
ലക്നോ: ഹാത്രാസില്‍ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വൈകും. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് 10 ദിവസം കൂടി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നീട്ടിനല്‍കി. കേസില്‍ നാലു പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഇന്നായിരുന്നു മുഖ്യമന്ത്രിക്ക് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. എന്നാല്‍, അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് സമയം നീട്ടിനല്‍കിയതെന്ന് ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി അവിനാശ് കെ. അശ്വതി പറഞ്ഞു.പെണ്‍കുട്ടിയുടെ വീട്ടില്‍ ഞായറാഴ്ച എത്തിയ പ്രത്യേക അന്വേഷണ സംഘം കുടുംബാംഗങ്ങളില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയിരുന്നു. പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൃത്യവിലോപം കാട്ടിയ ഹാഥറസ് എസ്.പിയെയും പൊലീസ് ഉദ്യോഗസ്ഥരെയും സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവം വിവാദമായതോടെ കേസിന്റെ അന്വേഷണം സി.ബി.ഐക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൈമാറി.അതേസമയം, രാജ്യാന്തര ഫണ്ട് ഉപയോഗിച്ച് ജാതി-വര്‍ഗീയ കലാപങ്ങള്‍ക്ക് അടിത്തറ പാകാന്‍ പ്രതിപക്ഷം നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് പ്രതിഷേധങ്ങളെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിക്കുന്നത്. ആരോപണത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്ന പ്രസ്താവനയാണ് ആദിത്യനാഥ് നടത്തിയതെന്ന് രാഹുല്‍ ആരോപിച്ചു.