ന്യൂഡല്‍ഹി: ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയും അദ്ദേഹത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുക്കുകയും ചെയ്തതോടെ സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായകമായ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍.
‘കേരള സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും എല്ലാം അതിശക്തമായ പ്രതിരോധത്തെയും കേസിന്റെ തെളിവുകള്‍ നശിപ്പിക്കാനും കേസ് അട്ടിമറിക്കാനുളള ശ്രമങ്ങളെയും ചെറുത്തുതോല്‍പിച്ചുകൊണ്ട് അന്വേഷണ ഏജന്‍സികള്‍ ഈ അന്വേഷണത്തെ നിര്‍ണായകമായ ഒരു ഘട്ടത്തിലെത്തിച്ചിരിക്കുകയാണ്.നേരിട്ട് ഈ സംഭവത്തില്‍ പങ്കാളികളായിട്ടുളളവരില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ഉന്നതരിലേക്ക് അന്വേഷണം എത്തുന്നതിന്റെ തുടക്കമായിട്ടാണ് ശിവശങ്കറിന്റെ കസ്റ്റഡിയെ കാണുന്നത്’ എന്നും മുരളീധരന്‍ പറഞ്ഞു. കൂടുതല്‍ നാണക്കേടിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതിന് മുമ്പ് മുഖ്യമന്ത്രി രാജിവെച്ചൊഴിയുന്നതാണ് പാര്‍ട്ടിക്കും സര്‍ക്കാരിനും കേരളത്തിനും നല്ലത്. അന്വേഷണം ശിവശങ്കറില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന കാര്യമാണെന്ന് ബി.ജെ.പി. കരുതുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.