Election 2021KERALANEWSTop News

സ്വതന്ത്രനായി മത്സരിച്ചാൽ എതിരില്ലാതെ നിയമസഭയിൽ എത്തുമായിരുന്ന ഇ ശ്രീധരൻ; പാലക്കാടൻ രാഷ്ട്രീയ ബോധത്തെ വിശ്വസിച്ച് ബിജെപി

പാലക്കാട്: കേരള രാഷ്ട്രീയത്തിൽ‌ ശ്രദ്ധാകേന്ദ്രമാകുകയാണ് പാലക്കാട് നിയോജക മണ്ഡലം. കർമ്മ മണ്ഡലത്തിൽ സംശുദ്ധി കാത്തുസൂക്ഷിക്കുകയും കൈവെച്ച മേഖലകളിലെല്ലാം വിജയം നേടുകയും പൊതു ഖജനാവിന് ലാഭമുണ്ടാക്കി കൊടുക്കുകയും ചെയ്ത ഇ ശ്രീധരൻ ബിജെപി സ്ഥാനാർത്ഥിയായി എത്തുന്നു എന്നതാണ് പാലക്കാടിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. കേരളത്തിൽ പൊതു സ്വീകാര്യനായിരുന്ന മെട്രോമാൻ, അത്ര കണ്ട് സ്വീകാര്യത ഇനിയും നേടിയിട്ടില്ലാത്ത ബിജെപിയുടെ പാനലിൽ മത്സരിക്കുന്നു എന്നതാണ് പാലക്കാട് നിയോജക മണ്ഡലത്തിൽ പോരിന് മാറ്റ് കൂട്ടുന്നത്. ഒരുപക്ഷേ, സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു എങ്കിൽ, കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ പാർ‌‌ട്ടികൾ എല്ലാം തന്നെ പിന്തുണ നൽകുമായിരുന്നു ഇ ശ്രീധരന്. അത്തരം ഒരു സാധ്യത നിലനിൽക്കെയാണ് തന്റെ രാഷ്ട്രീയ ചായ്വ് തുറന്ന് പറഞ്ഞ് ശ്രീധരൻ തെരഞ്ഞെടുപ്പ് ​ഗോദയിലെത്തുന്നത്. നിഴലങ്കമില്ലാതെ നേർ പോരാട്ടത്തിലൂടെ വിജയമാണ് ശ്രീധരനും ബിജെപിയും ഇവിടെ ലക്ഷ്യമിടുന്നത്.

സംസ്ഥാനത്തെ ഭൂരിഭാഗം മണ്ഡലങ്ങളെയും അപേക്ഷിച്ച് ബിജെപിയ്ക്ക് വലിയ സ്വാധീനമുള്ള മണ്ഡലമാണ് പാലക്കാട്. യുഡിഎഫിന് വേണ്ടി സിറ്റിം​ഗ് എംഎൽഎഫി പറമ്പിലും എൽഡിഎഫിന് വേണ്ടി സി പി പ്രമോദുമാണ് ഇക്കുറി പോരിനിറങ്ങുന്നത്. മണ്ഡലത്തിൽ ബിജെപി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തായിരുന്നു. നിലവിൽ ഒരു നിയമസഭാംഗം മാത്രമുള്ള ബിജെപി ഏറ്റവുമധികം പ്രതീക്ഷ പുലർത്തുന്ന മണ്ഡലങ്ങളിൽ ഒന്നു കൂടിയാണ് പാലക്കാട്.

പാലക്കാട് ജില്ലയിൽ എൽഡിഎഫാണ് കൂടുതൽ ശക്തം. വിഎസ് അച്യുതാനന്ദനും ഇ കെ നായനാരും അടക്കമുള്ള ഇടതു നേതാക്കളുടെ വിജയത്തിന് സാക്ഷ്യം വഹിച്ച പാലക്കാട് ജില്ലയിൽ 2016ലും ചായ്‍‍വ് എൽഡിഎഫിലേയ്ക്കായിരുന്നു. ജില്ലയിലെ 12 മണ്ഡലങ്ങളിൽ ഒൻപതിടത്തും എൽഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചു കയറി. ആകെ പോൾ ചെയ്ത വോട്ടുകളിൽ 44.4 ശതമാനവും എൽഡിഎഫിനായിരുന്നു. എന്നാൽ പാലക്കാട് മണ്ഡലത്തിൽ മാത്രം ചിത്രം ഒരൽപം വ്യത്യസ്തമാണ്.

ജില്ലയിൽ യുഡിഎഫ് ശക്തികേന്ദ്രമെന്നു വിശേഷിപ്പിക്കാവുന്ന മണ്ഡലങ്ങളിലൊന്നിൽ കഴിഞ്ഞ രണ്ട് വട്ടവും കോൺഗ്രസ് എംഎൽഎ ഷാഫി പറമ്പിലാണ് തുടരുന്നത്. 2006ൽ വിജയിച്ച സിപിഎം സ്ഥാനാർഥി കെ കെ ദിവാകരനെ പരാജയപ്പെടുത്തിയായിരുന്നു ഷാഫിയുടെ വിജയം. 1967, 1970, 1996 എന്നീ തെര‍ഞ്ഞെടുപ്പുകളിൽ മാത്രമാണ് സിപിഎം സ്ഥാനാർഥികൾ മത്സരിച്ചു വിജയിച്ചത്. എന്നാൽ 2016ലെ തെരഞ്ഞെടുപ്പോടു കൂടിയാണ് മണ്ഡലത്തിലെ ചിത്രം മാറി മറിഞ്ഞത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച ശോഭ സുരേന്ദ്രനായിരുന്നു രണ്ടാം സ്ഥാനത്തെത്തിയത്. ഷാഫി പറമ്പിലിന് 17000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നെങ്കിലും ശോഭ സുരേന്ദ്രൻ നാൽപതിനായിരത്തോളം വോട്ടുകൾ നേടി. സിപിഎം സ്ഥാനാർഥി മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. 2011 തെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിന് 42.41 ശതമാനം വോട്ടുവിഹിതമുണ്ടായിരുന്നെങ്കൽ 2016ൽ വോട്ടുവിഹിതത്തിൽ ഒരു ശതമാനത്തിലധികം കുറവുണ്ടായിട്ടില്ല. എന്നാൽ 2011ൽ ബിജെപി സ്ഥാനാർഥിയായ സി. ഉദയഭാസ്കർ നേടിയ 19.86 ശതമാനം വോട്ട് 2016ലെ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ 29.08 ആയി വർധിപ്പിച്ചു. അതേസമയം, സിപിഎം വോട്ടുവിഹിതം 35.82 ശതമാനത്തിൽ നിന്ന് 28.07 ശതമാനമയി ഇടിഞ്ഞു. ഇതാണ് മണ്ഡലത്തിൽ ബിജെപിയ്ക്ക് പ്രതീക്ഷയാകുന്നതും സിപിഎമ്മിനും കോൺഗ്രസിനും ഒരുപോലെ ആശങ്കയാകുന്നതും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close