KERALANEWS

സ്വര്‍ണക്കടത്തില്‍ ബന്ധമുള്ളതായി ആരോപണം, ശിവശങ്കരന്‍ പുറത്തേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് ശിവശങ്കര്‍ ഐഎഎസിനെ മാറ്റി. സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതിയും ഐടി വകുപ്പിനു കീഴിലെ സ്ഥാപനത്തിലെ താത്കാലിക ഉദ്യോഗസ്ഥയുമായ സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. മിര്‍ മുഹമ്മദ് ഐഎഎസ് അധിക ചുമതല നല്‍കി. അതേസമയം ശിവശങ്കര്‍ ഐടി സെക്രട്ടറിയായി തുടരുമോയെന്ന കാര്യം വ്യക്തമല്ല. കേസില്‍ ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. അദ്ദേഹത്തെ ചോദ്യം ചെയ്താല്‍ അത് മുഖ്യമന്ത്രിയുടെ ഓഫിസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും. ഈ സാഹചര്യത്തിലാണ് ഇപ്പോഴത്തെ നടപടി. മുഖ്യമന്ത്രിയുടെ വകുപ്പിന് കീഴില്‍ സ്വപ്‌നാ സുരേഷിനു എങ്ങനെ നിയമനം ലഭിച്ചുവെന്ന ചോദ്യം ഉയര്‍ന്നിരുന്നു. നിയമനം തന്റെ അറിവോടെയല്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. യുഎഇ കോണ്‍സുലേറ്റിനുള്ള ബാഗേജില്‍ 13.5 കോടി രൂപയുടെ 30 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തതിന് പിന്നാലെ കോണ്‍സുലേറ്റിലെ മുന്‍ പിആര്‍ഒ സരിത്തിനെ അറസ്റ്റ് ചെയ്തിരുന്നു. സരിത്തിനെ ചോദ്യം ചെയ്തതില്‍ നിന്നാണ്, ഐടി വകുപ്പിന് കീഴിലുള്ള കേരള ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിലെ (കെഐടിഐഎല്‍) ഉദ്യോഗസ്ഥയും മുന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥയുമായ സ്വപ്ന സുരേഷിന്റെ പങ്ക് പുറത്തുവന്നത്. സ്വപ്ന സുരേഷിന്റെ ഫ്‌ളാറ്റില്‍ നിത്യസന്ദര്‍ശകനായിരുന്നു ശിവശങ്കറെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
നേരത്തെ കോവിഡ് ഡാറ്റ വിശകലനവുമായി ബന്ധപ്പെട്ട് യുഎസ് കമ്പനി സ്പ്രിംഗ്‌ളറുമായുള്ള കരാറിലും ശിവശങ്കര്‍ ആരോപണവിധേയനായിരുന്നു. താനാണ് സ്പ്രിംഗ്‌ളറുമായുള്ള കരാറിന് തീരുമാനമെടുത്തത് എന്നാണ് ശിവശങ്കര്‍ അന്ന് വിശദീകരിച്ചത്. സ്വകാര്യ കമ്പനി സ്പ്രിംഗ്‌ളറിന്റെ പരസ്യത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ശിവശങ്കര്‍ വന്നതും സര്‍ക്കാര്‍ മുദ്ര സ്പ്രിംഗ്‌ളര്‍ പരസ്യത്തില്‍ ഉപയോഗിച്ചതും വിവാദമായിരുന്നു. അതേസമയം അന്വേഷണവുമായി സഹകരിക്കുമെന്ന് ശിവശങ്കര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഒളിവിലുള്ള സ്വപ്ന സുരേഷിന് വേണ്ടി തെരച്ചില്‍ തുടരുകയാണ്.

Tags
Show More

Related Articles

Back to top button
Close