സ്വര്‍ണ്ണക്കടത്ത് : അന്വേഷണ ഏജന്‍സികള്‍ കുരുക്ക് മുറുകുന്നു; അപ്രതീക്ഷിത അറസ്റ്റിന് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും, വമ്പന്‍ സ്രാവുകള്‍ കുരുങ്ങും

പ്രത്യേക ലേഖകന്‍
തിരുവനന്തപുരം: ഡിപ്ളോമാറ്റിക്ക് സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസും ദേശീയ അന്വേഷണ ഏജന്‍സിയും നടത്തുന്ന അന്വേഷണം നിര്‍ണായക വഴിത്തിരിവില്‍.
കേവലം സ്വര്‍ണ്ണക്കടത്ത് കേസ് ആയി കസ്റ്റംസ് തുടങ്ങിയ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ എം ശിവശങ്കരനും ഐടി വകുപ്പിലെ കരാര്‍ ജീവനക്കാരി സ്വപ്ന സുരേഷും ഉള്‍പ്പെട്ടതോടെയാണ് കള്ളക്കടത്ത് കേസ് വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ഇതിന് പിന്നാലെ തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലെ ഉന്നതരും ഉള്‍പ്പെട്ടപ്പോള്‍ മുതല്‍ കേന്ദ്ര ഏജന്‍സികള്‍ ഈ കേസ് ശ്രദ്ധിച്ചിരുന്നു ഇതിന്റെ ഭാഗമെന്നോണം ആണ് സ്വര്‍ണക്കടത്തിലെ ദേശവിരുദ്ധ ശക്തികളുടെ ഇടപെടല്‍ അറിയാന്‍ എന്‍ ഐ എ രംഗത്തുവന്നത്. എന്‍ ഐ എ അന്വേഷണത്തിന്റെ ഭാഗമായി പ്രധാന പ്രതികള്‍ വലയിലാവുകയും കൂടുതല്‍ പ്രതികളിലേക്ക് അന്വേഷണം നീങ്ങുകയും ചെയ്തു.
അന്വേഷണങ്ങളില്‍ എന്‍ ഐ എ കൂടുതല്‍ ശ്രദ്ധ ചെലുത്തിയത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് കള്ളക്കടത്തു സ്വര്‍ണം വഴിയെത്തുന്ന പണം പോകുന്നുണ്ടോ എന്നുള്ളതാണ്. എന്നാല്‍ അന്വേഷണത്തില്‍ വെളിവായത് ഈ കള്ളക്കടത്ത് സംഘം കേരളത്തില്‍ നടത്തുന്ന സമാന്തര സാമ്പത്തിക സംവിധാനങ്ങളെ കുറിച്ചാണ്. കേരളത്തിലെ വിവിധ മേഖലകളില്‍ ഈ സംഘം കള്ളപ്പണ നിക്ഷേപം നടത്തിയതായി സൂചനകള്‍ ലഭിച്ചു. സന്ദീപ് നായരുടെ ബാഗില്‍ നിന്ന് കണ്ടെടുത്ത പണവും സ്വപ്ന സുരേഷിന്റെ ലോക്കറില്‍ നിന്നു കണ്ടെടുത്ത കണക്കില്‍പെടാത്ത പണവും എല്ലാം ഇത്തരം വിവരങ്ങളിലേക്ക് വിരല്‍ചൂണ്ടിയത്. ഇതിനുപിന്നാലെയാണ് കുപ്രസിദ്ധമായ കൈവെട്ടു കേസില്‍ സാമ്പത്തികസഹായം നല്കി എന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത മുഹമ്മദലിക്ക് ഈ സംഘവുമായുള്ള ബന്ധം കണ്ടെത്തുന്നത്. കൈവെട്ടു കേസില്‍ മുഹമ്മദ് അലിയുടെ സാമ്പത്തിക സ്രോതസ് തെളിയിക്കാന്‍ ആകാതെ വന്നതിനാല്‍ വിചാരണ കോടതി അയാളെ വെറുതെ വിട്ടിരുന്നു. ഇയാള്‍ കള്ളപ്പണ വിതരണശൃംഖലയിലെ പ്രധാന വ്യക്തികളില്‍ ഒരാളാണെന്നാണ് എന്‍ ഐ എ സംഘത്തിന്റെ അനുമാനം. ഈ കള്ളപ്പണ സംഘത്തിന്റെ വ്യാപ്തി അറിയുന്നതിലേക്കാണു ശിവശങ്കറിന്റെയും സ്വപന സുരേഷിന്റെയും ചാര്‍ട്ടേഡ് അക്കൌണ്ടന്റിനെ അന്വേഷണസഘം ചോദ്യം ചെയ്തത്.
ഈ കേസിന്റെ ആദ്യ നാള് മുതല്‍ കള്ളപ്പണ സംഘങ്ങള്‍ക്കുള്ള പങ്കിനെക്കുറിച്ച് ഏജന്‍സികള്‍ക്ക് ശക്തമായ തെളിവുകള്‍ കിട്ടിയിരുന്നു. ഇത്തരം വിവരങ്ങള്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിലയിരുത്തുന്നുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഒരന്വേഷണം കൂടി നടത്തുന്നത് നന്നായിരിക്കും എന്നാണ് നിലവിലെ വിലയിരുത്തല്‍. ഇതോടെ ഈ ഇ.ഡി. അന്വേഷണം കൂടി ഉറപ്പായി.
നിലവില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ തന്നെ വമ്പന്‍ സ്രാവുകള്‍ കുടുങ്ങും എന്നുറപ്പായിട്ടുണ്ട്. ഈ ഘട്ടത്തിലാണ് സംസ്ഥാന സര്‍ക്കാരും ശിവശങ്കറിനെതിരായ സാമ്പത്തിക അഴിമതി അന്വേഷിക്കാന്‍ വിജിലന്‍സിനെ ചുമതലപ്പെടുത്താനൊരുങ്ങുന്നത്. ഇത്തരം സമാന്തര അന്വേഷണങ്ങള്‍ ചെന്നതുന്നത് ദേശവിരുദ്ധപ്രവര്ത്തനങ്ങളിലേക്കാണെങ്കില് അത് കേരള രാഷ്ട്രീയത്തെ ഇളക്കി മറിക്കുമെന്നുള്ളത് തീര്‍ച്ചയാണ്.