KERALANEWS

സ്വര്‍ണ്ണക്കടത്ത് കേസ്, ജോസ് കെ മാണി വിഷയങ്ങളില്‍ രാഷ്ട്രീയനിലപാടെടുക്കാന്‍ സിപിഐ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ്, മന്ത്രി കെ.ടി.ജലീലിനുനേരെയുള്ള പ്രതിഷേധം, ജോസ് കെ. മാണി വിഭാഗം കേരള കോണ്‍ഗ്രസിന്റെ മുന്നണിപ്രവേശം തുടങ്ങി വിവാദവിഷയങ്ങളില്‍ രാഷ്ട്രീയനിലപാടെടുക്കാന്‍ സി.പി.ഐ. സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം ചേരുന്നു. സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പല നിലപാടുകളോടും സി.പി.ഐ. നേതാക്കള്‍ക്ക് വിയോജിപ്പുണ്ട്.

ഏറ്റവും ഒടുവില്‍ തിരുവനന്തപുരത്ത് ശ്രീനാരായണഗുരുവിന്റെ പ്രതിമസ്ഥാപിക്കുന്ന ചടങ്ങിലടക്കം സി.പി.ഐ.യെ അവഗണിച്ചെന്ന പരാതി നേതാക്കള്‍ പരസ്യമാക്കുകയും ചെയ്തു. കെ.ടി.ജലീലിന് യു.എ.ഇ. കോണ്‍സുലേറ്റുമായുണ്ടായിരുന്ന ബന്ധത്തില്‍ പല നേതാക്കള്‍ക്കും അതൃപ്തിയുണ്ട്. എന്നാല്‍, തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയതിനാലും സര്‍ക്കാരിനെ പ്രതിപക്ഷം വളഞ്ഞിട്ടാക്രമിക്കുന്നതിനാലും വിയോജിപ്പുകള്‍ പരസ്യമാക്കാന്‍ സി.പി.ഐ. തയ്യാറാവില്ല. എന്നാല്‍, യോഗത്തില്‍ ചര്‍ച്ചയാകും. ജോസ് കെ. മാണിയുടെ കാര്യത്തില്‍ ഇതുവരെ സി.പി.ഐ. അനുകൂലനിലപാടെടുത്തിട്ടില്ല. ജോസ് കെ.മാണിയെ ഉള്‍കൊണ്ടുപോകണമെന്ന് കാനം രാജേന്ദ്രനോട് സി.പി.എം. ആവശ്യപ്പെട്ടിട്ടുണ്ട്. എക്‌സിക്യുട്ടീവ് യോഗത്തിലെ തീരുമാനം ഇക്കാര്യത്തില്‍ നിര്‍ണായകമാകും. ജലീലിന്റെ രാജിയെന്ന ആവശ്യവുമായി പ്രതിപക്ഷവും ബി.ജെ.പി.യും നടത്തുന്ന സമരത്തോട് വഴങ്ങിനില്‍ക്കേണ്ടെന്ന നിലപാട് കാനം പരസ്യമാക്കിയിട്ടുണ്ട്. ഇതനുസരിച്ചാകും എക്‌സിക്യുട്ടീവ് യോഗത്തിന്റെയും തീരുമാനം. ജലീല്‍ പരിശുദ്ധനാണ് എന്ന നിലയിലേക്ക് അദ്ദേഹത്തെ പിന്തുണയ്ക്കുന്ന നിലപാട് സി.പി.ഐ. സ്വീകരിക്കാനുമിടയില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close