
ബൊഗോട്ട: സ്വര്‍ണവില വര്‍ധിച്ചതോടെ ദക്ഷിണ അമേരിക്കന്‍ രാഷ്ട്രമായ കൊളംബിയ തങ്ങളുടെ സ്വര്‍ണ ശേഖരത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും ഒരു മാസത്തിനിടെ വിറ്റഴിച്ചു. ജൂണില്‍ 1.8 ട്രില്യണ്‍ പെസോയുടെ (475 ദശലക്ഷം ഡോളര്‍) സ്വര്‍ണമാണ് കൊളംബിയ വിറ്റഴിച്ചത് എന്ന് സെന്‍ട്രല്‍ ബാങ്കിന്റെ കണക്കുകള്‍ പറയുന്നു. 9.7 ടണ്‍ സ്വര്‍ണമാണ് കൊളംബിയ വിറ്റു കാശാക്കിയത്. കൊളംബിയയുടെ അന്താരാഷ്ട്ര റിസര്‍വിന്റെ 0.4 ശതമാനം മാത്രമാണ് സ്വര്‍ണം. വെനിസ്വലയില്‍ ഇത് 77 ശതമാനവും ബൊളീവിയയില്‍ 42 ശതമാനവുമാണ്. അര്‍ജന്റീനയില്‍ നാലു ശതമാനവും മെക്സിക്കോയില്‍ മൂന്ന് ശതമാനവും.
കൊളംബിയയില്‍ മാത്രമല്ല, യൂറോപ്പില്‍ അടക്കം മറ്റിടങ്ങളിലും സ്വര്‍ണം വില്‍ക്കുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്നതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ പറയുന്നു. ജര്‍മനി 2.9 ടണ്‍ സ്വര്‍ണവും കസാകിസ്താന്‍ ഏഴു ടണ്‍ സ്വര്‍ണവും മംഗോളിയ അഞ്ചു ടണ്‍ സ്വര്‍ണം അടുത്തിടെ വിറ്റഴിച്ചിരുന്നു. ലോകത്തെ 20 ശതമാനം സെന്‍ട്രല്‍ ബാങ്കുകളും അവരുടെ സ്വര്‍ണം വില്ക്കാന് ഒരുങ്ങുന്നതായും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ വാര്‍ഷിക കേന്ദ്രബാങ്ക് ഗോള്‍ഡ് സര്‍വേ പറയുന്നു. 2019ല്‍ ഇത് എട്ടു ശതമാനം മാത്രമായിരുന്നു. കൊളംബിയ സ്വര്‍ണം വിറ്റ സമയം മികച്ചതാണ് എന്നാണ് വിദഗദ്ധര്‍ പറയുന്നത്. 1999-2002 കാലയളവില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അവരുടെ സ്വര്‍ണ ശേഖരത്തില്‍ നിന്ന് 401 ടണ്‍ സ്വര്‍ണം വിറ്റിരുന്നു. അന്ന് ഔണ്‍സിന് 275 ഡോളര്‍ മാത്രമായിരുന്നു വില. ഇപ്പോള്‍ 1950 ഡോളറും.