
ന്യൂഡല്‍ഹി: ഹത്രാസ് കൂട്ടബലാത്സംഗക്കൊലയില്‍ ഇരയുടെ കുടുംബത്തിന് എന്ത് സഹായം നല്കി എന്ന് വിശദീകരിക്കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സുപ്രീം കോടതി. ഇക്കാര്യം ആവശ്യപ്പെട്ട് യുപി സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് നല്കി. നോട്ടീസ് നല്‍കുന്നതിന് മുമ്പ് തന്നെ ഇന്ന് സുപ്രീം കോടതിയില്‍ ഹാത്രസ് കേസുമായി ബന്ധപ്പെട്ട് യുപി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. അസത്യമായ കാര്യങ്ങള്‍ പറയാന്‍ യുവതിയുടെ കുടുംബത്തിന് ചില സാമൂഹ്യവിരുദ്ധ ശക്തികള്‍ പണം നല്‍കുന്നുണ്ടെന്ന് യുപി പൊലീസ് ആരോപിച്ചു.
യുവതിയുടെ വീട്ടുകാരുടെ സമ്മതത്തോടെയാണ് രാത്രി മൃതദേഹം സംസ്കരിച്ചതെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വാദിക്കുന്നു. പകല്‍ മൃതദേഹം സംസ്കരിച്ചാല്‍ വലിയ തോതില്‍ സംഘര്‍ഷവും സാമുദായിക കലാപവുമുണ്ടാകുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ടായിരുന്നതായി യുപി സര്‍ക്കാര്‍ പറയുന്നു. അസാധാരണ സാഹചര്യമായതുകൊണ്ടാണ് രാത്രി 2.30ന് മൃതദേഹം സംസ്കരിച്ചതെന്നും സര്‍ക്കാര്‍ വാദിച്ചു. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ കേസ് സിബിഐ അന്വേഷിക്കണമെന്നും യുപി സര്‍ക്കാര്‍ പറയുന്നു. യുവതിയുടെ കുടുംബത്തെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്ന് നേരത്തെ യുപി സര്‍ക്കാരിന്റെ പ്രത്യേക അന്വേഷണ സംഘം നിര്‍ദ്ദേശിച്ചിരുന്നു.