KERALATop News

സ്വപ്നയുമായുള്ള ബന്ധം: ബിജെപി നേതാക്കള്‍ മുള്‍മുനയില്‍

കോഴിക്കോട്: ബിജെപി- ആര്‍എസ്എസ് പിന്തുണയുള്ള ചാനലിലെ വാര്‍ത്താമേധാവി സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്നയുമായുള്ള ബന്ധത്തിന്റെ പേരില്‍ പുറത്തായതോടെ ബിജെപിയിലെ കൂടുതല്‍ നേതാക്കള്‍ ആശങ്കയില്‍. അനില്‍ നന്പ്യാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പല നേതാക്കള്‍ക്കും സ്വപ്നയുമായും അടുപ്പമുണ്ടെന്ന സൂചനകളിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ബിജെപിയെ സഹായിക്കാന്‍ യുഎഇ കോണ്‍സുലേറ്റിനോടു പറയണമെന്നു അനില്‍ നന്പ്യാര്‍ നിര്‍ദേശിച്ചതായി സ്വപ്ന കസ്റ്റംസിനു മൊഴി നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ നേതാക്കളെയും സംശയനിഴലില്‍ ആക്കിയിരിക്കുന്നത്. പാര്‍ട്ടിയെന്ന നിലയില്‍ ബിജെപിക്കു കോണ്‍സുലേറ്റിന്റെ എന്തു സഹായമാണ് പ്രതീക്ഷിക്കുന്നതെന്ന സംശയാണ് ബാക്കിയാകുന്നത്. ബിജെപിയിലെ ഏതെങ്കിലും നേതാക്കളുടെ ഇടപാടുകള്‍ക്കു വേണ്ടിയാണോ ഈ നിര്‍ദേശം മുന്നോട്ടുവച്ചതെന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.

കേരളത്തിലെ രാഷ്ട്രീയ നേതാക്കളില്‍ പലര്‍ക്കും ദുബായില്‍ അടക്കം ബെനാമി ബിസിനസുകളും സാന്പത്തിക ഇടപാടുകളുമുണ്ടെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിട്ടുള്ളതാണ്. മാത്രമല്ല, അനില്‍ നന്പ്യാര്‍ക്ക് യുഎഇയില്‍ സാന്പത്തിക ഇടപാടുകള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു. ഇതിനെത്തുടര്‍ന്നുള്ള വഞ്ചനാക്കേസില്‍ അറസ്റ്റ് ഭീഷണിയും നിലനിന്നിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്ത് വഴി സ്വപ്നയെ കാണുകയും സ്വപ്നയ്ക്കു കോണ്‍സുലേറ്റിലുള്ള സ്വാധീനം ഉപയോഗിച്ച് ഈ കേസ് തീര്‍ക്കുകയുമായിരുന്നെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഇതേത്തുടര്‍ന്ന് അനില്‍ നന്പ്യാര്‍ യുഎഇ യാത്ര നടത്തുകയും ചെയ്തിരുന്നു. കോണ്‍സുലേറ്റിന്റെ സഹായം ബിജെപിക്കോ അതോ ഏതെങ്കിലും നേതാക്കള്‍ക്കോ ലഭിച്ചിട്ടുണ്ടോയെന്നത് അന്വേഷണ വിധേയമാക്കണമെന്നാണ് രാഷ്ട്രീയ എതിരാളികള്‍ ആവശ്യപ്പെടുന്നത്.

ബിജെപിയുടെ കേരളത്തിലെ പല നേതാക്കളെയും നയിക്കുന്നതു പാര്‍ട്ടിയുടെ ആദര്‍ശങ്ങളേക്കാള്‍ സാന്പത്തിക താത്പര്യങ്ങളാണെന്ന ആരോപണം നേരത്തെ തന്നെയുണ്ട്. വോട്ടുകച്ചവടം അടക്കമുള്ള ആരോപണങ്ങളും ഇതിനുമുന്പും ബിജെപിയെ വേട്ടയാടിയിട്ടുണ്ട്. അതേസമയം, ആരോപണത്തില്‍ കേന്ദ്രമന്ത്രി വി. മുരളീധരനെ അടക്കം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്. നയതന്ത്രബാഗേജ് അല്ല സ്വകാര്യ ബാഗേജ് ആണ് വന്നതെന്നു പറയണമെന്നു അനില്‍ നന്പ്യാര്‍ സ്വപ്നയെ ഉപദേശിച്ചതാണ് ഇപ്പോള്‍ ഏറ്റവും വലിയ വിവാദമായിരിക്കുന്നത്. കോണ്‍സുലേറ്റ് ഇതുപറഞ്ഞ് പത്രക്കുറിപ്പ് ഇറക്കണമെന്നും അനില്‍ ഉപദേശിച്ചെന്നും ആ പത്രക്കുറിപ്പ് തയാറാക്കാന്‍ അനിലിനോടുതന്നെ പറഞ്ഞെന്നും അനില്‍ സമ്മതിച്ചെന്നും സ്വപ്ന മൊഴി നല്‍കിയിരുന്നു.

കേസിന്റെ തുടക്കത്തില്‍ നയതന്ത്രബാഗേജ് അല്ല എന്ന ഇതേ നിലപാട് പരസ്യമായി പ്രഖ്യാപിച്ചതാണ് കേന്ദ്രമന്ത്രി വി.മുരളീധരന് ഇപ്പോള്‍ വിനയായി മാറിയിക്കുന്നത്. അന്വേഷണ ഏജന്‍സിപോലും നയതന്ത്ര ബാഗേജ് ആണെന്നു പറഞ്ഞിട്ടും അതിനു വിരുദ്ധമായ നിലപാട് കേന്ദ്രമന്ത്രി സ്വീകരിച്ചതു ദുരൂഹമാണെന്നു സിപിഎം ആരോപിച്ചിരുന്നു. എന്തായാലും സ്വര്‍ണക്കടത്തു കേസില്‍ സിപിഎമ്മും ബിജെപിയും ഒരുപോലെ വെട്ടിലായെന്നതാണ് ഒടുവിലത്തെ കാഴ്ച.

Tags
Show More

Related Articles

Back to top button
Close