MoviesNEWS

സൗമ്യനായ വില്ലന്‍

പുതുവിചാരങ്ങളുടെ മേഘസ്ഫോടനങ്ങള്‍ നവഭാവുകത്വത്തിന്റെ പ്രളയം സൃഷ്ടിച്ച എഴുപതുകളുടെ അരങ്ങിലേക്ക് ചിന്താതാരുണ്യത്തിന്റെ ഊര്‍ജവുംപേറി ഒരു യുവാവ് കടന്നുവന്നു. ആകസ്മികതയും യാദൃച്ഛികതയുമാണ് നാടകീയത സൃഷ്ടിക്കുന്നതെങ്കില്‍, പലവേഷങ്ങളില്‍ അയാള്‍ നിറഞ്ഞാടി, തീര്‍ത്തും നാടകീയത നിറഞ്ഞ ഒരു ജീവിതം. തിരശ്ശീല താഴ്ന്ന് മടങ്ങുമ്പോള്‍ അവശേഷിപ്പിച്ചത് വര്‍ണപ്പകിട്ടിന്റെ വിസ്മയങ്ങളായിരുന്നില്ല, കാലത്തിന്റെ ഉരകല്ലില്‍ മാറ്റുതെളിയിക്കാന്‍ പോന്ന വാക്കുകളും ചിന്തകളുമായിരുന്നു. അത് നരേന്ദ്രപ്രസാദ്. നാടകകൃത്ത്, സംവിധായകന്‍, അധ്യാപകന്‍, സാഹിത്യവിമര്‍ശകന്‍, ചലച്ചിത്രനടന്‍ തുടങ്ങി കൈവച്ച മേഖലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലി.ഇന്ന് ആ പ്രതിഭാശാലി കാലയവനികക്കുള്ളില്‍ മറഞ്ഞിട്ടു 17 വര്‍ഷം തികഞ്ഞിരിക്കുന്നു.

സാഹിത്യനിരൂപകനെന്ന നിലയിലാണ് അദ്ദേഹം തുടക്കത്തില്‍ ശ്രദ്ധേയനായത്. ആധുനികതയുടെ വക്താവ്. ക്ഷോഭത്തിന്റെ സുവിശേഷകന്‍. 1975ല്‍ മുപ്പതുവയസ്സെത്തുംമുമ്പ് പ്രസിദ്ധീകരിച്ച ‘ഭാവുകത്വം മാറുന്നു’ എന്ന ഗ്രന്ഥത്തില്‍ത്തന്നെ പരമ്പരാഗത നിരൂപണശൈലിയില്‍നിന്ന് മാറിനടക്കാനുള്ള ശ്രമം നരേന്ദ്രപ്രസാദ് നടത്തി. കലാസൃഷ്ടി സ്വാതന്ത്യ്രത്തിന്റെ ഉല്‍പ്പന്നമാണെന്നദ്ദേഹം പ്രഖ്യാപിച്ചു. അങ്ങനെ ഇംഗ്ലീഷ് അധ്യാപകനായും സാഹിത്യനിരൂപകനായും പ്രശസ്തിയിലേക്കുയര്‍ന്നുവരുന്ന സന്ദര്‍ഭത്തിലാണ് 1978ല്‍ കോളേജധ്യാപകര്‍ക്കായി തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ സംഘടിപ്പിച്ച ഒരു ശില്‍പ്പശാലയില്‍ സുഹൃത്തും സഹപ്രവര്‍ത്തകനുമായ അലിയാരുടെ നിര്‍ബന്ധത്തിനു വഴങ്ങി നരേന്ദ്രപ്രസാദ് പങ്കെടുക്കുന്നത്. അവിടെവച്ച് അദ്ദേഹം തന്റെ വഴി നാടകമാണെന്ന് തിരിച്ചറിഞ്ഞു. 1979ല്‍ എഴുതിയ മൂന്ന് പ്രഭുക്കന്മാരിലൂടെ നാടകരംഗത്തേക്ക് പ്രവേശിച്ചു. കുമാരന്‍ വരുന്നില്ല, റാണി അമ്മച്ചി, സതീര്‍ഥ്യന്‍, ഇര, മഴ, രക്ഷക്കല്ല്, സൌപര്‍ണിക, മാര്‍ത്താണ്ഡവര്‍മ എങ്ങനെ രക്ഷപ്പെട്ടു, അവസാനത്തെ അത്താഴം, ഉത്തരം, താലപ്പൊലി, വെള്ളിയാഴ്ച, മരങ്ങള്‍, പൂവിളി, പടിപ്പുര, സ്വര്‍ണസിംഹാസനം, മുറജപത്തിനു പോയ രണ്ടു സഞ്ചാരികള്‍, അവര്‍, താരാട്ട് എന്നിങ്ങനെ ആകെ 20 നാടകങ്ങള്‍ ആ തൂലികയില്‍നിന്ന് പിറവികൊണ്ടു. ബെക്കറ്റിന്റെ വെയ്റ്റിങ് ഫോര്‍ ഗോഥോയും എഡ്വാര്‍ഡ് ആല്‍ബിയുടെ സൂം സ്റ്റോറിയും വോള്‍ സോയിങ്കയുടെ സ്വാംപ് ഡ്വല്ലേഴ്സും ശ്രീകണ്ഠന്‍നായരുടെ ലങ്കാലക്ഷ്മിയും സംവിധാനംചെയ്തു. തിരുവനന്തപുരം കേന്ദ്രമായി നാട്യഗൃഹമെന്ന തിയറ്റര്‍ ഗ്രൂപ്പ് തുടങ്ങി. അതിനിടെ ‘നിഷേധികളെ മനസ്സിലാക്കുക’പോലുള്ള വിമര്‍ശന ഗ്രന്ഥങ്ങള്‍ രചിച്ചു. ഒടുവില്‍ സിനിമാഭിനയവും- 114 സിനിമകളില്‍. മരണാനന്തരവും നരേന്ദ്രപ്രസാദ് നമ്മുടെ സാഹിത്യ- നാടക- സിനിമാ ലോകത്ത് സജീവസാന്നിധ്യം.

ഒരിക്കല്‍ പി സുരേന്ദ്രനോട് നരേന്ദ്ര പ്രസാദ് സ്വന്തം കൃതിയെ കുറിച്ച് പറയുകയുണ്ടായി.നരേന്ദ്ര പ്രസാദിന്റെ തന്നെ ഒരു നോവലിനെ കുറിച്ച്.ഒരിക്കല്‍ കണ്ടപ്പോള്‍ സുരേന്ദ്രന്‍ നരേന്ദ്രപ്രസാദിനോട് ചോദിച്ചു അലഞ്ഞവര്‍ അന്വേഷിച്ചവര്‍ എന്ന നോവലിന്റെ പുതിയ പതിപ്പ് ഇപ്പോള്‍ കിട്ടാനില്ല.അത് വീണ്ടും അസ്വദിക്കുവാന്‍ എന്തുകൊണ്ടാണ് അനുവാദം കൊടുക്കാത്തതു എന്ന്.തെല്ലിട മൗനത്തിനു ശേഷം നരേന്ദ്രപ്രസാദ് ചോദിച്ചു,സുരേന്ദ്രന്‍ ആ നോവല്‍ സൂക്ഷ്മമായി വായിച്ചിട്ടുണ്ടോ.?വാരികയില്‍ പ്രസിദ്ധീകരിച്ച കാലത്തു ശ്രദ്ധിച്ചു വായിച്ചതാണെന്ന മറുപടി ഉടന്‍ വന്നു. അടുത്ത ചോദ്യം,സുരേന്ദ്രന്‍ പില്‍ക്കാലത്തു ആ കൃതി വായിച്ചിട്ടുണ്ടോ?ഇല്ലെന്നു പറഞ്ഞതും അദ്ദേഹം പറഞ്ഞു അത് ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിന്റെ നിഴലാണ്.ഖസാഖ് രചിക്കപെട്ടതുകൊണ്ടു മാത്രം ഉണ്ടായ നോവലാണത്.പ്രത്യക്ഷത്തില്‍ തോന്നില്ലെങ്കിലും തന്റേതു മൗലീകരചന അല്ലെന്നായിരുന്നു നരേന്ദ്രപ്രസാദിന്റെ വിശദീകരണം.സ്വന്തം കൃതികളെ മഹത്വ വത്ക്കരിച്ചു വാതോരാതെ സംസാരിക്കുന്ന കൂട്ടത്തിലല്ല നരേന്ദ്രപ്രസാദിന് സ്ഥാനം എന്ന് സുരേന്ദ്രന്‍ തിരിച്ചറിഞ്ഞത് അന്നാണ്.രാഷ്ട്രീയമാപിനി വെച്ച് ചിലര്‍ വായിച്ചപ്പോള്‍ സുരേന്ദ്രന് ഗ്രീഷ്മമാപിനി എന്ന നോവല്‍ നിരോധിക്കേണ്ടതാണ് വന്നു.സുരേന്ദ്രന്‍ ആഗ്രഹിച്ചിട്ടുണ്ട് തന്റെ കഥകള്‍ക്ക് നരേന്ദ്ര പ്രസാദ് അവതാരിക എഴുതണമെന്നുള്ളത് പല തവണ അതിനായി സുരേന്ദ്രന്‍ നരേന്ദ്രപ്രസാദിനെ സമീപിച്ചിരുന്നു.പക്ഷെ അദ്ദേഹം അവതാരിക എഴുതികൊടുത്തില്ല.ഒരിക്കല്‍ അദ്ദേഹം സുരേന്ദ്രനോട് പറഞ്ഞു ഈ കഥകള്‍ക്ക് അവതാരിക എഴുതാവുന്ന തലത്തിലേക്കുള്ള സന്നാഹം തനിക്കിപ്പോള്‍ ഇല്ലെന്നു.അങ്ങനെയൊരു മനസികാവസ്ഥയിലല്ല താനെന്നും.അത് ഈ കഥകള്‍ക്ക് അഭിനന്ദനമായി കരുതണമെന്നും പറഞ്ഞു.അവതാരിക എഴുതിത്തരാത്തതു അഭിനന്ദനമാണെന്നത് പുതിയ അറിവായിരുന്നു സുരേന്ദ്രന്.

1945 ഒക്ടോബര്‍ 26ന് മാവേലിക്കരയിലെ ഒരു നായര്‍ കുടുംബത്തില്‍ ജനിച്ച നരേന്ദ്രപ്രസാദ് ചലച്ചിത്ര നടന്‍ എന്നതിലുപരി സാഹിത്യനിരൂപകന്‍, നാടകകൃത്ത്, നാടകസംവിധായകന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ ഒരുപോലെ ശോഭിച്ച വ്യക്തിയാണ്. പിതാവ് രാഘവപ്പണിക്കര്‍. അധ്യാപനം ജീവിതവൃത്തിയായിരുന്ന നരേന്ദ്രപ്രസാദ്, പന്തളം എന്‍.എസ്.എസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സറ്റി കോളേജ് എന്നിവിടങ്ങളില്‍ അദ്ധ്യാപകനായിരുന്നിട്ടുണ്ട്. മഹാത്മാഗാന്ധി യൂണിവേഴ്സറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്സിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചു.അനവധി നിരൂപണ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള അദ്ദേഹം ബാല്യത്തില്‍ തന്റെ എഴുത്തിനു പ്രചോദനവും വളര്‍ച്ചയും നല്‍കിയത് മുത്തച്ഛനും മുത്തശ്ശിയുമാണെന്ന് പറഞ്ഞിട്ടുണ്ട്. സ്‌കൂളിലെ കൈയ്യെഴുത്തു മാസികയിലാണ് ആദ്യമായി എന്തെങ്കിലും എഴുതിയിട്ടുള്ളത്. പിന്നീട് ബാലജനസഖ്യത്തിനു വേണ്ടി ഏകാങ്ക നാടകങ്ങള്‍ എഴുതി അഭിനയിക്കാന്‍ തുടങ്ങി.കോളേജില്‍ പഠിക്കുമ്പോള്‍ കൂടുതലും എഴുതിയത് കവിതകളായിരുന്നു. കോട്ടയത്തു നിന്നും പ്രസിദ്ധീകരിച്ചിരുന്ന കേരളധ്വനി വാരാന്തപ്പതിപ്പിലാണ് ആദ്യ കവിത അച്ചടിച്ചുവന്നത്.ഒ.വി. വിജയന്‍, കാക്കനാടന്‍ തുടങ്ങിയവര്‍ ആധുനിക സാഹിത്യം എന്ന നിലയില്‍ വിളിക്കാവുന്ന സാഹിത്യപ്രസ്ഥാനം തുടങ്ങിയ ആ കാലത്ത് ഗൗരവബുദ്ധിയോടെ സാഹിത്യപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. മാതൃഭൂമി ആഴ്ചപ്പതിപ്പ്, മലയാള നാട് വാരിക എന്നീ വാരികകളില്‍ പുതിയ സാഹിത്യത്തെ വിലയിരുത്തിക്കൊണ്ട് ലേഖനങ്ങള്‍ അദ്ദേഹം എഴുതിയിരുന്നു.ജി. ശങ്കരപ്പിള്ളയുടെ നാടകപ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാനാരംഭിച്ച നരേന്ദ്രപ്രസാദ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സ്‌കൂള്‍ ഓഫ് ഡ്രാമ നടത്തിയ അദ്ധ്യാപകര്‍ക്കായുള്ള നാടകക്യാമ്പില്‍ പങ്കെടുക്കുകയും, നാടകം വ്യക്തിത്വവും സ്വതന്ത്രവുമായ കലയാണെന്നു മനസ്സിലാക്കുകയും ചെയ്തു. ക്യാമ്പിനുശേഷം ആദ്യ നാടകമായ മൂന്നു പ്രഭുക്കന്മാര്‍ രംഗത്തവതരിപ്പിച്ചു.

അദ്ദേഹം പതിനാലു നാടകങ്ങള്‍ സംവിധാനം ചെയ്തവതരിപ്പിച്ചിട്ടുണ്ട്. നരേന്ദ്രപ്രസാദിന്റെ നാട്യഗൃഹം എന്ന നാടകസംഘം പന്ത്രണ്ടു കൊല്ലം നാടകരംഗത്ത് സജീവമായിട്ടുണ്ടായിരുന്നു. സൗപര്‍ണികയാണ് നരേന്ദ്രപ്രസാദിന്റെ ഏറ്റവും കൊണ്ടാടപ്പെട്ട നാടകം, അത് കേരള സാഹിത്യ അക്കാദമിയുടേയും കേരള സംഗീത നാടക അക്കാദമിയുടേയും പുരസ്‌കാരങ്ങള്‍ നേടി. നാടകസംഘം അദ്ദേഹത്തിന് സാമ്പത്തികമായി നഷ്ടം വരുത്തിയിരുന്നു.

സാമ്പത്തിക കാരണങ്ങളാല്‍ തന്നെ 1988-ല്‍ നാടകസംഘം തകര്‍ന്നു. 1989-ല്‍ മഹാത്മാഗാന്ധി സ്‌കൂള്‍ ഓഫ് ലെറ്റേഴ്സില്‍ ഡയറക്ടര്‍ ആയി. നാടക കലയ്ക്കു വേണ്ടി, ഒരു എം.ഫില്‍. കോഴ്സ് ഇന്ത്യയിലാദ്യമായി അവിടെ തുടങ്ങിയതില്‍ നരേന്ദ്ര പ്രസാദിന്റെ പങ്കു വലുതാണ്. നരേന്ദ്രപ്രസാദ് പഠിപ്പിച്ച ഒരു ശിഷ്യന്റെ അനുഭവം ഇങ്ങനെ.നരേന്ദ്ര പ്രസാദ് സാറിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരിക സമീപ ഭാവിയില്‍ അന്യം നിന്നുപോയേയ്ക്കാവുന്ന താംബൂല ചര്‍വണം എന്ന ആചാരത്തെ കുറിച്ചാണ്. വെറ്റിലയും അടയ്ക്കയും ചുണ്ണാമ്പും ചേര്‍ന്നൊരു കോംബിനേഷന്‍. വെറ്റില മുറുക്കി ചുവപ്പിച്ച ചുണ്ടുമായി ഉച്ചയ്ക്കു ശേഷമുള്ള സാറിന്റെ പിരീയഡുകള്‍. വിദ്യാര്‍ത്ഥികളുടെ അര്‍ദ്ധ മയക്കം മാറാനൊരു വെടിവട്ടം. എണ്‍പതുകളില്‍ യൂണിവേഴ്സിറ്റി കോളേജിലെ ബിരുദ ബിരുദാനന്തര കാലഘട്ടത്തില്‍ നാമനുഭവിച്ച സുകൃതം മറക്കാനെളുതല്ല.ബര്‍ട്രാന്‍ഡ് റസ്സലിന്റെയും ജോര്‍ജ് ഓര്‍വലിന്റെയും അതിമനോഹരവും ആശയസംപുഷ്ടവുമായ ആംഗലേയ ഗദ്യസാഹിത്യം പകര്‍ന്നു തന്ന ഗുരുനാഥന്‍. പാര്‍ട്ട് ഒന്ന് ഇംഗ്ലീഷ് ക്ലാസ്സുകള്‍. കൂട്ടിന് ബോട്ടണി ഐശ്ചിക വിഷയമായിയെടുത്തവരും. നാടകീയമായി ഒന്നു കുലുങ്ങി, ഒന്നാടി നിവര്‍ന്ന് അര്‍ദ്ധമന്ദഹാസത്തില്‍ സരസ സംഭാഷണങ്ങള്‍.
വൈകുന്നേരങ്ങളില്‍ നടന്‍ മുരളി (ഭരത് മുരളി) തോള്‍സഞ്ചിയുമായി മെല്ലെ നടന്ന് ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റില്‍ പതിവായിയെത്തുന്ന കാഴ്ചകള്‍. ഗോപകുമാര്‍, അലിയാര്‍ കുഞ്ഞു സാര്‍, കൈതപ്രം എന്നിവരും ഒപ്പമുണ്ടാകും ചിലപ്പോള്‍. പിന്നെ അവരുടെ റിഹേഴ്സല്‍ ക്യാംപായ അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌ക്കൂളിലേയ്ക്ക് സിറ്റി ബസില്‍ യാത്ര. ഒന്നുരണ്ടു പ്രാവശ്യം ആ ക്യാംപ് സന്ദര്‍ശിയ്ക്കാനിടയായിട്ടുണ്ട്, അത്രമാത്രം.സൗപര്‍ണികയായിരുന്നു പ്രസാദ് സാറിന്റെ നാടകങ്ങളില്‍ കേമന്‍. റേഡിയോ നാടക വാരത്തില്‍ സാറിന്റെ നാറാണത്തു ഭ്രാന്തന്‍ കേട്ടത് കാതില്‍ മുഴങ്ങുന്നു.”ഉച്ചയായോടാ നിന്റെ ഉച്ചിയിലായോടാ….”1988 വരെ സ്വന്തം ചിലവില്‍ ഒരു അനുഷ്ഠാനം പോലെ നാട്യഗൃഹം നടത്തിക്കൊണ്ടു പോകുകയും ചെയ്തു.ആ സമയം അദേഹം ബിരുദാനന്തര ബിരുദ ക്ലാസ്സുകളില്‍ യൂറോപ്പിലെ നാടകത്തെക്കുറിച്ച് പഠിപ്പിച്ചിരുന്നു. സോഫോക്ലീസിന്റെ ഈഡിപ്പസ് റെക്സ്, അരിസ്റ്റോഫിനീസിന്റെ ‘ദി ഫ്രോഗ്സ് ‘ എന്നിവ പ്രസാദ് സാറിന് മന:പാഠമായിരുന്നു. ഇബ്സന്‍, ചെക്കോവ്, പിരാന്‍ഡലോ, സാമുവല്‍ ബെക്കറ്റ് തുടങ്ങിയ ആധുനിക നാടകാചാര്യന്മാരുടെ നാടകങ്ങളും ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിയത് അദ്ദേഹം തന്നെയായിരുന്നു. ടിഎസ് ഇലിയറ്റിന്റെ ‘ദി വെയ്സ്റ്റ്ലാന്റ്’ കാച്ചിക്കുറുക്കി മനസ്സിലാക്കിത്തന്ന എന്റെ ഗുരുനാഥനെ ഞാനിന്ന് സ്മരിയ്ക്കട്ടെ.നരേന്ദ്രപ്രസാദ് സാറിന്റെ പിന്നീടങ്ങോട്ടുള്ള വളര്‍ച്ച ഒരു ആരാധകനെന്ന നിലയിലാണ് നമ്മളേവരും നോക്കികണ്ടത് .

ചലച്ചിത്ര താരം എന്ന നിലയിലാണ് നരേന്ദ്രപ്രസാദിനെ മലയാളി പൊതു സമൂഹം തിരിച്ചറിയുന്നത്. ശ്യാമപ്രസാദ് ഒരുക്കിയ എല്‍. മോഹനന്റെ പെരുവഴിയിലെ കരിയിലകള്‍ എന്ന ടെലിഫിലിമില്‍ തുടക്കം. എഴുപതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചതായി രേഖകള്‍ പറയുന്നു. തലസ്ഥാനം എന്ന ചലച്ചിത്രത്തിലെ പരമേശ്വരന്‍, ഏകലവ്യനിലെ സ്വാമി അമൂര്‍ത്താനന്ദജി, പൈതൃകത്തിലെ ചെമ്മാതിരി, ആറാം തമ്പുരാനിലെ കൊലപ്പുള്ളി അപ്ഫന്‍ മുതലായവയാണ് കൊണ്ടാടപ്പെട്ട വേഷങ്ങള്‍. സുകൃതം, ചേട്ടന്‍ ബാവ അനിയന്‍ ബാവാ, കാവടിയാട്ടം, മേലേപറമ്പില്‍ ആണ്‍വീട് എന്നിവയും സാറിന്റെ അഭിനയത്തികവ് പ്രകടമാക്കിയ ചിത്രങ്ങള്‍ തന്നെ.1989-ല്‍ ‘അസ്ഥികള്‍ പൂക്കുന്നു’ എന്ന ചിത്രത്തിലൂടെയാണ് നരേന്ദ്രപ്രസാദിന്റെ സിനിമയിലെ അരങ്ങേറ്റം. അതിനും മുമ്പേ ഭരതന്റെ ‘വൈശാലി’യില്‍ ബാബു ആന്റണിയുടെ രാജാവിന്റെ കഥാപാത്രത്തിലൂടെ അദ്ദേഹം ചലച്ചിത്ര രംഗത്ത് ശബ്ദസാന്നിധ്യമായിരുന്നു.പത്മരാജന്റെ അവസാന ചിത്രം ‘ഞാന്‍ ഗന്ധര്‍വ്വനില്‍’ അശരീരിയായതും അദ്ദേഹത്തിന്റെ ശബ്ദമായിരുന്നു.ഏകലവ്യനിലെ സ്വാമി അമൂര്‍ത്താനന്ദ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ നാഴിക്കല്ലായിരുന്നു. സവിശേഷമായ ശരീരഭാഷ കൊണ്ടും വ്യത്യസ്തമായ ശബ്ദവിന്യാസം കൊണ്ടും നരേന്ദ്ര പ്രസാദ് അമൂര്‍ത്താനന്ദക്ക് അനനുകരണീയമായ ഭാവതീക്ഷ്ണത നല്‍കി. ഒരു വില്ലനാവശ്യമായ ശരീരഘടന ഇല്ലാതിരുന്നിട്ടു പോലും നരേന്ദ്രപ്രസാദ് എന്ന നടന്‍ മലയാള സിനിമയില്‍ വില്ലന്‍ എന്ന സങ്കല്‍പ്പത്തിന്റെ പര്യായമായി മാറിയത് അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ ഒന്നുകൊണ്ടു മാത്രമായിരുന്നു. പൈതൃകത്തിലെ ദേവദത്തന്‍ ചെമ്മാന്തിരിപ്പാടും ആറാംതമ്പുരാനിലെ അപ്പന്‍ തമ്പുരാനും നരേന്ദ്രപ്രസാദ് എന്ന നടന്റെ അഭിനയ പ്രതിഭയുടെ ആഴമളന്ന കഥാപാത്രങ്ങളായിരുന്നു.അഭിനയ പ്രതിഭ എന്ന നിലയ്ക്കാണ് നരേന്ദ്രപ്രസാദ് ഏറെ പ്രശസ്തനായതെങ്കിലും ഒരു സാഹിത്യ നിരൂപകന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഔന്നത്യം അതൊട്ടും കുറയ്ക്കുന്നില്ല. മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ നരേന്ദ്രപ്രസാദിന് കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്.എക്കാലത്തെയും മെഗാഹിറ്റ് ചിത്രത്തിലെ പൂര്‍ണം വിശ്വനാഥന്റെ കഥാപാത്രം സംസാരിയ്ക്കുന്ന പതിഞ്ഞ സ്നേഹസ്വരവും മറ്റാരുടേതുമല്ല.ഒരു അഭിനേതാവ് എന്നതിലുപരി അദ്ധ്യാപകന്‍, നാടകകൃത്ത്, എഴുത്തുകാരന്‍, സാഹിത്യവിമര്‍ശകന്‍ എന്നീ നിലകളില്‍ മൂന്നര പതിറ്റാണ്ടോളം മലയാള സാഹിത്യ-സാംസ്‌കാരിക മേഖലകളിലെ നിറഞ്ഞ സാന്നിദ്ധ്യമായിരുന്നു ആര്‍ നരേന്ദ്രപ്രസാദ്.എന്നാലും നരേന്ദ്രപ്രസാദ് എന്ന വ്യക്തിയെ ഈ നിലകളിലെല്ലാം വിലയിരുത്തുമ്പോള്‍ അതൊരു അപൂര്‍ണ ചിത്രം പോലെയെന്നു പറയാന്‍ തോന്നുന്നു. പൂര്‍ത്തീകരിയ്ക്കാത്ത കവിത പോലെ. അവസാനത്തെ രംഗം അഭിനയിച്ചു തീര്‍ക്കാത്ത നാടകം പോലെ. ഒരു പക്ഷേ പരിണാമഗുപ്തി ഒരു ജീവല്‍ രഹസ്യമായി തുടരാനാകും അദ്ദേഹത്തിന്റെ വിധി.ഇന്ന് ഈ ബഹുമുഖപ്രതിഭയുടെ ഓര്‍മ്മദിവസമാണ്.അദ്ദേഹത്തിന്റെ കലാവൈഭവത്തിനു മുന്നില്‍ പ്രണാമം അര്‍പ്പിക്കാം ഈ നിമിഷം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close