
ഹത്രസ്: ഹത്രസില്‍ കൂട്ടബലാല്‍സംഗത്തിനിരയായി ദലിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍, കേസിന്റെ അന്വേഷണം ഏറ്റെടുത്ത സിബിഐ കുറ്റകൃത്യം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തി. പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിനിരയായ പാടത്ത് അന്വേഷണ സംഘത്തിനൊപ്പം ഫൊറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. പെണ്‍കുട്ടിയെ സംസ്കരിച്ച സ്ഥലവും അന്വേഷണ സംഘം സന്ദര്‍ശിച്ചു. കുടുംബത്തിന്റെ മൊഴി സിബിഐ രേഖപ്പെടുത്തും.
അതേസമയം, ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയെ ഹത്രസിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ അച്ഛന്റെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നെങ്കിലും ആശുപത്രിയിലേക്ക് പോകാന്‍ വിസമ്മതിച്ചു. ഇതേത്തുടര്‍ന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ വീട്ടിലെത്തി പരിശോധന നടത്തി. ഹൈക്കോടതി നടപടികളില്‍ പങ്കെടുത്ത് ഇന്നലെ രാത്രി വൈകിയാണ് കുടുംബം ഹത്രസില്‍ മടങ്ങിയെത്തിയത്.