
പത്തനംതിട്ട: ലോക ജനത ആദരവോടെ നോക്കി കാണുന്ന നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 151-ാം ജന്മവാര്ഷിക ദിനത്തില്‍ മഹാത്മജിയുടെ അപൂര്‍വ സ്റ്റാമ്പ് ശേഖരണത്തിലൂടെ ഒരു മലയാളി ജനശ്രദ്ധ നേടുന്നു.പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശിയായ മത്തായി ജേക്കബ് ആണ് ഗാന്ധിജിയോടുള്ള ആരാധന സ്റ്റാമ്പ് ശേഖരണത്തില്‍ നിറയ്ക്കുന്നത്.
വ്യത്യസ്ത തരം സ്റ്റാമ്പു ശേഖരങ്ങളുമായി ഇന്ത്യയിലും ഒട്ടനവധി വിദേശ രാജ്യങ്ങളിലുമായി അനവധി പ്രദര്‍ശനങ്ങളിലാണ് ഇദ്ദേഹം പങ്കെടുത്തിട്ടുള്ളത്.
ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി പുറത്തിറക്കിയ നൂറ് കണക്കിന് ഗാന്ധി സ്റ്റാമ്പുകളാണ് ഇദ്ദേഹത്തിന്റെ ശേഖരത്തിലുള്ളത്. രാഷ്ട്രപിതാവിന്റെ പേരില്‍ പുറത്തിറക്കിയ സ്റ്റാമ്പുകള്‍ മാത്രമല്ല നാണയങ്ങളും കറന്‍സികളും പോസ്റ്റുകാര്‍ഡുകളും എന്‍വലപ്പുകളും ഉള്‍പ്പടെ എല്ലാം ഒരു നിധി പോലെയാണ് ജേക്കബ് കാത്തു സൂക്ഷിക്കുന്നത്
1948 ല്‍ മഹാത്മാവിന്റെ പേരില്‍ രാജ്യം പുറത്തിറക്കിയ ആദ്യ സ്റ്റാമ്പു മുതല്‍ ഇതുവരെ പുറത്തിറങ്ങിയത് 89 സ്റ്റാമ്പുകള്‍. ആദ്യമായി ഗാന്ധി സ്റ്റാമ്പു പുറത്തിറക്കിയ അമേരിക്കയുടേതടക്കം 142 വിദേശ രാജ്യങ്ങളുടെ സ്റ്റാമ്പുകളും ഗാന്ധി ജയന്തി അഹിംസാ ദിനമായി ആചരിക്കാന്‍ തീരുമാനിച്ച് ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയ പ്രത്യേക വിദേശ പോസ്റ്റുകാര്ഡുകളുമെല്ലാം ഒരു മലയാളിയുടെ കൈയിലുണ്ടെങ്കില്‍ അത് ജേക്കബ് മത്തായി എന്ന പത്തനംതിട്ട സ്വദേശിയുടെ കൈയില്‍ മാത്രമായിരിക്കും.
ഗാന്ധി സ്റ്റാമ്പുകള്‍ക്ക് പുറമേ വിവിധയിനം കറന്‍സികള്‍, ഫുട്ബോള്‍ സ്റ്റാമ്പുകള്‍, വാര്‍ത്ത കട്ടിംഗുകള്‍ തുടങ്ങിയ ഒട്ടനവധി ശേഖരങ്ങളുടെ ഉടമ കൂടിയാണ് ജേക്കബ് മത്തായി. ഇതു കൂടാതെ നാലുകോടി രൂപയിലേറെ വിലയുള്ള സ്റ്റാമ്പ്, പട്ടിലും തുണിയിലും തടിയിലും നിര്‍മ്മിച്ച മഹാത്മാവിനോടുള്ള ആദര സൂചകങ്ങള്‍ എന്നിവയും ഇദ്ദേഹത്തിന്റെ പക്കലുണ്ട്. വിലമതിക്കാനാവാത്ത ഈ അപൂര്‍വ ശേഖരങ്ങള്‍ നിരവധി വേദികളില്‍ ജേക്കബ് മത്തായി പ്രദര്‍ശനത്തിനെത്തിച്ചിട്ടുണ്ട്. 30 വര്‍ഷത്തിലേറെയായി തുടരുന്ന ഈ പ്രവര്‍ത്തി ഇനിയും ഏറെ പൂര്ത്തിയാക്കാനുണ്ടന്നാണ് അദ്ദേഹം പറയുന്നത്.പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശിയായ ജേക്കബ് മത്തായി ഗള്‍ഫില്‍ എന്‍ എന്‍ജീനീയറായി ജോലി ചെയ്തു വിരമിച്ചയാളാണ്.