NEWSWORLD

സൗദിയില്‍ സ്പോണ്‍സര്‍ഷിപ്പ് നിയമം റദ്ദാക്കാനൊരുങ്ങി സര്‍ക്കാര്‍ റിയാദ്: സൗദിയില്‍ സ്പോണ്‍സര്‍ഷിപ്പ് നിയമം റദ്ദാക്കാന്‍

മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് നീക്കമുള്ളതായി റിപോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. വിദേശ തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള തൊഴില്‍ കരാര്‍ ബന്ധം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള പദ്ധതി അടുത്തയാഴ്ച മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിക്കും.സൗദിയില്‍ സ്പോണ്‍സര്‍ഷിപ്പ് നിയമം റദ്ദാക്കുന്ന പദ്ധതിയാണ് മന്ത്രാലയം പ്രഖ്യാപിക്കുക എന്നാണ് വിവരം. പുതിയ പദ്ധതി അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ നടപ്പാക്കും. ഏഴു ദശകത്തിനു ശേഷമാണ് സ്പോണ്‍സര്‍ഷിപ്പ് നിയമം സൗദിയില്‍ എടുത്തുകളയുന്നത്. സൗദിയിലെ ഒരു കോടിയോളം വരുന്ന വിദേശ തൊഴിലാളികള്‍ക്ക് പുതിയ നിയമത്തിന്റെ പ്രയോജനം ലഭിക്കും. 2021 ന്റെ ആദ്യ പകുതി മുതല്‍ ഇത് ബാധകമാകുമെന്നാണ് റിപോര്‍ട്ടുകള്‍.

വിദേശ തൊഴിലാളികളുടെ ജീവിത ഗുണമേന്മ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ ഭാഗമായാണ് സ്പോണ്‍സര്‍ഷിപ്പ് നിയമം റദ്ദാക്കുന്ന പദ്ധതി നടപ്പാക്കുന്നത്. വിദേശ തൊഴിലാളികളുടെ താമസം, വിനോദം അടക്കമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളും നടപ്പാക്കാന്‍ നീക്കമുണ്ട്. സ്പോണ്‍സര്‍ഷിപ്പ് നിയമം റദ്ദാക്കുന്ന പുതിയ പദ്ധതിയെ കുറിച്ച് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ചൊവ്വാഴ്ച്ച പ്രഖ്യാപിക്കാനിരുന്നതാണ്.എന്നാല്‍ ഇത് അടുത്തയാഴ്ചയിലേക്ക് നീട്ടിവെക്കുകയായിരുന്നു. പുതിയ പ്രഖ്യാപനം നടത്തുന്ന മാധ്യമസമ്മേളനത്തിലേക്ക് അന്താരാഷ്ട്ര മാധ്യമങ്ങളെ ക്ഷണിക്കല്‍ അടക്കമുള്ള ഒരുക്കങ്ങള്‍ നിലവില്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പൂര്‍ത്തിയാക്കിവരികയാണെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഗള്‍ഫ് അറബ് രാജ്യങ്ങളിലെ വിദേശ ജോലിക്കാര്‍ക്ക് പതിറ്റാണ്ടുകളായി ബാധകമാകുന്ന ‘കഫാല’ സമ്പ്രദായം കരാര്‍ അടിമത്തത്തിന്റെ ഒരു രൂപമാണെന്ന് വിമര്‍ശിക്കപ്പെടുന്നു. ഇത് അസന്തുലിതമായ തൊഴില്‍ കമ്പോളത്തെ സൃഷ്ടിക്കുന്നതാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സൗദിയിലെ തൊഴിലില്ലായ്മ ഉയരുമ്പോഴും സ്വകാര്യ തൊഴിലുടമകള്‍ വിലകുറഞ്ഞതും എളുപ്പത്തില്‍ ചൂഷണം ചെയ്യപ്പെടുന്നതുമായ വിദേശ തൊഴിലാളികളെ നിയമിക്കുകയാണെന്നാണ് വിലയിരുത്തല്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close