Breaking NewsKERALANEWSTop News

സ്വന്തം വീട്ടിൽ പോലും ന്യായീകരിക്കാനാകുന്നില്ല; ഇന്ധന വില വർധനവിൽ പ്രതിസന്ധിയിലാകുന്നത് സാധാരണ ബിജെപി പ്രവർത്തകർ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിനം ഇന്ധനവില വർധിക്കുമ്പോൾ പ്രതിസന്ധിയിലാകുന്നത് സാധാരണക്കാരായ ബിജെപി പ്രവർത്തകർ. തങ്ങളുടെ പോക്കറ്റും കാലിയാകുന്നതിനൊപ്പം പ്രദേശത്തും സ്വന്തം വീട്ടിൽ പോലും നേരിടേണ്ടി വരുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാനാകാതെ വലയുകയാണ് പ്രാദേശിക ബിജെപി പ്രവർത്തകർ. സംസ്ഥാനം നികുതി കുറച്ചാൽ പെട്രോൾ വില കുറയുമെന്ന പതിവ് പല്ലവിയും പൊളിഞ്ഞതോടെ എന്ത് പറഞ്ഞ് പിടിച്ചു നിൽക്കും എന്നറിയാത്ത അവസ്ഥയിലാണ് ഇവർ. തങ്ങൾ ബിജെപിയിൽ വന്നത് എന്തെങ്കിലും മോഹിച്ചല്ലെന്നും സംഘപരിവാർ ആശയങ്ങളിൽ ആകൃഷ്ടരായാണ് എന്നും ഇവർ വ്യക്തമാക്കുമ്പോഴും ഇന്ധനവില വർധനവിൽ ന്യായം കണ്ടെത്താനാകാതെ വലയുകയാണ്.

എല്ലാ ജില്ലകളിലും ബിജെപിയുടെ സാധാരണ പ്രവർത്തകർ വ്യക്തമാക്കുന്നത് ഇത്തരം മാനസിക സമ്മർദ്ദങ്ങളെ കുറിച്ച് തന്നെയാണ്. സംസ്ഥാന സർക്കാരിന്റെ നികുതിയാണ് പെട്രോളിന് ഇത്രയധികം വില വർധിക്കാൻ കാരണമെന്നായിരുന്നു ബിജെപി പ്രവർത്തകരും നേതാക്കളും ഇതുവരെ ന്യായീകരിച്ചിരുന്നത്. എന്നാൽ, ദിനംപ്രതി ഇന്ധനവില വർധിപ്പിക്കുന്നത് ഇന്ധന കമ്പനികളാണെന്ന തിരിച്ചറിവ് അവർക്കുമുണ്ട്.

പെട്രോളും ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവന്നാൽ തീരുന്ന പ്രശ്നമേയുള്ളൂ എന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ സംഘപരിവാർ കേന്ദ്രങ്ങൾ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. എന്നാൽ, ദിവസേന ഇന്ധന വില കൂടുന്നതിന് അതും ഒരു പരിഹാരം അല്ലെന്ന തിരിച്ചറിവ് ബിജെപി പ്രവർത്തകർക്കുണ്ട്. വിവിധ നിയമസഭാ തെരഞ്ഞെടുപ്പ് സമയങ്ങളിൽ ഇന്ധനവില രണ്ടും മൂന്നും ആഴ്ച്ച വർധിക്കാതെ നിൽക്കുന്നതും വില വർധിക്കുന്നതല്ലാതെ കുറയുന്നില്ല എന്നതും എണ്ണ കമ്പനികൾക്ക് മാത്രമല്ല, ഇക്കാര്യത്തിൽ ബിജെപി നേതൃത്വത്തിന്റെ അറിവും ഇടപെടലും ഉണ്ടെന്ന കാര്യവും പ്രവർത്തകർ ഇപ്പോൾ രഹസ്യമായി എങ്കിലും സമ്മതിക്കുന്നുണ്ട്.

ഇന്ധന വിലയുടെയും പാചക വാതകത്തിന്റെ വിലയുടെയും വർധനവ് പ്രതിസന്ധിയിലാക്കുന്നത് കേരളത്തിലെ ഇടത്തരം കുടുംബങ്ങളെയാണ്. നിർഭാ​ഗ്യവശാൽ ബിജെപിയുടെ പ്രവർത്തകരിൽ ഭൂരിഭാ​ഗവും ഇടത്തരം കുടുംബങ്ങളിൽ നിന്നുള്ളവരാണ്. അതുകൊണ്ടു തന്നെ ഇനിയും പിടിച്ചു നിൽക്കാനും ന്യായീകരിക്കാനും കഴിയില്ലെന്ന നിലപാടിലാണ് ഭൂരിപക്ഷം പ്രവർത്തകരും. സൈബർ ഇടങ്ങളിലെ ചർച്ചകളിൽ പോലും സംഘപരിവാർ അനുകൂലികൾ നിശബ്ദത പാലിക്കുന്നതും അതുകൊണ്ടാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാന നേതൃത്വം ഇക്കാര്യത്തിൽ സ്വീകരിക്കുന്നത് കുറ്റകരമായ മൗനമാണെന്നാണ് നിരവധി പ്രവർത്തകർ പ്രതികരിച്ചത്. ഞങ്ങൾക്ക് സ്വന്തം വീടുകളിൽ പോലും ബിജെപിയെയോ ഇന്ധന വില വർധനവിനെയോ ന്യായീകരിക്കാൻ കഴിയുന്നില്ല. പ്രധാന നേതാക്കളെല്ലാം രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നും കോടികളാണ് സമ്പാദിക്കുന്നത്. ഈ പണം ദേശീയ നേതൃത്വം കണ്ടെത്തി നൽകുന്നത് കോർപ്പറേറ്റുകൾ നൽകുന്ന ഭീമമായ സംഭാവനകളിലൂടെയാണ്. കോർപ്പറേറ്റുകളാകട്ടെ, ഈ പണം കണ്ടെത്തുന്നതിന് സാധാരണ ജനത്തിനെ കൊള്ളയ‌ടിക്കുന്നു. കേന്ദ്ര സർക്കാരും ബിജെപി നേതൃത്വവും അതിന് മൗനാനുവാദം നൽകുന്നു – അടുത്തിടെ ബിജെപി വിട്ട ഒരു പ്രവർത്തകൻ മീഡിയ മം​ഗളത്തോട് പറഞ്ഞു.

കോൺ​ഗ്രസിന്റെ തകർച്ചക്ക് കാരണമായത് അഴിമതി ആയിരുന്നെങ്കിൽ, ബിജെപിക്ക് തിരിച്ച‌ടി ആകുക ഇന്ധന വില വർധനവാകും എന്നാണ് പ്രവർത്തകർ തന്നെ ചൂണ്ടിക്കാട്ടുന്നത്. കോൺ​ഗ്രസിൽ നിന്നും അകന്നത് പരമ്പരാ​ഗതമായി അവർക്ക് വോട്ട് ചെയ്തിരുന്ന ജനങ്ങളാണ്. എന്നാൽ ബിജെപിയിൽ നിന്നും അകലുന്നത് വർഷങ്ങളായി ലാഭേച്ഛ കൂടാതെ പാർട്ടിക്ക് വേണ്ടി പണിയെടുത്ത പ്രവർത്തകരും. ഈ സാഹചര്യം മനസ്സിലാക്കി ദേശീയ നേതൃത്വത്തിനെ ധരിപ്പിക്കുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്നും പ്രവർത്തകർ പറയുന്നു.
ഇതോടെ നിരവധി പേരാണ് പാർട്ടി പ്രവർത്തനം സ്വമേധയാ അവസാനിപ്പിച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലും പരിഹാസത്തിന് പാത്രമാകേണ്ടി വരുന്നു എന്ന പരാതിയും നിരവധി പേർ പങ്കുവെക്കുന്നു. കുടുംബ വാട്സാപ്പ് ​ഗ്രൂപ്പുകൾ മുതൽ ഓഫീസ് ​ഗ്രൂപ്പുകളിൽ വരെ ബിജെപി അനുഭാവികളും പ്രവർത്തകരും ആയിട്ടുള്ളവർക്ക് നേരേ കുടുംബാം​ഗങ്ങളും സുഹൃത്തുക്കളും സഹപ്രവർത്തകരും പരിഹാസശരങ്ങൽ എയ്യുന്നത് പെട്രോളിന്റെയും പാചകവാതകത്തിന്റെയും വിലവർധനവിന്റെ പേരിലാണ് എന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close