സ്വര്‍ണവിലയുടെ 90 ശതമാനം വരെ വായ്പ ലഭിക്കും; അടുത്ത വര്‍ഷം മാര്‍ച്ച് വരെ ഇളവ് അനുവദിച്ച് റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി; കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ സ്വര്‍ണവിലയുടെ 90 ശതമാനം വരെ വായ്പ നല്കാന് അനുമതി നല്കി റിസര്‍വ് ബാങ്ക്. കാര്‍ഷികേതര സ്വര്ണപ്പണയവായ്പകളിലാണ് സ്വര്‍ണവിലയുടെ 90 ശതമാനം വരെ നല്‍കുന്നത്. നിലവിലെ പ്രതിസന്ധിയില്‍ കുടുംബങ്ങളുടെയും ചെറുകിടവ്യവസായങ്ങളുടെയും സംരംഭകരുടെയും പണലഭ്യതാപ്രശ്നം മുന്‍നിര്‍ത്തിയാണ് നടപടി. മുന്‍പ് വായ്പ തുക സ്വര്‍ണവിലയുടെ 75 ശതമാനത്തില്‍ കൂടരുതെന്നായിരുന്നു മാര്‍ഗനിര്‍ദേശം.2021 മാര്‍ച്ച് 31 വരെയായിരിക്കും ഈ ഇളവനുവദിക്കുക. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ സ്വര്ണവിലയനുസരിച്ചുള്ള വായ്പാ അനുപാതം 75 ശതമാനമായി പുനഃസ്ഥാപിക്കും.
അതേസമയം, സ്വര്‍ണവില ചരിത്രത്തിലെ ഉയര്ന്നനിലയിലെത്തിനില്ക്കുമ്പോള് ഇത് പ്രായോഗികമാകുമോ എന്ന ആശങ്കയുണ്ട്. പവന് 25,000 രൂപയില്‍നിന്ന് ചുരുങ്ങിയ കാലംകൊണ്ട് 41,520 രൂപ വരെ എത്തിനില്‍ക്കുന്നു. ആഗോള സമ്പദ്വ്യവസ്ഥയുടെ സ്ഥിതി പരിഗണിക്കുമ്പോള്‍ വില കുറച്ചുകൂടി ഉയരുമെന്നാണ് വിലയിരുത്തലുകള്‍.എന്നാല്‍ കോവിഡ് വൈറസിന് വാക്സിന് എത്തുകയും രോഗവ്യാപനം നിയന്ത്രണവിധേയമായി സാമ്പത്തിക സ്ഥിതി മാറുകയുംചെയ്താല് വിലയിടിയാനുള്ള സാഹചര്യവുമുണ്ട്. സ്വര്‍ണവില ഉയര്‍ന്നു നില്ക്കുന്ന സാഹചര്യത്തില്‍ വിലയുടെ 90 ശതമാനംവരെ വായ്പയായി നല്‍കുന്നത് വായ്പാസ്ഥാപനങ്ങള്‍ക്ക് കനത്ത വെല്ലുവിളിയായിരിക്കും. വിലകുറഞ്ഞാല്‍ വായ്പ തിരിച്ചുപിടിക്കാന്‍ കഴിയാതെ വരുമെന്നതാണ് പ്രതിസന്ധിയാവുക.