സ്വര്‍ണക്കടത്ത് കേസില്‍ അറ്റാഷെയ്ക്ക് പങ്കുള്ളതായി എന്‍ഐഎ പറഞ്ഞിട്ടില്ലെന്ന് വി. മുരളീധരന്

ന്യുഡല്‍ഹി: സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇ അറ്റാഷെ സംശയത്തിന്റെ നിഴലില്‍ അല്ലെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്. അറ്റാഷെയ്ക്ക് പങ്കുള്ളതായി എന്‍ഐഎ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. കേസില്‍ പ്രതികളായ ചിലര്‍ അറ്റാഷെയ്ക്കെതിരെ മൊഴി നല്‍കിയെന്ന പേരില്‍ മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞുകേള്‍ക്കുന്നത്. അറ്റാഷെയ്ക്കോ നയതന്ത്ര പ്രതിനിധിക്കോ് രാജ്യത്തിന് പുറത്തേക്ക് പോകുന്നതിന് സര്‍ക്കാരിനെ അറിയിക്കേണ്ട കാര്യമില്ല. മുന്‍കൂട്ടി ടൂര്‍ പരിപാടി അറിയിച്ചിട്ടല്ല രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ വീസയ്ക്ക് പ്രശ്നം നേരിടുന്നുള്ളു. അംബാസഡറിനെ കാര്യങ്ങള്‍ ധരിപ്പിച്ചുണ്ട്. അറ്റാഷെ തിരിച്ചുവരില്ലെന്ന് ആരാണ് പറഞ്ഞത്. തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് നയതന്ത്ര ബാഗേജിലല്ലെന്നും വി.മുരളീധരന് ആവര്‍ത്തിച്ചു. നയതന്ത്ര ബാഗേജ് എന്ന വ്യാജേനയാണ് സ്വര്‍ണക്കടത്ത് നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അറ്റാഷെയ്ക്കെതിരെ പ്രതികള്‍ മൊഴി നല്‍കിയെന്ന് ആഭ്യന്തര വകുപ്പ് ഇമിഗ്രേഷന്‍ വകുപ്പിനെ അറിയിക്കുന്നത് വരെ ഇമിഗ്രേഷന്‍ തടഞ്ഞുനിര്‍ത്താന്‍ കഴിയില്ല. വിദേശകാര്യ വകുപ്പിന് ഇതില്‍ ബന്ധമില്ല. ആഭ്യന്തര വകുപ്പാണ് ഇമിഗ്രേഷന്‍ നോക്കുന്നത്. കേസില്‍ യു.എ.ഇ കോണ്‍സുലേറ്റ് ചിത്രത്തിലേക്ക് വന്നിരിക്കുന്നുവെന്നത് താന്‍ അംഗീകരിക്കുന്നുവെന്നും മുരളീധരന് വ്യക്തമാക്കി. അറ്റാഷെയ്ക്ക് പുറത്തുപോകുന്നതില്‍ ഒരു തടസ്സവുമില്ല. അയാള്‍ പോകുന്ന കാര്യമോ തിരിച്ചുവരുന്ന കാര്യമോ അംബാസഡര്‍ അറിയിച്ചിട്ടില്ല. അന്വേഷണ ഏജന്‍സി തന്റെ കയ്യിലല്ല, അവര്‍ നിഷ്പക്ഷമായ അന്വേഷണമാണ് നടത്തുന്നത്. അന്വേഷണത്തില്‍ സംശയകരമായ എന്തെങ്കിലൂം കണ്ടാല്‍ അവര്‍ നടപടിയെടുക്കും. ഇനി കുറ്റം ചെയ്തുവെന്ന് കണ്ടെത്തിയാല്‍, അയാള്‍ നയതന്ത്ര പ്രതിനിധിയാണെങ്കില് പോലും നയതന്ത്ര ബന്ധമുപയോഗിച്ച് നടപടി സ്വീകരിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ട്. കടല്‍ക്കൊലകേസില്‍ നടന്നതുമായി ഇതിന് ബന്ധമില്ലെന്നും വി.മുരളീധരന് കൂട്ടിച്ചേര്‍ത്തു.