INDIATop News

ഹത്രാസ് കേസ് അന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാക്കി സുപ്രീംകോടതി

ന്യൂഡല്‍ഹി: ഹത്രാസില്‍ ദലിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ അന്വേഷണം അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണത്തിലാക്കാന്‍ സുപ്രീം കോടതി ഉത്തരവ്. അന്വേഷണം വിലയിരുത്തുന്നതിനോടൊപ്പം ഹാഥ്‌റസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സുരക്ഷിതത്വവും ഹൈക്കോടതി ഉറപ്പാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.ഉത്തര്‍പ്രദേശില്‍ നീതിയുക്തമായ വിചാരണ നടക്കില്ലെന്നും അതിനാല്‍ ഡല്‍ഹിയിലെ കോടതിയിലേക്ക് കേസ് മാറ്റണമെന്നും പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജിക്കാരുടെ ആവശ്യത്തെ യുപി സര്‍ക്കാര്‍ കോടതിയില്‍ പിന്തുണച്ചിരുന്നു.

അന്വേഷണം പൂര്‍ത്തിയായ ശേഷം കേസിന്റെ വിചാരണ ഡല്‍ഹിയിലേക്ക് മാറ്റുന്ന കാര്യം ആലോചിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട ഉത്തരവില്‍ അലഹാബാദ് ഹൈക്കോടതി ഇരയുടേയും കുടുംബത്തിന്റേയും പേര് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ കാര്യം സോളിസിറ്ററല്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പീഡനക്കേസിലെ ഇരയുടേയും കുടുംബത്തിന്റേയും സ്വകാര്യത സംരക്ഷിക്കാന്‍ ശ്രദ്ധിക്കണമെന്നും ഇവരുടെ പേരുകള്‍ അടിയന്തരമായി കോടതി രേഖകളില്‍ നിന്നും നീക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. സംഭവത്തില്‍ സിബിഐ സ്ഥലം സന്ദര്‍ശിക്കുകയും യുവതിയുടെ കുടുംബത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. യുവതിയുടെ കുടുംബാംഗങ്ങളുടെ സമ്മതമില്ലാതെ മൃതദേഹം സംസ്‌കരിച്ച സ്ഥലവും സിബിഐ സംഘം സന്ദര്‍ശിച്ചു.

45 മിനിറ്റോളം സംഭവസ്ഥലത്ത് ചിലവഴിച്ചതായും വീഡിയോ റെക്കോര്‍ഡിംഗുകള്‍ നടത്തിയതായും സിബിഐ സംഘം അറിയിച്ചിരുന്നു. ”നിര്‍ബന്ധിത ശവസംസ്‌കാരവും അതിലേക്ക് നയിച്ച സാഹചര്യങ്ങളും അന്വേഷണ വിഷയമാണ്,” ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.സെപ്റ്റംബര്‍ 14 നാണ് യുവതി ബലാത്സംഗത്തിനിരയായത്. തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി രണ്ടാഴ്ചയോളം ചികിത്സയില്‍ തുടര്‍ന്ന ശേഷമാണ് മരിച്ചത്.പ്രതികളായ സന്ദീപ് (20), അമ്മാവന്‍ രവി (35), സുഹൃത്തുക്കളായ രാമു (26), ലവ് കുഷ് (23) എന്നിവര്‍ക്കെതിരെയാണ് കൊലപാതകം, കൂട്ടബലാത്സംഗം എന്നീ വകുപ്പുകള്‍ പ്രകാരവും എസ്സി / എസ്ടി നിയമം പ്രകാരവും കേസെടുത്തിരുന്നത്. കേസില്‍ തങ്ങള്‍ നിരപരാധികളാണെന്ന് അവകാശപ്പെട്ട് പ്രതികള്‍ ഹത്രാസ് പൊലീസ് സൂപ്രണ്ടിന് കത്തയച്ചിരുന്നു. സംഭവം നടന്ന സെപ്റ്റംബര്‍ 14 ന് യുവതിയെ സഹോദരനും അമ്മയും മര്‍ദ്ദിച്ചതെന്നും അവര്‍ ഹത്രാസ് പോലീസ് സൂപ്രണ്ടിന് എഴുതിയ കത്തില്‍ ആരോപിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close