KERALA

സ്പ്രിംക്ലര്‍ കരാറില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി ഹൈക്കോടതിയില്‍

സ്പ്രിംക്ലര്‍ കരാറില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചു. ഇ ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായി ഒരു കോടിയോളം പേരുടെ ഡേറ്റ 2014 മുതല്‍ ആരോഗ്യ വകുപ്പിലുണ്ട്. ഇത് സംരക്ഷിക്കണമെന്നും കൂടാതെ സ്പ്രിംക്ലറുമായുള്ള കരാര്‍ റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. അതേസമയം സ്പ്രിംക്ലര്‍ കരാറില്‍ നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കും. അതീവ പ്രാധാന്യമുള്ള രണ്ട് വ്യക്തിഗത വിവരങ്ങള്‍ സ്പ്രിംക്‌ളര്‍ ശേഖരിക്കുന്നുണ്ടെങ്കിലും വിവര ചോര്‍ച്ച ഉണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. കരാര്‍ ലംഘനമുണ്ടായാല്‍ കമ്പനിക്കെതിരെ ന്യൂയോര്‍ക്കിലും ഇന്ത്യയിലും നിയമ നടപടി സാധ്യമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും.

അസാധാരണ സാഹചര്യത്തിലുള്ള അസാധാരണ തീരുമാനമാണ് സ്പ്രിംക്‌ളറുമായുണ്ടാക്കിയ കരാര്‍ എന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിക്കുക. നിയമങ്ങള്‍ പാലിച്ച് തന്നെയാണ് കമ്പനിയെ തെരഞ്ഞെടുത്തത്. സര്‍ക്കാര്‍ മേഖലയില്‍ വിവര ശേഖരണത്തിന് നിരവധി ഐടി കമ്പനികളുണ്ടെങ്കിലും മാസ് ഡേറ്റ കൈകാര്യം ചെയ്യാന്‍ ഇന്ത്യയില്‍ ഒരു കമ്പനിയുമില്ല. ഈ സാഹചര്യത്തിലാണ് സ്പ്രിംക്‌ളറിന്റെ തെരഞ്ഞെടുപ്പ്. സര്‍ക്കാര്‍ കമ്പനികള്‍ ഇത്തരം ഡേറ്റാ അനാലിസിസ് സോഫ്റ്റ്‌വെയര്‍ സജ്ജമാക്കാന്‍ മാസങ്ങള്‍ എടുത്തേക്കും. കോവിഡ് പടരുന്ന സാഹചര്യത്തില്‍ അതിന് കാത്ത് നില്‍കാന്‍ കഴിയുമായിരുന്നില്ല. സാങ്കേതികമായി അടക്കം എല്ലാതരത്തിലും ഇങ്ങനെ സജ്ജമായതിനാലാണ് കേരളം ലോകത്തിന് മുന്നില്‍ നടക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ നിന്ന് 41 ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ശേഖരിക്കുന്നത് . ഇതില്‍ രണ്ട് ചോദ്യങ്ങള്‍ അതീവ പ്രാധാന്യമുള്ളതാണ്. പക്ഷെ ഈ വിവരങ്ങള്‍ ശേഖരിക്കാതെ ഡാറ്റാ അനാലിസിസ് സാധ്യമാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കും. വിവര ചോര്‍ച്ച തടയാനുള്ള ക്രമീകരണങ്ങളും സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. കരാറില്‍ ഏതെങ്കിലും തരത്തിലുള്ള നിയമ പ്രശനങ്ങളുണ്ടോ എന്നതടക്കം പരിശോധിക്കാന്‍ സര്‍ക്കാര്‍ തന്നെ മൂന്നംഗ സമിതിയെ നിശ്ചയിച്ചതായും ഒരു മാസത്തിനകം സമിതി റിപ്പോര്‍ട്ട് നല്‍കുമെന്നും കോടതിയെ അറിയിക്കും

Tags
Show More

Related Articles

Back to top button
Close