിയിരിക്കുകയാണ്. പിണറായിക്ക് മുമ്പിൽ മുട്ടിലിഴയുന്ന ഐസക്കിന്റെ അവസ്ഥ ദയനീയമാണ്. രാജിവെച്ചാൽ അഴിമതികൾ പുറത്താകുമെന്ന ഭയത്തിനാലാണ് മന്ത്രി സ്ഥാനം രാജിവെക്കാത്തത്. വിജിലൻസ് റെയിഡിനെ എതിർത്തതും അപകടം മണത്തായിരുന്നു. കിഫ്ബിയിലും മറ്റും കോടിക്കണക്കിന് രൂപയാണ് അദ്ദേഹം അഴിമതി നടത്തിയത്.

സ്വർണ്ണക്കടത്തിൽ വമ്പൻ സ്രാവുകളാണ് ശിവശങ്കരന് പിന്നിലുള്ളതെന്നാണ് കസ്റ്റംസ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് കോടതി പറഞ്ഞത്. ഡോളർ വിദേശത്തേക്ക് കടത്താൻ സ്വപ്നയേയും ശിവശങ്കരനേയും ഉന്നതർ സഹായിച്ചെന്നുറപ്പാണ്. സ്വർണ്ണക്കള്ളക്കടത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ തട്ടിപ്പാണെന്ന് ബി.ജെ.പി ആദ്യമേ പറഞ്ഞിരുന്നുവെന്നും സുരേന്ദ്രൻ ഓർമ്മിപ്പിച്ചു. മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറി സി.എം രവീന്ദ്രനെ ചോദ്യം ചെയ്യുമ്പോൾ കാര്യങ്ങൾ കുറച്ചുകൂടെ വ്യക്തമാവും. അഴിമതിയുടെ ചെളിക്കുണ്ടിലാണ് പിണറായി സർക്കാർ. മുഖ്യപ്രതിപക്ഷമായ യു.ഡി.എഫിലാവട്ടെ പ്രതിപക്ഷ നേതാവടക്കം അഴിമതിയുടെ പിടിയിലാണ്. രണ്ട് മുന്നണികളെയും തദ്ദേശ തിരഞ്ഞെടുപ്പിൽ ജനം ശിക്ഷിക്കും. ഇത്തവണ 19,000 സ്ഥലങ്ങളിൽ മത്സരിക്കുന്ന ബി.ജെ.പി കൊല്ലം ജില്ലയിലുൾപ്പെടെ വലിയ നേട്ടമുണ്ടാക്കും. മറ്റിടങ്ങളിൽ സഖ്യകക്ഷികൾ മത്സരിക്കും. സി.പി.എം മത്സരിക്കുന്നതിനേക്കാൾ കൂടുതൽ സീറ്റുകളിൽ ബി.ജെ.പി മത്സരിക്കുന്നുണ്ട്. കഴിഞ്ഞ തവണത്തേക്കാൾ 5,000 അധികം സീറ്റിലാണ് പാർട്ടി മത്സരിക്കുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close