സൂറത്ത്: കോവിഡ് മഹാമാരി മനുഷ്യ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ചെറുതല്ല. വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതോടെ നമുക്ക് ലഭിച്ച പുതിയ ശീലങ്ങളിലൊന്നാണ് മാസ്‌ക് ധരിക്കല്‍. രോഗകാരിയായ വൈറസില്‍ നിന്നും സംരക്ഷണം നല്‍കുകയാണ് മാസ്‌കിന്റെ ഉദ്ദേശ ലക്ഷ്യമെങ്കിലും ഫാഷന്‍ വിപണിയെ സ്വാധീനിക്കുന്ന ഒരു അഭിഭാജ്യ ഘടകമായി അതു മാറി. വിവിധ തരത്തിലുള്ള മാസ്‌കുകള്‍ ഇപ്പോള്‍ വിപണയില്‍ ലഭ്യമാകാറുണ്ട്. അതില്‍ ആദ്യം ശ്രദ്ധേയമായത് വെള്ളികൊണ്ട് നിര്‍മിച്ച മാസ്‌ക് ആയിരുന്നു. പിന്നാലെ തന്നെ പൂനെ സ്വദേശി സ്വര്‍ണം കൊണ്ടും മാസ്‌ക് ധരിച്ചു. തമിഴ്‌നാട്ടില്‍ പൊറോട്ട കൊണ്ട് ഉണ്ടാക്കിയ മാസ്‌ക് ഏറെ ശ്രദ്ധനേടി. അത്തരത്തില്‍ വ്യത്യസ്തമായ ഒരു മാസ്‌ക്കാണ് സൂറത്തിലെ ഒരു ജ്വല്ലറിയിലുള്ളത്. അല്‍പ്പം വിലകൂടിയ മാസ്‌ക് ആണിത്. ഒരു മാസ്‌കിന് 1.5 ലക്ഷം മുതല്‍ 4 ലക്ഷം രൂപ വരെയാണ് വില. ഡയമണ്ട് പതിപ്പിച്ചതിനാലാണ് ഈ മാസ്‌കിന് ഇത്രയധികം വില.
സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങളെല്ലാം പാലിച്ചാണ് മാസ്‌കിനുള്ള തുണി തെരഞ്ഞെടുത്തതെന്ന് ജ്വല്ലറി ഉടമ ദീപക് ചോക്സി പറയുന്നു. വിവാഹത്തിന് വധുവിനും വരനും വ്യത്യസ്തമായ മാസ്‌ക് നിര്‍മ്മിക്കണമെന്ന് ഒരു ഉപഭോക്താവ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തരമൊരു ആശയം ഉടലെടുത്തതെന്നും ദീപക് പറഞ്ഞു.
നിരവധി പേരാണ് ഡയമണ്ട് പതിപ്പിച്ച ഈ മാസ്‌കുകള്‍ വാങ്ങാനെത്തുന്നതെന്നും മാസ്‌കിന് ഡിമാന്‍ഡ് ഏറെയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉപഭോക്താക്കളുടെ ആവശ്യാനുസരണം മാസ്‌കില്‍ നിന്നും ഡയമണ്ട് മാറ്റി ആഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശുദ്ധമായ വജ്രം ഉപയോഗിച്ചും അമേരിക്കന്‍ വജ്രം ഉപയോഗിച്ചും സ്വര്‍ണം ഉപയോഗിച്ചുമാണ് മാസ്‌കുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അമേരിക്കന്‍ വജ്രം ഉപയോഗിച്ചിരിക്കുന്ന മാസ്‌കിന് 1.5 ലക്ഷം രൂപയും ശുദ്ധമായ വജ്രം പതിപ്പിച്ച മാസ്‌കിന് 4 ലക്ഷം രൂപയുമാണ് വില. മാസ്‌കിന്റെ പല വറൈറ്റികളും ഇനി കാണാനിരിക്കുന്നതെയുള്ളു.
സ്വര്‍ണം, വെള്ളി, ഡയമണ്ട് മാസ്‌ക് മാസ്സാവുന്നു
