തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനം ചൊവ്വാഴ്ച. കേസില്‍ ശിവശങ്കറിനെ പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ കസ്റ്റംസ് നിയമോപദേശം തേടി. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചോദ്യം ചെയ്യലില്‍ വ്യക്തമായ മറുപടി നല്‍കാന്‍ ശിവശങ്കറിന് സാധിച്ചില്ലെന്നാണ് സൂചന.
കഴിഞ്ഞ രണ്ട് ദിവസം കസ്റ്റംസ് തുടര്‍ച്ചയായി ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. സ്വര്‍ണക്കടത്തിന് പുറമേ ഈന്തപ്പഴം ഇറക്കുമതി ചെയ്ത് വിതരണം ചെയ്ത കേസിലും കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. പല ചോദ്യങ്ങള്‍ക്കും ശിവശങ്കറിന് വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. വരുന്ന ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് വീണ്ടും ശിവശങ്കറിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ശിവശങ്കറിനെ സംബന്ധിച്ച് ചൊവ്വാഴ്ച നിര്‍ണായകമായിരിക്കും.