
ന്യുഡല്‍ഹി: ചൈന ഉയര്‍ത്തുന്ന പ്രകോപനങ്ങള്‍ക്കിടെ അമേരിക്കയുമായി പ്രതിരോധ രംഗത്തെ സൗഹൃദം കൂടുതല്‍ ശക്തിപ്പെടുത്തി ഇന്ത്യ.ചൈനക്ക് ശക്തമായ മുന്നറിയിപ്പു നല്‍കുന്നതിന്റെ ഭാഗമായി തന്ത്രപ്രധാന ബെക്ക സൈനിക കരാറില്‍ ഇരുരാജ്യങ്ങളും ഈമാസം ഒപ്പുവെക്കും.അമേരിക്കന്‍ ഉപഗ്രഹനിരീക്ഷണ സംവിധാനം അടക്കം പ്രയോജനപ്പെടുത്താനുള്ള ബെക്ക അഥവ അടിസ്ഥാന വിനിമയ സഹകരാറിന് ഇരുരാജ്യങ്ങളും അന്തിമ രൂപം നല്‍കുകയാണ്.കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ അമേരിക്കന്‍ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മിസൈലുകളുടെയും ഡ്രോണുകളുടെയും കൃത്യത ഉറപ്പാക്കാന്‍ ഇന്ത്യക്ക് സാധിക്കും.
ഇന്ത്യ, അമേരിക്ക, ജപ്പാന്, ഓസ്ട്രോലിയ സംയുക്ത നാവിക അഭ്യാസത്തിനുള്ള ഒരുക്കങ്ങളും തുടങ്ങി. ഈ മാസം 26, 27 തിയതികളില്‍ ഇന്ത്യ-അമേരിക്ക വിദേശ-പ്രതിരോധ മന്ത്രിമാരുടെ ടു പ്ളസ് ടു ചര്‍ച്ചയില്‍ കരാറിന് അന്തിമരൂപമാകുമെന്നാണ് പ്രതീക്ഷ. കരാര്‍ വേഗത്തിലാക്കാന്‍ ഫെബ്രുവരിയില്‍ നടന്ന മോദി-ട്രംപ് കൂടിക്കാഴ്ചയിലും തീരുമാനിച്ചിരുന്നു.അമേരിക്കന്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് തന്ത്രപ്രധാന കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെക്കാന്‍ പോകുന്നത്. ഇതോടൊപ്പമാണ് ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാന് സംയുക്ത മലബാര്‍ നാവിക അഭ്യാസം. മുങ്ങികപ്പലുകളും പോര് വിമാനങ്ങളും പങ്കെടുക്കും. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ പ്രകോപനങ്ങള്‍ തുടരുന്ന ചൈനക്ക് അടുത്തമാസം നടക്കാനിരിക്കിരുന്ന ഈ മലബാര്‍ നാവിക അഭ്യാസം ശക്തമായ മുന്നറിയിപ്പ് കൂടിയാകുമെന്നും ഇന്ത്യ കരുതുന്നു.