KERALATop News

സ്വര്‍ണക്കടത്ത് കേസ്: ശിവശങ്കര്‍ പ്രതിയല്ലെന്ന് എന്‍ഐഎ, ജാമ്യഹര്‍ജി തീര്‍പ്പാക്കി

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ഐഎ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കി. എം. ശിവശങ്കര്‍ കേസില്‍ പ്രതിയല്ലെന്നും അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലാത്തതിനാല്‍ ഹര്‍ജി പരിഗണിക്കേണ്ടതില്ലെന്നും എന്‍ഐഎ അന്വേഷണ സംഘം കോടതിയെ അറിയിച്ചതോടെയാണ് ഹര്‍ജി തീര്‍പ്പാക്കിയത്.ഈ പരാമര്‍ശം അംഗീകരിച്ചുകൊണ്ട് കോടതി ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു. പ്രതിയല്ല എന്ന് പറഞ്ഞതോടെ ശിവശങ്കറിന്റെ അഭിഭാഷകന്‍ ഹര്‍ജി തീര്‍പ്പാക്കാന്‍ അനുവദിക്കുകയും ചെയ്തു. കൊച്ചി എന്‍ഐഎ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്ശിവശങ്കറിനെ എന്‍ഐഎ പ്രതി ചേര്‍ക്കുന്ന വിവരം ഇതുവരെ പരിഗണിച്ചിട്ടില്ല, ഏതെങ്കിലും സാഹചര്യത്തില്‍ അറസ്റ്റ് നീക്കമുണ്ടെങ്കില്‍ അത് കോടതിയെ അറിയിച്ച ശേഷമേ ഉണ്ടാകൂ എന്നും എന്‍ഐഎയ്ക്കു വേണ്ടി പ്രോസിക്യൂട്ടര്‍ അറിയിച്ചു.

കേസില്‍ ഇതുവരെ 11 തവണയായി നൂറ് മണിക്കൂറിലേറെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തതായി ശിവശങ്കര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. അന്വേഷണത്തോട് പൂര്‍ണമായും സഹകരിച്ചിട്ടുണ്ട്. എന്നാല്‍ തന്നെ പ്രതി ചേര്‍ക്കാന്‍ ഇതുവരെ തെളിവുകള്‍ ലഭിച്ചിട്ടില്ല. ആവശ്യപ്പെട്ടാല്‍ ഇനിയും ഹാജരാകാന്‍ തയ്യാറാണ്. ഇക്കാര്യങ്ങള്‍ പരിഗണിച്ച് മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. കസ്റ്റംസ്, എന്‍ഫോഴ്സ്മെന്റ് കേസുകളില്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ നാളെ വിധി പറയാന്‍ മാറ്റി വെച്ചിരിക്കുകയാണ്. നാളെ വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുത് എന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് എന്‍ഫോഴ്സ്മെന്റ് ഇന്നലെ എതിര്‍ സത്യവാങ്ങ്മൂലം നല്‍കിയിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ വേണ്ടി വന്നേക്കാമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സ്വപ്നയുടെ സ്വര്‍ണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിയാതിരിക്കാന്‍ സാധ്യതയില്ലെന്ന് ഇഡിയുടെ സത്യവാങ്മൂലത്തിലുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന എല്ലാ കാര്യങ്ങളും ശിവശങ്കറുമായി ചര്‍ച്ച ചെയ്തിരുന്നു എന്നാണ് ഇഡിയുടെ നിഗമനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close