KERALATrending

സ്വപ്‌ന സുരേഷിന് ദാവൂദ് ഇബ്രാഹിമുമായി ബന്ധമെന്ന് റിപ്പോര്‍ട്ട്; സ്വര്‍ണക്കടത്ത് അന്വേഷണം അന്താരാഷ്ട്രതലത്തിലേക്ക്

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്തു കേസ് പുതിയ വഴിത്തിരിവിലേക്ക്. സ്വപ്ന സുരേഷിന് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി ബന്ധമെന്ന് സൂചന. സ്വര്‍ണക്കടത്ത് പ്രതികള്‍ക്ക് പാക് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് സ്വര്‍ണക്കള്ളക്കടത്തില്‍ പിടിയിലാവുന്നവര്‍ക്ക് ദാവൂദ് ഇബ്രാഹിമിന്റെ സഹായി നദീമുമായുള്ള ബന്ധം എന്‍ഐഎ ഗൗരവത്തോടെയാണ് എടുക്കുന്നത്. അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്ബിഐയാണ് ഇയാളെ പറ്റിയുള്ള വിവരം ഇന്ത്യയ്ക്ക് കൈമാറിയത്. 2019ല്‍ സ്വര്‍ണക്കടത്തില്‍ പിടിയിലായ തിരുവനന്തപുരം സ്വദേശികളായ സെറീനാ ഷാജിക്കും നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച സ്വപ്നാ സുരേഷിനും സംഘത്തിനും നദീമുമായി ബന്ധമുള്ളതായി എന്‍ഐഎ കണ്ടെത്തിയിരുന്നു. സ്വര്‍ണക്കടത്തുകേസില്‍ പിടിയിലായ സന്ദീപിന്റെ കാര്‍ പൂനെയില്‍ രജിസ്റ്റര്‍ ചെയ്തതും ദാവൂദ് ബന്ധത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മുംബൈ-ഗോവ ഹൈവേയില്‍ ട്രക്ക് ഇടിച്ച് ദാവൂദ് ഇബ്രഹാമിന്റെ അനന്തരവന്‍ ദനീഷ് പാര്‍ക്കര്‍ കൊല്ലപ്പെട്ടതിനെ കുറിച്ചുള്ള അന്വേഷണം തിരുവനന്തപുരത്തേയക്ക് നീണ്ടിരുന്നു. ദാവൂദിന്റെ ഇളയ സഹോദരി ഹസീന പാര്‍ക്കറുടെ മകനാണ് ദനീഷ് പാര്‍ക്കര്‍.
ഇയാള്‍ സഞ്ചരിച്ചിരുന്ന കാര്‍ 2006ല്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ദനീഷും ഡ്രൈവറും സംഭവസ്ഥലത്തു മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന് തിരുവനന്തപുരം ബന്ധം ഉള്ളതായി സ്ഥിരീകരിച്ചിരുന്നു. മാത്രമല്ല മറ്റൊരു അധോലോക നായകന്‍ രവി പൂജാരിയുമായും സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ ബന്ധപ്പെട്ടിരുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്. നടി ലീന മരിയ പോളിന്റെ കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസിലെ മുഖ്യ പ്രതി ഡോ. അജാസിനെ ദുബായില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാംപ്രതി ഫൈസല്‍ ഫരീദാണ് എന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സിനിമാനിര്‍മ്മാതാവു കൂടിയായ അജാസും ഫൈസലും ഒരുമിച്ചുള്ള ഫോട്ടോ കേരള പൊലീസിന്റെ കൈവശമുണ്ടെന്നാണു വിവരം. പൊലീസാണു ചിത്രം കസ്റ്റംസിനു കൈമാറിയത്. വിദേശത്തുള്ള അജാസിനെ പിടികൂടാന്‍ ക്രൈം ബ്രാഞ്ച് ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്. അധോലോക കുറ്റവാളി രവി പൂജാരിക്കു വേണ്ടിയായിരുന്നു അജാസ് ക്വട്ടേഷന്‍ ഏറ്റെടുത്തതെന്നാണു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ഇതു കൂടാതെയാണ് ഇപ്പോള്‍ ഡി കമ്പനിയുമായുള്ള ബന്ധവും ചര്‍ച്ചയാകുന്നത്. കോണ്‍സുലേറ്റിനെ മറയാക്കി ദുബായില്‍ സ്വര്‍ണക്കടത്ത് നിയന്ത്രിച്ചിരുന്നവരില്‍ ഒരു പ്രമുഖ ബില്‍ഡറും ഉള്‍പ്പെട്ടതായാണ് സൂചന. കള്ളക്കടത്തുകാര്‍ക്ക് സഹായം നല്‍കാന്‍ തിരുവനന്തപുരത്ത് വിമാനത്താവള ജീവനക്കാരും പൊലീസും അഭിഭാഷകരും ഉള്‍പ്പെടുന്ന വലിയ സംഘം തന്നെയുണ്ട്. കള്ളക്കടത്തുമായി പിടിക്കപ്പെടുന്നവര്‍ വെറും കാരിയേഴസ് മാത്രമാണ്. അവര്‍ കൊണ്ടുവരുന്ന സാധനങ്ങള്‍ കൈപ്പറ്റുന്നവരിലേയക്ക് അന്വേഷണം പോകാറില്ല.
വിമാനത്താവളത്തില്‍ ആരെങ്കിലും പിടിക്കപ്പെട്ടാല്‍ പിഴയടയക്കാനും ജാമ്യത്തിലിറക്കാനും ഉടന്‍ ആളെത്തും. ഏതാനും വര്‍ഷമായി പിടിക്കപ്പെട്ടവര്‍ക്ക് ജാമ്യം നിന്നവര്‍ കേസ് നടത്തിയവര്‍ എന്നിവരുടെ ബന്ധങ്ങള്‍ അന്വേഷിക്കുണ്ട്. ഇതിനെല്ലാം പണമിറക്കുന്നത് ഡി കമ്പനിയാണെന്നാണ് ഉയരുന്ന സംശയം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് സ്വര്‍ണം പിടികൂടിയ കേസുകളുടെ പൂര്‍ണവിവരം എന്‍ഐഎ ആവശ്യപ്പെട്ടതിന്‍ പ്രകാരം പോലീസും എക്സൈസും കൈമാറിയിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ശ്രമിച്ച ഒന്നരക്കിലോ സ്വര്‍ണവുമായി നാലു സ്ത്രീകളടക്കം ആറുപേരെ എയര്‍ കസ്റ്റംസ് പിടികൂടിയിരുന്നു.
ഇത് അന്വേഷണ ഏജന്‍സികളെ വെട്ടിലാക്കാനാണ്. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ കാര്‍ഗോ സംവിധാനങ്ങള്‍ ഇല്ലെന്നതും ഇവര്‍ പഴുതാക്കി എടുക്കുന്നു. പിടിയിലായവരെല്ലാം ഡാന്‍സ് ബാര്‍ ജീവനക്കാരാണ്. കോവിഡ് വ്യാപനത്തെത്തുടടര്‍ന്ന് ഗള്‍ഫിലെ ഡാന്‍സ് ബാറുകള്‍ തുറക്കുന്നില്ല. ജീവനക്കാര കാരിയര്‍മാരായി ഉപയോഗിച്ചതാണെന്ന് വ്യക്തമായിരുന്നു. ദുബായിലെ ഡാന്‍സ് ബാറുകളില്‍ പലതും നടത്തുന്നത് ഡി കമ്പനിയാണ്. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിന്റെ മുന ദാവൂദിലേക്കും ഡി കമ്പനിയിലേക്കും തിരിയുന്നത്.

Tags
Show More

Related Articles

Back to top button
Close