
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാഥ്രസില്‍ പത്തൊമ്പതുകാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരവെ പ്രതികള്‍ക്കായി പ്രദേശത്തെ സവര്‍ണര്‍ സംഘടിക്കുന്നു. ദളിത് പെണ്‍കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യക്തിക്ക് പിന്തുണയര്‍പ്പിച്ച് മേല്ജാതിക്കാര് യോഗം ചേരുകയാണെന്ന് ദേശീയ മാധ്യമമായ ‘എന്‍ഡിടിവി’യാണ് റിപ്പോര്‍ട്ട് ചെയ്തത്.
തങ്ങളുടെ യോഗത്തെക്കുറിച്ച് പോലീസിനെ അറിയിച്ചിട്ടുണ്ടെന്നാണ് സംഘാടകര്‍ പറയുന്നത്. ക്രൂര പീഡനത്തിനിരയായി ചികിത്സയില്‍ കഴിയുകയായിരുന്ന ഹാഥ്രസിലെ പെണ്‍കുട്ടി, സെപ്റ്റംബര്‍ 29നാണ് മരണത്തിന് കീഴടങ്ങിയത്. ഡല്‍ഹിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പിന്നീട് പത്തൊമ്പതുകാരിയുടെ മൃതദേഹം തിടുക്കപ്പെട്ട് സംസ്കരിച്ചത് ഉള്‍പ്പെടെയുള്ള പോലീസ് നടപടികള്‍ വിവാദമായിരുന്നു.പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണുന്നതില്‍ നിന്നും ആദ്യം മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും പോലീസ് വിലക്കിയതും വിവാദങ്ങള്‍ക്ക് കാരണമായി. രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് മാധ്യമങ്ങള്‍ക്ക് കുടുംബത്തെ കാണാന്‍ കഴിഞ്ഞത്. ആദ്യം തടഞ്ഞെങ്കിലും ശനിയാഴ്ച രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടെ അഞ്ച് കോണ്‍ഗ്രസ് നേതാക്കളും ഹാഥ്രസിലെത്തി കുടുംബത്തെ കണ്ടിരുന്നു.
അതേസമയം സവര്‍ണജാതിക്കാരുടെ യോഗത്തെക്കുറിച്ച്
തങ്ങള്‍ക്ക് അറിവൊന്നുമില്ലെന്ന് ജോയിന്റ് മജിസ്ട്രേട്ട് പ്രകാശ് മീന പറഞ്ഞതായി
എന്‍ഡിടി റിപ്പോര്‍ട്ട് ചെയ്തു. രാഷ്ട്രീയ നേതാക്കള്‍ക്ക് അഞ്ച് പേരുള്ള
ഗ്രൂപ്പുകളായി പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാമെന്നും അവര്‍
വ്യക്തമാക്കി.