
കോട്ടയം: സ്വന്തം മണ്ണില്‍ കൃഷിചെയ്യുന്ന പാവപ്പെട്ട കര്‍ഷകരെ വനനിയമത്തിന്റെ പേരില്‍ കേസില്‍പ്പെടുത്തി പീഢിപ്പിക്കരുതെന്ന് എം പി ജോസ് കെ മാണി ആവശ്യപ്പെട്ടു. ഇത്തരത്തില്‍ ക്രൂരതകാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും എം പി കൂട്ടിച്ചേര്‍ത്തു. ഇത്തരം പീഢനങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് പത്തനംതിട്ടയിലെ പടിഞ്ഞാറേത്തെരുവില് മത്തായിയുടെ മരണം.
മത്തായിയുടെ കുടുംബത്തിന് അടിയന്തിര ധനസഹായം എത്തിക്കുന്നതിനും, കുറ്റക്കാരെ നിയമത്തിന് മുന്നില്കൊണ്ടുവരുവാന് പ്രത്യേക അന്വേഷണം നടത്തുന്നതിനും സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. വനത്തെയും വന്യമൃഗങ്ങളെയും സംരക്ഷിക്കേണ്ട ചുമതലയുള്ള വനപാലകരില്‍ പലരും ആ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിന് പകരം പാവപ്പെട്ട കര്‍ഷകരുടെ പേരില്‍ കേസെടുത്ത് കൈകഴുകുന്നതിനാണ് താല്പര്യം കാണിക്കുന്നത്.
മലയോരമേഖലകളില്‍ വന്യമൃഗങ്ങളുടെ രൂക്ഷമായ ആക്രമണം കര്‍ഷകരുടെ ജീവന് പോലും ഭീഷണിയാകുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. ലക്ഷകണക്കായ കൃഷി നാശം, വന്യമൃഗശല്യം എന്നിവ ഉണ്ടാകുമ്പോഴും ഇതിന് ശാശ്വതമായ ഒരു പരിഹാരം കാണാന്‍ അധികാരികള്‍ക്ക് കഴിയാറില്ല.