Breaking NewsKERALANEWSTrending

സ്വന്തം ശരീരത്തില്‍ നിന്നും വാര്‍ന്നൊഴുകിയ രക്തത്തില്‍ കൈമുക്കി ജയില്‍ ഭിത്തിയില്‍ അരിവാള്‍ ചുറ്റിക വരച്ച സഖാവ് കണ്ണന്‍; എട്ടുപേരെ ഒറ്റ കുഴിയിൽ മൂടിയിട്ടും തകർക്കാൻ പറ്റാത്ത വിപ്ലവ വീര്യം; ഇന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റുകളുടെ ആവേശമായ ഒഞ്ചിയം രക്തസാക്ഷികളുടെ ദിനം

കോഴിക്കോട്: ഇന്ന് ഒഞ്ചിയം രക്തസാക്ഷിത്വത്തിന് 73 വയസ്. 1948 ഏപ്രിൽ 30നാണ് ഒഞ്ചിയം ​ഗ്രാമത്തിൽ പൊലീസിന്റെ നരനായാട്ടിൽ പത്ത് കമ്മ്യൂണിസ്റ്റുകൾക്ക് ജീവൻ നഷ്ടമായത്. മലബാറിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചക്ക് ആവേശമായി മാറിയ സംഭവമായിരുന്നു ഒഞ്ചിയത്തെ പൊലീസിന്റെ നരനായാട്ടും രക്തസാക്ഷിത്വവും. എട്ടുപേർ പോലീസ് വെടിവെപ്പിലും രണ്ടുപേർ ക്രൂരമായ ലോക്കപ്പ് മർദ്ദനത്തെ തുടർന്നുാമാണ് മരിച്ചത്.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ഒഞ്ചിയം എന്ന കര്‍ഷകഗ്രാമം ഉണരുന്നത് ഉത്തരകേരളത്തിലെ നവോത്ഥാനനായകരില്‍ പ്രമുഖനായ വാഗ്ഭടാനന്ദ ഗുരുവിന്റെ ആത്മവിദ്യാ സംഘം പ്രവര്‍ത്തനത്തിലൂടെ ആയിരുന്നു. 1917ല്‍ ഒഞ്ചിയത്തെ കാരക്കാട്ടില്‍ ആത്മവിദ്യാ സംഘം പ്രവര്‍ത്തനം ആരംഭിച്ചു. സാമൂഹികാനാചരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ പോരാട്ടം നയിച്ച സംഘം ഒഞ്ചിയത്തിന്റെ ഉണര്‍വായി. തുടര്‍ന്ന് ദേശീയപ്രസ്ഥാന നായകനായ മൊയാരത്ത് ശങ്കരന്റെ നേതൃത്വത്തില്‍ ഒഞ്ചിയവും സമീപപ്രദേശങ്ങളും ദേശീയ പ്രസ്ഥാനത്തിന്റെയും നവോത്ഥാനപ്രസ്ഥാനത്തിന്റെയും തുടിപ്പുകള്‍ ഏറ്റുവാങ്ങി.

കോണ്‍ഗ്രസ്സ്, കര്‍ഷക സംഘം, കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ടി, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തനത്തില്‍ സജീവമായ പങ്കായിരുന്നു ഒഞ്ചിയം പ്രദേശം വഹിച്ചത്. മണ്ടോടി കണ്ണന്‍, എം.കെ. കേളുവേട്ടന്‍, പി.ആര്‍ , നമ്പ്യാര്‍, എം.കുമാരന്‍ മാസ്റ്റര്‍, എം.ആര്‍ . നാരായണക്കുറുപ്പ്, ചെക്കണ്ണാറത്ത് കുമാരന്‍ മാസ്റ്റര്‍, യു. കുഞ്ഞിരാമന്‍, ചെറിയത്ത് പി. വി. പൊക്കിണന്‍ മാസ്റ്റര്‍, പി.പി. ശങ്കരന്‍, തൈക്കണ്ടി ആണ്ടി മാസ്റ്റര്‍, കെ.പി.കുഞ്ഞിരാമക്കുറുപ്പ്, ചെറിയത്ത് പി.വി. അച്യുതന്‍ മാസ്റ്റര്‍തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഒഞ്ചിയത്തെയും പരിസരത്തെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ച.

കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായതിനാല്‍ ഈ വര്‍ഷവും വിപുലമായ രക്തസാക്ഷി ദിനാചരണം കഴിയാത്ത സാഹചര്യത്തില്‍, കോളറയും വസൂരിയും പോലുള്ള മഹാമാരിയുടെ കാലത്ത് മണ്ടോടി കണ്ണന്‍ ഉള്‍പ്പെടെയുള്ള ഒഞ്ചിയത്തെ കമ്മ്യൂണിസ്റ്റ്് പാര്‍ടിയുടെ പൂര്‍വ്വകാല നേതൃത്വം നടത്തിയത് മാതൃകാരമായ പ്രവര്‍ത്തനങ്ങള്‍ പിന്‍തുടരുകയാണ് ഒഞ്ചിയത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍.

ഒഞ്ചിയത്തെ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും രക്തസാക്ഷി ദിനത്തില്‍ വാക്സിന്‍ ചലഞ്ചില്‍ പങ്കാളികളാവണമെന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം അവരവരാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യാന്‍ തയ്യാറാവണമെന്നും സിപിഐ(എം) ഒഞ്ചിയം ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.

ഏപ്രില്‍ 30 ഒഞ്ചിയം രക്തസാക്ഷി ദിനം ;ചരിത്രം

പാതിരാവിന്റെ നിശ്ശബ്ദതയെ കീറിമുറിച്ചുകൊണ്ട് മെഗഫോണുകള്‍ അലറി. ‘സഖാക്കളെ…ഓടിവരിന്‍…ഒഞ്ചിയത്ത് പട്ടാളം ഇറങ്ങിയിരിക്കുന്നു. നമ്മുടെ നേതാക്കളെ പിടിച്ചു കൊണ്ടു പോകുന്നു…ഓടിവരിന്‍…’ പിന്നെ ഒരാരവമായിരുന്നു. ഇടവഴികളിലും വയല്‍ വരമ്പുകളിലും ചൂട്ടുകറ്റകള്‍ മിന്നി. അര്‍ധനഗ്നരായ ഗ്രാമീണര്‍ ശബ്ദംകേട്ട ചെന്നാട്ടുതാഴ വയലിലേക്ക് ഇരമ്പിയെത്തി.ഇത് ഒഞ്ചിയം. ജന്മിത്തത്തിനും നാടുവാഴിത്തത്തിനുമെതിരെയുള്ള പോരാട്ടത്തില്‍ പത്ത് രണധീരര്‍ ജീവിതം ബലിയര്‍പ്പിച്ച രക്തസാക്ഷി ഗ്രാമം.പട്ടിണിയും പകര്‍ച്ച വ്യാധികളും കൊണ്ട് ജനജീവിതം ദുരിത പൂര്‍ണ്ണമായ 1940 കളില്‍ ജനങ്ങള്‍ക്ക് താങ്ങും തണലുമായി നിന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. ഗ്രാമീണര്‍ കര്‍ഷക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോട് വളരെ വേഗം അടുത്തു. ഒഞ്ചിയത്ത് മണ്ടോടി കണ്ണനെപ്പോലുള്ള ധീര യുവത്വങ്ങള്‍ അവര്‍ക്ക് വഴികാട്ടികളായി നിന്നു.സ്വതന്ത്ര ഭാരതത്തിലെ പ്രഥമ സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് അമിത പ്രതീക്ഷയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സാമ്രാജ്യത്വ വൈതാളികരുടെ നിലപാടുകള്‍ അതേപടി പിന്തുടരുകയായിരുന്നു. തങ്ങളുടെ കഷ്ടപ്പാടുകള്‍ക്ക് അറുതിയായെന്ന ജനങ്ങളുടെ കണക്കുകൂട്ടല്‍ അസ്ഥാനത്തായി. അതുവരെ ലഭിച്ച അരിപോലും റേഷന്‍ കടകളില്‍ നിന്ന് കിട്ടിയില്ല. പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും നിര്‍ബാധം തുടര്‍ന്നു. നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം വിലകയറി.

അരിക്ക് പകരം കമ്പച്ചോളം റേഷന്‍കടകളില്‍ നിര്‍ബന്ധമാക്കി. പൂഴ്ത്തിവെച്ച് അമിതവില വസൂലാക്കി നെല്ലു വില്‍ക്കുന്ന ജന്മിമാരും ഈ സന്ദര്‍ഭത്തില്‍ പട്ടിണി വിറ്റ് ലാഭം കൊയ്തു.പകര്‍ച്ച വ്യാധികളും മാറാ രോഗങ്ങളും പിടിപെട്ട് കഷ്ടപ്പെടുന്നവര്‍ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള വളണ്ടിയര്‍ സംഘം ആശ്വാസമായി. വസൂരി തുടങ്ങിയ രോഗങ്ങള്‍ ബാധിച്ച് ഒറ്റപ്പെട്ട് മരണം പ്രതീക്ഷിച്ച് കിടന്നവരെ പുതുജീവിതത്തിലേക്ക് അവര്‍ കൈപിടിച്ചുയര്‍ത്തി. പട്ടിണികിടക്കുന്നവര്‍ക്ക് ആവുന്നത്ര സഹായം നല്‍കാന്‍ പാര്‍ട്ടി പരിശ്രമിച്ചു. ഇത് ഒഞ്ചിയം ഗ്രാമത്തെ ഒന്നടങ്കം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടടുപ്പിച്ചു.’കമ്മ്യൂണിസ്റ്റ് ശല്യം’ ഒഴിവാക്കാന്‍ ഭരണാധികാരികള്‍ കണ്ട മാര്‍ഗ്ഗം ഭീകര മര്‍ദ്ദനമായിരുന്നു. ഇന്നത്തെ മലബാറിലെ വടകര, കൊയിലാണ്ടി താലൂക്കുകള്‍ ഉള്‍പ്പെട്ട പ്രദേശമായിരുന്നു പഴയ കുറുമ്പ്രനാട് താലൂക്ക്. ഭക്ഷ്യ പ്രക്ഷോഭത്തിലേര്‍പ്പെട്ട് പ്രതിഷേധ പ്രകടനം നടത്തിവന്നവരെ പുതിയ ഭരണാധികാരികള്‍ പരസ്യമായും രഹസ്യമായും വേട്ടയാടി. രാജ്യത്തിന്റെ ഒട്ടേറെ ഭാഗങ്ങളില്‍ പലരെയും നിഷ്‌കരുണം വെടിവെച്ചുകൊല്ലാന്‍ തുടങ്ങി. കുറുമ്പ്രനാട് താലൂക്കിലെ മിക്ക വില്ലേജുകളിലും പ്രകടനങ്ങള്‍ നടന്നു. ഒഞ്ചിയത്തും റേഷന്‍ കടകള്‍ക്ക് മുന്നില്‍ പ്രകടനങ്ങളും പ്രതിഷേധങ്ങളും നടന്നിരുന്നു. ‘കല്‍ക്കത്താ കോണ്‍ഗ്രസി’ന്റെ വിശദീകരണത്തിനായി കമ്മ്യൂണിസ്റ്റുകാര്‍ തിരഞ്ഞെടുത്ത യോഗസ്ഥലം ഒഞ്ചിയമായിരുന്നു.1948 ഏപ്രില്‍ 29. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കുറുമ്പ്രനാട് താലൂക്ക് കമ്മിറ്റിയോഗം ഒഞ്ചിയത്ത് ചേരുന്നു. വിവരം മണത്തറിഞ്ഞ പൊലീസ് നേതാക്കളെ ഒന്നടങ്കം അറസ്റ്റ് ചെയ്യാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു.കല്‍ക്കത്താ കോണ്‍ഗ്രസ് കഴിഞ്ഞ് നേതാക്കള്‍ നാട്ടിലേക്ക് എത്തിക്കൊണ്ടിരുന്നതേയുള്ളൂ.

ചരിത്ര പ്രസിദ്ധമായ പാര്‍ട്ടികോണ്‍ഗ്രസ് തീരുമാനം കേട്ട ഭരണാധികാരികള്‍ ഉറഞ്ഞുതുള്ളി. പാര്‍ട്ടിയുടെ താലൂക്ക് കമ്മിറ്റി സെക്രട്ടറി എം കുമാരന്‍മാസ്റ്റര്‍ ആയിരുന്നു. പി ആര്‍ നമ്പ്യാരായിരുന്നു പാര്‍ട്ടി കോണ്‍ഗ്രസ്സ് തീരുമാനം റിപ്പോര്‍ട്ടുചെയ്യാന്‍ എത്തിയത്. എം കെ കേളുഏട്ടന്‍, പി കെ കെ അബ്ദുള്ള, പി രാമക്കുറുപ്പ്, അപ്പുനമ്പ്യാര്‍, പി പി ശങ്കരന്‍, എം കെ രാമന്‍മാസ്റ്റര്‍, കെ പി കുഞ്ഞിരാമന്‍, എന്‍ കെ കൃഷ്ണന്‍ നമ്പ്യാര്‍, യു കുഞ്ഞിരാമന്‍ എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങള്‍. നേതാക്കള്‍ ഒഞ്ചിയത്ത് രഹസ്യകേന്ദ്രങ്ങളില്‍ എത്തിക്കൊണ്ടിരുന്നു. ഒറ്റുകാരുടെ നീക്കം മനസ്സിലാക്കിയ പാര്‍ട്ടി നേതൃത്വം പിന്നീട് യോഗസ്ഥലം സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റുകയായിരുന്നു.ഏപ്രില്‍ 30ന് അതിരാവിലെ ഏതാനും എം എസ് പിക്കാരോടുകൂടി പൊലീസ് മേധാവികള്‍ ഒഞ്ചിയത്തേക്ക് പുറപ്പെട്ടു. മുക്കാളിയില്‍ വന്നിറങ്ങിയ സംഘത്തില്‍ കമ്മ്യൂണിസ്റ്റ് വേട്ടയില്‍ കുപ്രസിദ്ധരായ ഇന്‍സ്പെക്ടര്‍ അടിയോടിയും സബ്ഇന്‍സ്പെക്ടര്‍ തലൈമയും ഉണ്ടായിരുന്നു. ‘ചെറുപയര്‍ പട്ടാള’മെന്ന കോണ്‍ഗ്രസ് ദേശരക്ഷാസേന അവര്‍ക്ക് വഴികാട്ടികളായി.പൊലീസ് കുടിലുകള്‍തോറും അരിച്ചുപെറുക്കിക്കൊണ്ടിരുന്നു. പിന്നെ ക്രൂര മര്‍ദ്ദനമായിരുന്നു. നിലവിളി വീടുകളില്‍നിന്നു വീടുകളിലേക്ക് വ്യാപിച്ചു. ഒടുവില്‍ കര്‍ഷകകാരണവരായ പുളിയുള്ളതില്‍ വീട്ടില്‍ ചോയിയേയും മകന്‍ കണാരനേയും അറസ്റ്റ് ചെയ്ത് കൈയ്യാമം വെച്ച് അവര്‍ മുന്നോട്ട് നീങ്ങി. ഇവരെ വിട്ടുകിട്ടണമെങ്കില്‍ നേതാക്കളെ ചൂണ്ടിക്കൊടുക്കണമെന്നായിരുന്നു കല്പന.

ജനനേതാക്കളെ സ്വന്തം ഹൃദയത്തിലേറ്റിയ ഗ്രാമീണര്‍ക്ക് ഇത് അസഹ്യമായിരുന്നു. അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കാന്‍ അവര്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ചെന്നാട്ട്താഴ വയലിലെത്തിയപ്പോള്‍ ജനം പൊലീസ് സംഘത്തിന്റെ വഴിതടഞ്ഞു. സായുധസേന ഞെട്ടിത്തരിച്ചു. വെടിവെയ്ക്കുമെന്ന് പൊലീസ് തലവന്‍ ഭീഷണി മുഴക്കി. ജനം കൂസിയില്ല.ധീരനായ അളവക്കന്‍ കൃഷ്ണന്‍ നിറതോക്കിന് മുമ്പില്‍ വിരിമാറ് കാട്ടി ഗര്‍ജ്ജിച്ചു: ‘വെയ്ക്കിനെടാ വെടി’… പിന്നെ തുരുതുരാ വെടിവെപ്പായിരുന്നു. വെടിയുണ്ടകളില്‍ നിന്നും രക്ഷപ്പെടാന്‍ എല്ലാവരും കമിഴ്ന്ന് കിടക്കണമെന്ന് എം കുമാരന്‍ മാസ്റ്റര്‍ വിളിച്ചുപറഞ്ഞു. ജനം ഇത് അനുസരിച്ചതിനാല്‍ ഏറെപ്പേര്‍ വെടിയുണ്ടകളില്‍ നിന്നും രക്ഷപ്പെട്ടു.അളവക്കന്‍ കൃഷ്ണന്‍, കെ എം ശങ്കരന്‍, വി കെ രാഘൂട്ടി, സി കെ ചാത്തു, മേനോന്‍ കണാരന്‍, വി പി ഗോപാലന്‍, പുറവില്‍ കണാരന്‍, പാറോള്ളതില്‍ കണാരന്‍ എന്നിവര്‍ വെടിയുണ്ടകളേറ്റ് വീണു. തിരയൊഴിഞ്ഞ തോക്കുകളുമായി നിന്ന പൊലീസുകാരെ ജനങ്ങള്‍ കണക്കിന് തിരിച്ചടിച്ചു. വടകരയില്‍ നിന്നും വന്‍ പൊലീസ് പട ഒഞ്ചിയത്തെത്തി ഭീകര താണ്ഡവമാടി. വെടിയേറ്റ് വീണവര്‍ക്ക് ഒരുതുള്ളി വെള്ളം കൊടുക്കാന്‍പോലും പൊലീസ് അനുവദിച്ചില്ല. മരിച്ചവരെയും മൃതപ്രായരായവരെയും പച്ചോലകളില്‍കെട്ടി പി സി സി വക ലോറിയിലെടുത്തെറിഞ്ഞ് വടകരയിലേക്ക് കൊണ്ടുപോയി. അവിടെ പുറങ്കര കടപ്പുറത്ത് ഒരു കുഴിവെട്ടി എട്ടുപേരേയും അതില്‍ അടക്കം ചെയ്തു. പിന്നീട് നടന്ന ഭീകര ലോക്കപ്പ് മര്‍ദ്ദനത്തില്‍ മണ്ടോടി കണ്ണനും കൊല്ലാച്ചേരി കുമാരനും രക്തസാക്ഷികളായി.ഒഞ്ചിയത്തിന്റെ ഇതിഹാസമായ മണ്ടോടികണ്ണന്‍ ജനങ്ങളുടെ മനസ്സില്‍ ഇന്നും രക്തനക്ഷത്രമായി ജ്വലിച്ചുനില്‍ക്കുന്നു. അറസ്റ്റുചെയ്ത് ലോക്കപ്പിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചപ്പോഴും കണ്ണന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സിന്ദാബാദ് വിളിച്ചു. ഒടുവില്‍ സ്വന്തം ശരീരത്തില്‍ നിന്നും വാര്‍ന്നൊഴുകിയ രക്തത്തില്‍ കൈമുക്കി വടകരയിലെ ജയില്‍ ഭിത്തിയില്‍ അരിവാള്‍ ചുറ്റിക വരച്ചുവെച്ച് കണ്ണന്‍ ഭരണാധികാരികളെ ഞെട്ടിക്കുകയായിരുന്നു.

ജീവ രക്തം കൊണ്ട് ചെങ്കൊടിനാട്ടിയ ഒഞ്ചിയത്തെ ധീര സഖാക്കള്‍ :

*അളവക്കന്‍ കൃഷ്ണന്‍
*കെ.എം.ശങ്കരന്‍
*വി.പി.ഗോപാലന്‍
*വി.കെ.രാഘൂട്ടി
*സി.കെ.ചാത്തു
*മേനോന്‍ കണാരന്‍
*പുറവില്‍ കണാരന്‍
*പാറോള്ളതില്‍ കണാരന്‍
*കൊല്ലാച്ചേരി കുമാരന്‍
*മണ്ടോടി കണ്ണന്‍

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close