INSIGHTTop News

സ്വന്തം മനോധർമ്മം അനുസരിച്ച് നുണകൾ പടച്ച് വേട്ടയാടിയത് മാധ്യമങ്ങളും; തെറ്റ് ബോധ്യപ്പെട്ടതോടെ പൊതുജനത്തോടും ചാരക്കേസ് പ്രതികളോടും പരസ്യമായി മാപ്പ് പറയാൻ ആർജ്ജവം കാട്ടി അന്തസ്സുള്ള മാധ്യമ പ്രവർത്തകരും; ഐഎസ്ആർഒ ചാരക്കേസ് കേരള മാധ്യമ ചരിത്രത്തിലെ അവിസ്മരണീയ സംഭവമായത് ഇങ്ങനെ

ഇന്ദ്രജിത്ത്

തിരുവനന്തപുരം: കേരളമാധ്യമചരിത്രം പരസ്യമായി തലകുനിച്ച ഒരേയൊരു സന്ദർഭമാണ് കോളിളക്കമുണ്ടായ ഐഎസ്ആർഒ ചാരക്കേസ്. റേഡിയോയ്ക്കും അച്ചടിമാധ്യമങ്ങൾക്കുമുപരി ടെലിവിഷൻ കൂടി സ്ഥാനമുറപ്പിക്കുന്ന കാലം. ചാരക്കേസ് ആഘോഷമാക്കാത്ത മാധ്യമങ്ങൾ ചുരുക്കമായിരുന്നു. സ്വന്തമായി ശാസ്‌ത്രോപദേഷ്ടാക്കളുള്ള, ഒന്നോ രണ്ടോ സ്‌കെച്ചും ഡ്രോയിങും കിട്ടിയാൽ ഉണ്ടാക്കിയെടുക്കാവുന്നതല്ല ക്രയോജനിക് സാങ്കേതികവിദ്യ എന്നറിയാവുന്ന തലയിൽ ആളുതാമസമുള്ള മാധ്യമപ്രവർത്തകരുമുണ്ടായിരുന്ന ദ് ഹിന്ദു അടക്കം ചുരുക്കം പത്രങ്ങൾ മാത്രമാണ് ചാരക്കേസിനെ കേസ് മാത്രമായി കണക്കാക്കി വസ്തുനിഷ്ഠമായ റിപ്പോർട്ടുകൾ മാത്രം നൽകി കൈകാര്യം ചെയ്തത്.

അതിനിടെ വാർത്താമത്സരത്തിൽ ഏഷ്യാനെറ്റടക്കം നമ്പി നാരായണനെയും ശശികുമാരനെയും ചന്ദ്രശേഖരനെയും രാജ്യദ്രോഹികളും മറിയം റഷീദയേയും ഫൗസിയയേയും മാതാഹരികളുമാക്കി ആഘോഷിക്കുകയായിരുന്നു. സംയമനത്തിന്റെ എല്ലാ സീമകളും ഉല്ലംഘിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളായിരുന്നു ആ റിപ്പോർട്ടുകൾ. പല പത്രങ്ങളും മാലിയിൽ പോയിട്ടെന്നോണം നാട്ടുമുറികളിലിരുന്നുവരെ എരിവുള്ള കഥകൾ മെനഞ്ഞുവിട്ടു. ഒടുവിൽ മാസങ്ങൾ നീണ്ട കാരാഗ്രാഹവാസത്തിനും ചോദ്യം ചെയ്യലിനും ഭേദ്യം ചെയ്യലിനും ശേഷം നിരപരാധിത്വം തെളിയിച്ച് നമ്പി നാരായണനടക്കമുള്ളവർ പുറത്തുവന്നപ്പോൾ കേരളസമൂഹത്തിനു മുന്നിൽ സ്വന്തം തെറ്റ് ഏറ്റുപറഞ്ഞ് ക്ഷമചോദിക്കണമെന്നു മാധ്യമമൂല്യങ്ങൾ മറക്കാത്ത കുറച്ച് മാധ്യമപ്രവർത്തകർക്കെങ്കിലും തിരിച്ചറിവുണ്ടായി.

തലമുതിർന്ന മാധ്യമപ്രവർത്തകൻ ബി.ആർ.പി. ഭാസ്‌കറും സാഹിത്യകാരനും മാധ്യമപ്രവർത്തകനുമായ സഖറിയയും മാധ്യമയുടമയും പത്രപ്രവർത്തകനുമായ ശശികുമാറുമടങ്ങുന്ന സംഘമാണ് അതിനുള്ള ആർജ്ജവം കാണിച്ചത്. തിരുവനന്തപുരത്ത് ഹൗസിങ് ബോർഡ് ജംക്ഷനിൽ (പിന്നീട് ഏഷ്യാനെറ്റ് ന്യൂസിന്റെ ആസ്ഥാനം അതിനരികെയായത് വൈരുദ്ധ്യം!)

അമ്മൻ കോവിലിനു മുന്നിലെ ത്രികോണ ട്രാഫിക്ക് ഐലൻഡിനു മുന്നിൽ പ്രസ് റോഡിലേക്കു നോക്കുന്നവിധം ഒരു സ്‌റ്റേജുണ്ടാക്കി വേണ്ടത്ര പരസ്യപ്രചാരണത്തോടെ ചാരക്കേസ് പ്രതികളെ ക്ഷണിച്ചാനയിച്ച് പൊതുസമക്ഷം ഏഷ്യാനെറ്റിന്റെ സാരഥികൾ, കേരളത്തിലെ മാധ്യമപ്രവർത്തകർക്കുവേണ്ടി അവരോടും കേരളീയ സമൂഹത്തോടും പരസ്യമായി ക്ഷമ ചോദിച്ചു. മുൻപും പിൻപും സമാനതകളില്ലാത്ത മാധ്യമനൈതികതയുടെ പ്രത്യക്ഷീകരണമായി ഈ സംഭവം ചരിത്രത്തിന്റെ ഭാഗമായി നിലനിൽക്കുന്നു.

ശൂന്യതയിൽ നിന്നും ഉയർന്ന് വന്ന കഥയിൽ നിറംപിടിപ്പിച്ചെഴുതി മുഖ്യധാരാ മാധ്യമങ്ങളും രം​ഗത്ത് വന്നതോടെയാണ് ഐഎസ്ആർഒ ചാരക്കേസ് ആളിക്കത്തുന്നത്. കേരളീയ സമൂഹത്തിന് രൂക്ഷമായി വിമർശിക്കാൻ വേണ്ട എല്ലാ ചേരുവകളും കോർത്തിണക്കിയായിരുന്നു ചാരക്കേസിന് തിരക്കഥ ഒരുക്കിയത്. ഉന്നത ഉദ്യോ​ഗസ്ഥരും പണവും പദവിയും സുന്ദരികളായ യുവതികളും കിടപ്പറയുമെല്ലാം പാകത്തിന് ചേർത്ത തിരക്കഥ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ അച്ച് നിരത്തി അച്ചടിച്ച് വിതരണം ചെയ്തപ്പോൾ ക്രൂശിക്കപ്പെട്ടത് നിരവധി നിരപരാധികളായിരുന്നു.

മറിയം റഷീദ നമ്പിയുടെ കിടക്കയിൽ ട്യൂണ മത്സ്യത്തെ പോലെ പുളഞ്ഞു.”കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി എ ഗ്രൂപ്പിന്റെ ഉപജാപക ശാലകളിൽ ഉരുത്തിരിഞ്ഞ ചാരക്കേസ് മലയാളികളെ വിശ്വസിപ്പിച്ച, മനോരമയുടെ വരികൾ ആണിത്. ഒരു ജീനിയസ് ആയ ശാസ്ത്രജ്ഞന്റെ ജീവിതവും ഒരു രാജ്യത്തിന്റെ ബഹിരാകാശ സ്വപ്നങ്ങളും തകർത്ത ആ വ്യാജ വാർത്താ പരമ്പര പിന്നീട് മറ്റു പത്രങ്ങളും അന്നത്തെ പ്രതിപക്ഷവും ഏറ്റു പിടിച്ചു. തങ്ങളുടെ മാനസ പുത്രനെ അധികാരത്തിൽ ഏറ്റാനായിരുന്നു മനോരമ അന്ന് നിറംപിടിപ്പി്ച കഥകൾ അച്ചടിച്ചിറക്കിയത്.

1992 ൽ ഇന്ത്യയും റഷ്യയുമായി ക്രയോജനിക് വികസിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യ കൈമാറ്റം ചെയ്യുന്നതിനുള്ള 235 കോടി രൂപയുടെ ഒരു കരാറിൽ ഒപ്പിട്ടു. അന്ന് അമേരിക്കയും ഫ്രാൻസും അതിലും കൂടിയ തുകയ്ക്ക് ഇന്ത്യയുമായി ഇതേ കരാർ ഉറപ്പികാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. അമേരിക്ക 950 കോടിക്കും, ഫ്രാൻസ് 650 കോടിക്കും. പക്ഷെ റഷ്യ കുറഞ്ഞതുകയ്ക്ക് ഇന്ത്യയുമായി കരാർ ഒപ്പിട്ടതുമൂലം അമേരിക്കയ്ക്കും ഫ്രാൻസിനും ആ കച്ചവടം നഷ്ടമായി.

അന്നത്തെ അമേരിക്കൻ പ്രസിഡന്റ്‌ ബുഷ്‌ സീനിയർ, റഷ്യൻ പ്രസിഡണ്ട്‌ യെൽസിന് എഴുതിയ ഭീഷണിക്കത്തിൽ, ഈ കരാർ റദാക്കണമെന്നും ഇല്ലെങ്കിൽ രാജ്യത്തെ കരിമ്പട്ടികയിൽ പെടുത്തും എന്നും ഭീഷണിപ്പെടുത്തി. ഈ ഭീഷണിയിൽ ഭയന്ന റഷ്യൻ ഭരണകൂടം ആ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറാൻ വിസമ്മതിച്ചു. ഈ അവസ്ഥയിലാണ് ഇന്ത്യ സ്വന്തമായി ക്രെയോജനിക് സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാൻ തീരുമാനിച്ചത്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ ദൌത്യത്തിലെ ആദ്യപടിയും ഏറ്റവും സുപ്രധാനമായ കാര്യവുമായിരുന്നു അത്.

നമ്പി നാരായണൻ എന്ന ഐ എസ് ആർ ഒ യിലെ ഏറ്റവും സമർഥനായ ശാസ്ത്രജ്ഞനായിരുന്നു അതിന്റെ ചുമതല. 1992 ലാണ് ഈ പ്രോജക്റ്റ് തുടങ്ങുന്നത്. ഇന്ത്യയെ ബഹിരാകാശ ഗവേഷണ രംഗത്തെ എലൈറ്റ് ഗ്രൂപ്പ് എന്നറിയപ്പെടുന്ന രാജ്യങ്ങളുടെ നിരയിലെയ്ക്കുയർത്താൻ പര്യാപ്തമായ ഈ പ്രൊജക്ടിനെ മറ്റു രാജ്യങ്ങൾ അസൂയയോടെയാണ് നോക്കിക്കണ്ടിരുന്നത്.

ഈ പോജക്ടിന്റെ ഡയറക്ടരായിരുന്ന ഡോ നമ്പി നാരായനണനെ 1994 ൽ, അന്ന് വരെ വികസിപ്പിചെടുത്തിട്ടിലായിരുന്ന, ക്രയോജനിക് സാങ്കേതിക വിദ്യ മാലിക്കാരായ രണ്ടു ചാര വനിതകൾക്ക് വിറ്റു എന്ന കള്ളക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടു. അതോടെ ആ പ്രോജക്റ്റ് അവസാനിച്ചു. ഇന്ത്യയുടെ ബഹിരാകാശമോഹങ്ങൾക്ക് താൽക്കാലിക വിരാമമായി. ആ കേസ് ഇല്ലായിരുന്നു എങ്കിൽ, രണ്ടോ മൂന്നോ വർഷങ്ങൾക്കുള്ളിൽ, നമുക്ക് ലഭിക്കുമായിരുന്ന ഒരു സാങ്കേതിക വിദ്യ, അതുമൂലം ഭാരതത്തിന്‌ അന്താരാഷ്‌ട്ര തലത്തിൽ ലഭിക്കുമായിരുന്ന സ്ഥാനം, അധികാരം, എല്ലാം അവസാനിച്ചു. അതായത്, ഈ കേസുമൂലം, ഇത് മെനഞ്ഞെടുത്തവർ എന്തൊക്കെ ആഗ്രഹിച്ചോ അതെല്ലാം നടന്നു.

കരുണാകരന് അധികാരം നഷ്ടപ്പെടുകയും പിന്നീട് രാജ്യത്തെ പരമോന്നത നീതിപീഠം നമ്പി നാരായണനെ കുറ്റവിമുക്തനാക്കുകയും ചെയ്തെങ്കിലും നമ്പി നാരായണൻ ഇന്നും നീതിക്കായി പോരാടുകയാണ്. തനിക്ക് വേണ്ടത് നഷ്ടപരിഹാരമല്ല, ​ഗൂഢാലോചനയിൽ പങ്കാളികളായവരെ വെളിച്ചത്ത് കൊണ്ട് വരികയാണ് എന്ന് ആ പ്രതിഭ പറയുന്നതും അതുകൊണ്ടാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close