സ്വാതന്ത്രദിനത്തില്‍ രാജ്യത്തിന് കലോപാസന അര്‍പ്പിച്ച് പ്രമുഖര്‍
ഇന്ത്യയുടെ അഖണ്ഡതയും ഐക്യവും സംസാകാര വൈവിധ്യവും മുന്‍നിര്‍ത്തി പല വീഡിയോകളും ഇതിനുമുന്‍പ് ഇറങ്ങിയിട്ടുണ്ടെങ്കിലും ലോക്ഡൗണ്‍ കാലത്ത് ഇത്തരത്തിലൊരു വീഡിയോ ഇറക്കിയിരിക്കുകയാണ് ഡോ.എല്‍ സുബ്രഹ്മണ്യം. ഇന്ത്യന്‍ സ്വാതന്ത്രദിനത്തിന് ആദരമര്‍പ്പിച്ചുകൊണ്ട് പ്രമുഖരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് വീഡിയോ തയ്യാറാക്കിയിരുന്നത്. ഡോ. എല്‍ സുബ്രഹ്മണ്യനോടൊപ്പം ഭാര്യയായ കവിതാ കൃഷ്ണ മൂര്ത്തിയുമുണ്ട് വീഡിയോക്കു പിന്നില്‍. ഇന്ത്യന്‍ സിനിമയുടെ തന്നെ മുഖമായ മോഹന്‍ലാല്‍, ഹേമാമാലിനി, ജൂഹി ചൗള, ഇഷ ഡിയോള്‍, എസ്.പി ബാലസുബ്രഹ്മണ്യം, കവിതാ കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യം, ഹരിഹരന്, കുമാര്‍ സനു, സോനു നിഗം, ശ്രേയ ഘോഷാല്‍, ബിന്ദു, നാരായണ, മഹ്തി സുബ്രഹ്മണ്യം എന്നിവരാണ് വിഡിയോയില്‍ അണിനിരക്കുന്നത്. രാജ്യത്തോടുള്ള ഒരു ആദരത്തിനപ്പുറമുള്ളമുള്ള കലോപാസനയാണിത്. തങ്ങളുടെ ചുറ്റുപാടുകളില്‍ നിന്ന് തന്നെ ചെയ്ത വീഡിയോകള്‍ ചേര്‍ത്താണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഇതില്‍ ഇന്ത്യയുടെ സംസ്കാരം വിളിച്ചോതുന്ന പലതും കടന്നു വരുന്നുണ്ട്. ദേശീയ പക്ഷിയായ മയിലും ചെങ്കോട്ടയും തുടങ്ങി ഇന്ത്യയുടെ വൈവിധ്യം മുഴുവന്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സംഗീതവും നൃത്തവും വാദ്യോപകരണങ്ങളുടെ സാന്നിധ്യവും എല്ലാം ഇതിലുണ്ട്.