ലഖ്‌നൗ:പൊലീസിനും ജില്ലാ ഭരണകൂടത്തിനുമെതിരെ ഹത്റാസ് പെണ്‍കുട്ടിയുടെ കുടുംബം കോടതിയില്‍. മൃതദേഹം സംസ്‌കരിച്ചത് അനുമതി ഇല്ലാതെയെന്ന് കുടുംബം അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചിനെ ധരിപ്പിച്ചു. സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ലെന്നും സംഭവം അന്വേഷിക്കാന്‍ പൊലീസ് തുടക്കത്തില്‍ തയ്യാറായില്ലെന്നും കുടുംബം.
എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ചു എന്നും ഹൈക്കോടതിയില്‍ കുടുംബം മൊഴി നല്‍കി. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കുടുംബം കോടതിയില്‍ വ്യക്തമാക്കി. അതിനിടെ ഉത്തര്‍പ്രദേശ് പൊലീസ് കേസ് കൈകാര്യം ചെയ്ത രീതിയില്‍ ഹൈകോടതി അതൃപ്തി രേഖപ്പെടുത്തി. നവംബര്‍ 2ന് കേസ് വീണ്ടും പരിഗണിക്കും.
കഴിഞ്ഞ മാസം പതിനാലാം തീയതിയായിരുന്നു ഹത്‌റാസിലെ 19 വയസുകാരി ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായത്. രണ്ടാഴ്ചയ്ക്ക് ശേഷം ഡല്‍ഹിയിലെ സഫദര്‍ജംഗ് ആശുപത്രിയില്‍ പെണ്‍കുട്ടി മരണപ്പെട്ടു. പെണ്‍കുട്ടിയെ മൃതദേഹം തിടുക്കപ്പെട്ട് ദഹിപ്പിച്ച പൊലീസിന്റെ നടപടി രാജ്യവ്യാപകമായി പ്രതിഷേധത്തിന് കാരണമായിരുന്നു. കേസില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. പെണ്‍കുട്ടിയുടെ ആന്തരിക അവയവങ്ങളുടെ ശാസ്ത്രീയ അന്വേഷണം അടക്കം സിബിഐ വീണ്ടും നടത്തും.