CULTURAL

സ്വര്‍ണലതയുടെ വേര്‍പാടിന് ഒരു ദശാബ്ദം

അപൂര്‍ണമായി പൊലിഞ്ഞ സ്വരമാധുര്യമായിരുന്നു സംഗീത പ്രേമികള്‍ക്ക് എന്നും സ്വര്‍ണലത എന്ന ഗായിക. ആ ശബ്ദമാധുര്യം പൊലിഞ്ഞിട്ട് ഇന്ന് ഒരു ദശാബ്ദമാവുകയാണ്. ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മുപ്പത്തിയേഴാം വയസ്സില്‍ അവര്‍ മരിക്കുമ്പോള്‍ അവരുടെ കൈയ്യൊപ്പവശേഷിപ്പിക്കാന്‍ ഒരു പിടി മനോഹര ഗാനങ്ങളും അവശേഷിപ്പിച്ചിരുന്നു. 1983 മുതല്‍ പിന്നണി ഗാനരംഗത്ത് സജീവമായിരുന്നു സ്വര്‍ണ്ണലത. സംഗീതവഴിയില്‍ അമ്മയുടെ പാരമ്പ്യമുണ്ടായിരുന്നു സ്വര്‍ണലതയ്ക്ക്. അമ്മ കെ.സി ചെറൂക്കുട്ടി പ്രശസ്തയായ ഹാര്‍മോണിയം വിദുഷിയായിരുന്നു. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ തുടങ്ങി നിരവധി ഭാഷകളില്‍ അനേകം ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള സ്വര്‍ണ്ണലത പാലക്കാട് സ്വദേശിനിയാണ്.

സ്വതസിദ്ധമായ സ്വരമാധുരിയും ആലാപന നിപുണതയുമാണ് സ്വര്‍ണലത എന്ന ഗായികയ്ക്ക് സിനിമാ സംഗീതലോകത്ത് വേറിട്ട ഇടം നേടിക്കൊടുത്തത്. തന്റെ മുന്‍ഗാമികളായ പാട്ടുകാരികളെ അനുകരിക്കാന്‍ അവര്‍ ഒരിക്കലും ശ്രമിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അവരുടെ പാട്ടുകളിലെ ‘വ്യക്തിത്വം’ വേറിട്ടു തന്നെ നിലനില്ക്കുന്നു. വിവിധ ഭാഷകളിലായി ഏഴായിരത്തിലധികം ഗാനങ്ങള്‍ ഇവര്‍ ആലപിച്ചിട്ടുണ്ട്. ഇന്‍ഡിപെന്‍ഡന്‍സ്, ലങ്ക, വര്‍ണ്ണപ്പകിട്ട്, രാവണപ്രഭു, ഡ്രീംസ്, പഞ്ചാബി ഹൗസ്, തെങ്കാശിപ്പട്ടണം, നിര്‍ണയം, വണ്‍മാന്‍ഷോ തുടങ്ങി ഒട്ടേറേ മലയാള സിനിമയിലും ഇവര്‍ പാടിയിട്ടുണ്ട്. മലയാളത്തില്‍ ‘മോഹം’ എന്ന ആല്‍ബത്തിലാണ് ഇവര്‍ ഒടുവിലായി പാടിയത്.

ചുരുങ്ങിയ കാലയളവില്‍ തമിഴില്‍ നിരവധി ഹിറ്റു ഗാനങ്ങളും അവര്‍ക്ക് സൃഷ്ടിക്കാനായി. സംഗീത സംവിധായകന്‍ പറഞ്ഞുകൊടുക്കുന്നത് അതേപടി ഉള്‍ക്കൊണ്ട് പാടാനുള്ള അവരുടെ പ്രത്യേക കഴിവ് മറ്റു സംഗീത സംവിധായകരിലും താത്പര്യമുണ്ടാക്കി. സ്വര്‍ണലതയുടെ പാട്ടുകളുടെ വ്യത്യസ്തത തന്നെയായിരുന്നു അതിന്റെ സൗന്ദര്യവും. മുക്കാലാ (കാതലന്‍), മായാ മച്ചിന്ദ്ര (ഇന്ത്യന്‍), കുച്ച് കുച്ച് (ബോംബെ), ഉസിലാം പെട്ടി (ജന്റില്‍മാന്‍), ആട്ടമാ (ക്യാപ്റ്റന്‍ പ്രഭാകര്‍), നീ എങ്കെ (ചിന്നത്തമ്പി), സുന്‍താ ഹെ മേരി ഖുദാ (പുകാര്‍), ഹായ് രാമ യേ ക്യാ ഹുവാ (രംഗീല)… എത്ര വ്യത്യസ്തം ഒരോ ഗാനവും. എല്ലാം ഒരാളുടെ ശബ്ദമോ എന്ന് അത്ഭുതപ്പെട്ടു പോകും. തമിഴ്, മലയാളം, കന്നട, തെലുങ്ക്, ഹിന്ദി, ഉറുദു ഭാഷകളിലായി പാടിയ പാട്ടുകള്‍ക്ക് കണക്കെടുപ്പു നടത്തുക പ്രയാസം. തമിഴില്‍ സില്ലിന്‍ട്ര് ഒരു കാതല്‍ എന്ന ചിത്രത്തിലെ കുമ്മിയടി എന്ന പാട്ടില്‍ അവസാനിക്കുന്നു ആ ലിസ്‌ററ്. റപ്മാന്‍ ഈണമിട്ട കറുത്തമ്മയിലെ പോരാലേ പൊന്നുതായി.. എന്ന ഗാനത്തിലൂടെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു സ്വര്‍ണലത. ബാക്ഗ്രൗണ്ട് സ്‌കോര്‍ തീരെയില്ലാത്ത പാട്ടിന്റെ വികാരം അതേപടി നിലനിര്‍ത്തി സ്വര്‍ണലത. സെന്റിമെന്റല്‍, ഫാസ്‌ററ്, ഫോക്ക്, കുത്തുപാട്ട്, സെമിക്‌ളാസിക്കല്‍ എന്നു വേണ്ട ഏതു ടൈപ്പ് പാട്ടും ധൈര്യമായി ഏല്‍പ്പിക്കാവുന്ന സ്വരം. ഒറ്റ ശ്വാസത്തില്‍ പാടേണ്ട വരികള്‍ അനായാസേന പാടാന്‍ കഴിവുള്ള ഗായിക.

നീതിക്കു ദണ്ഡനൈ’ എന്ന ചിത്രത്തിലൂടെ എം.എസ്. വിശ്വനാഥനാണ് സ്വര്‍ണലതയെ തമിഴ് സംഗീതലോകത്ത് പരിചയപ്പെടുത്തിയതെങ്കിലും ഇവര്‍ക്ക് മേല്‍വിലാസമുണ്ടാക്കിക്കൊടുത്തത് ഇളയരാജയായിരുന്നു. മികച്ച ഒരു പാട്ടിനുവേണ്ടി നിരന്തരമായി ഇളയരാജയെ സ്വര്‍ണലത സന്ദര്‍ശിച്ചതായി സംഗീതരംഗത്തുള്ളവര്‍ ഓര്‍മിക്കുന്നു. ഒടുവില്‍ ‘ചിന്നത്തമ്പി’ എന്ന ചിത്രത്തിലെ ‘പോവോ മാ ഊര്‍കോലം’ എന്ന ഗാനം ഇളയരാജയുടെ സംഗീത സംവിധാനത്തില്‍ അവര്‍ക്ക് പാടാനായി. ഇളയരാജ തമിഴ് സിനിമാ സംഗീതരംഗത്ത് കൊടികുത്തി വാഴുന്ന കാലമായിരുന്നു അത്. ഇളയരാജയുടെ പാട്ടുപാടിയ സ്വര്‍ണലതയെ പിന്നീട് എ.ആര്‍. റപ്മാന്‍ മികച്ച പാട്ടുകള്‍ നല്കി വീണ്ടും പ്രശസ്തിയിലേക്കെത്തിച്ചു.

ദളപതി’യിലെ ‘റാക്കമ്മാ കയ്യെതൊട്ട്…’, ‘കാതലനി’ലെ ‘മുക്കാല… മുക്കാബലാ…’, ബോംബെയിലെ ‘കുച്ച് കുച്ച് റാക്കമ്മ’, ജന്റില്‍മാനിലെ ‘ഉസ്ലാംപട്ടി പെണ്‍കുട്ടി’ തുടങ്ങിയ പാട്ടുകളിലൂടെ മെലഡിയല്ലാത്ത ഗാനങ്ങളും സ്വര്‍ണലതയ്ക്ക് നന്നായി വഴങ്ങുമെന്ന് തെളിയിച്ചു. ഭാരതിരാജ സംവിധാനം ചെയ്ത ‘കറുത്തമ്മ’യിലെ എ.ആര്‍. റപ്മാന്‍ സംഗീതം പകര്‍ന്ന ‘പോറാളെ പൊന്നുത്തായി’ എന്ന ഗാനം അവരെ ദേശീയ ബഹുമതിയിലുമെത്തിച്ചു. തമിഴില്‍ ശ്രദ്ധിക്കപ്പെട്ടതോടെ ഹിന്ദി, തെലുങ്ക്, കന്നട, മലയാളം സിനിമകളിലും സ്വര്‍ണലതയ്ക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചു. ചിത്രയ്ക്കു ശേഷം തമിഴില്‍ തിളങ്ങാന്‍ കഴിഞ്ഞ മലയാളി ഗായിക കൂടിയാണ് സ്വര്‍ണലത.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close