INDIA

സ്വര്‍ണക്കേസില്‍ ഇടപെടില്ലെന്നു ബിജെപി കേന്ദ്രനേതൃത്വം

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിലവില്‍ യാതൊരു ഇടപെടലുകളും നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന മുന്നറിയിപ്പുമായി ബിജെപി കേന്ദ്രനേതൃത്വം. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയത്തില്‍ നിലവില്‍ അന്വേഷണം ശരിയായ വഴിയില്‍ നടക്കട്ടെയെന്നും മറ്റുകാര്യങ്ങള്‍ പിന്നെ നോക്കാമെന്നുമാണ് കേന്ദ്രനിലപാട്. കേസില്‍ ബിജെപി നേതാക്കള്‍ക്കോ ബിജെപിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കോ പങ്കുണ്ടെങ്കില്‍ സംരക്ഷിക്കില്ലെന്ന സൂചനയാണ് കേന്ദ്രനേതൃത്വം നല്‍കുന്നെതെന്നാണ് വിലയിരുത്തല്‍. സംസ്ഥാന ഘടകവും ഇതിനൊപ്പം നിന്നേക്കും. സ്വര്‍ണക്കടത്തു കേസില്‍ സമരം കത്തിച്ചുനിര്‍ത്തുന്നതിനിടയില്‍ കിട്ടിയ ഇരുട്ടടിയില്‍ ബിജെപി സംസ്ഥാന നേതൃത്വത്തില്‍ പലര്‍ക്കും കടുത്ത അതൃപ്തിയുണ്ട്. ഇനി എന്തു പറഞ്ഞ് സമരത്തിനിറങ്ങുമെന്നാണ് പലരുടെയും ചോദ്യം.

പ്രത്യക്ഷമായി അന്വേഷണത്തെ മോശമായി ബാധിക്കുന്ന രീതിയില്‍ പ്രസ്താവനകള്‍ നേതാക്കള്‍ നടത്തിയേക്കില്ല. അങ്ങനെ ചെയ്താല്‍ സിപിഎമ്മിനു വലിയ ആയുധമായി മാറുമെന്ന ആശങ്ക ബിജെപിക്കുണ്ട്. പ്രത്യേകിച്ചു കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തി വരുന്ന കേസില്‍. ഇതിനിടെ, ചാനലിലെതന്നെ സഹപ്രവര്‍ത്തകനും അനില്‍ നമ്പ്യരുടെ അടുത്ത സുഹൃത്തുമായ മറ്റൊരാള്‍ക്കും സ്വപ്നയുമായി അടുത്ത ബന്ധമുണ്ടെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് തത്ക്കാലത്തേക്ക് അനില്‍ നമ്പ്യാര്‍ ജനം ടിവിയുടെ ചുമതലയില്‍നിന്ന് ഒഴിഞ്ഞത്.

കാത്തിരുന്നു കാണാം എന്നിലയിലേക്കാണ് നിലവില്‍ സ്വര്‍ണക്കടത്തു വിഷയത്തില്‍ പരസ്പരം പോര്‍മുഖത്തുള്ള സിപിഎമ്മും ബിജെപിയും എത്തിയിരിക്കുന്നത്.അതേസമയം തന്നെ അന്വേഷണം നിഷ്പക്ഷമാണെന്ന് അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തതിലൂടെ വ്യക്തമായില്ലേ എന്നു ബിജെപി നേതാക്കള്‍ ചോദിക്കുന്നു.

Tags
Show More

Related Articles

Back to top button
Close