
തിരുവനന്തപുരം: ആദിവാസികള്‍ക്കിടയിലെ മനുഷ്യാവകാശ പ്രവര്‍ത്തകനും ജസ്യൂട്ട് വൈദികനുമായ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ അറസ്റ്റു ചെയ്തു ജയിലിലടച്ച നടപടി ഖേദകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.ഫാ. സ്റ്റാന്‍ സ്വാമി പതിറ്റാണ്ടുകളായി ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയാണ്. അവശതയനുഭവിക്കുന്ന ആദിവാസികള്‍ക്കു നേരെയുണ്ടാകുന്ന ജനാധിപത്യ ധ്വംസനം ചോദ്യം ചെയ്യുന്നത് കുറ്റകൃത്യമായി കണക്കാക്കുന്ന മനോഭാവം ഇന്ത്യന്‍ ഭരണഘടനയ്ക്ക് യോജിച്ചതല്ലെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.ഭൂമിക്കു വേണ്ടിയും വനാവകാശത്തിനു വേണ്ടിയും ആദിവാസികള്‍ നടത്തുന്ന സമരങ്ങളെ പിന്തുണയ്ക്കുകയും അത്തരം പ്രശ്നങ്ങളെക്കുറിച്ചു ആഴത്തില്‍ പഠിക്കുകയും ചെയ്യുന്ന വ്യക്തി എന്ന നിലയിലാണ് ഫാ. സ്റ്റാന്‍ സ്വാമി അംഗീകാരം നേടിയിട്ടുള്ളത്. ഏവരും ബഹുമാനിക്കുന്ന അത്തരമൊരു വ്യക്തിക്കെതിരായ നീക്കം എതിര്‍ശബ്ദങ്ങളെ അടിച്ചമര്ത്താനാണെന്ന ആക്ഷേപം ശക്തമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.തെറ്റായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു എന്ന ആക്ഷേപം ഈ വിഷയത്തില്‍ ഉയര്‍ന്നിട്ടുണ്ടെന്നതും ബന്ധപ്പെട്ടവര്‍ ഗൗരവതരമായി പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.ആദിവാസി ജനതയുടെ ഭൂമി അപഹരിച്ചെടുക്കുന്ന ഖനി മാഫിയകള്‍ക്കെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ വന്ദ്യവയോധികനായ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത നടപടി ഭരണകൂട ഭീകരതയുടെ തെളിവാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അഭിപ്രായപ്പെട്ടു.ഖനി മാഫിയക്കെതിരായി പാവപ്പെട്ടവരുടെ പക്ഷം ചേര്‍ന്ന് നിലപാട് സ്വീകരിക്കുന്നവരെ മാവോയിസ്റ്റ് എന്ന് മുദ്രകുത്തി ജയിലില്‍ അടക്കുന്ന ഏകാധിപത്യ വഴിയിലൂടെയാണ് രാജ്യം നീങ്ങുന്നത് എന്നതിന്റെ മറ്റൊരു തെളിവാണ് ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.