NEWSWORLD

സൗദി അറേബ്യ യാത്രാനിരോധനം ഒരാഴ്ചകൂടി തുടരാന്‍ തീരുമാനിച്ചു: വിദേശികള്‍ക്ക് രാജ്യംവിടാന്‍ അനുമതി

റിയാദ്: കൊറോണ വ്യാപന ഭീതി നിലനില്‍ക്കുന്നതിനാല്‍ ഒരാഴ്ച കൂടി അതിര്‍ത്തികള്‍ അടച്ചിടാന്‍ സൗദി അറേബ്യ തീരുമാനിച്ചു. കര, വ്യോമ, നാവിക അതിര്‍ത്തികള്‍ തുറക്കില്ലെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊറോണയുടെ പുതിയ വകഭേദം അതിവേഗം വ്യാപിക്കുന്നു എന്ന് പല രാജ്യങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് കഴിഞ്ഞാഴ്ചയാണ് ഒരാഴ്ചത്തേക്ക് അതിര്‍ത്തി അടയ്ക്കാന്‍ സൗദി തീരുമാനിച്ചത്. ഇപ്പോള്‍ നിയന്ത്രണങ്ങള്‍ വീണ്ടും ഒരാഴ്ച കൂടി നീട്ടി.

സൗദിക്കാരല്ലാത്തവര്‍ക്ക് രാജ്യത്തിന് പുറത്തുപോകാന്‍ അനുമതിയുണ്ടാകും. ഇന്ത്യയുടെ വന്ദേഭാരത് മിഷന്‍ വീണ്ടും ആരംഭിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഇക്കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയായിരുന്നു. ഒട്ടേറെ ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ച് നില്‍ക്കെയാണ് പെട്ടെന്ന് അതിര്‍ത്തി അടച്ച് ഉത്തരവ് വന്നത്.എന്നാല്‍ ഇപ്പോള്‍ വന്നിട്ടുള്ള ഉത്തരവ് പ്രകാരം വിദേശത്ത് നിന്ന് സൗദിയിലേക്ക് ആര്‍ക്കും പ്രവേശനം ഇല്ല. അതേസമയം, സൗദി വിട്ടു പോകാന്‍ അവസരമുണ്ട്. ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും സാഹചര്യം പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ബ്രിട്ടനിലാണ് പുതിയ കൊറോണ വകഭേദം ആദ്യം കണ്ടെത്തിയത്.പിന്നീട് മറ്റുള്ള രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ഈ രാജ്യങ്ങളില്‍ നിന്ന് സൗദിയിലെത്തിയവര്‍ നിരീക്ഷണത്തിലാണ്. തൊട്ടുപിന്നാലെയാണ് അതിര്‍ത്തി അടച്ചത്. സൗദിയില്‍ ഇതുവരെ പുതിയ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ബ്രിട്ടനിലേക്കുള്ള യാത്രകള്‍ ഇന്ത്യയുള്‍പ്പെടെ 50 രാജ്യങ്ങള്‍ നിരോധിച്ചിരിക്കുകയാണ്. സൗദിക്ക് പുറമെ, കുവൈത്ത്, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളും അതിര്‍ത്തി അടച്ചിരുന്നു. ഒമാന്‍ ചൊവ്വാഴ്ച അതിര്‍ത്തി തുറക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close