KERALANEWS

“ഹമാസ് ഒരു സുപ്രഭാതത്തിൽ പൊട്ടി മുളച്ചുണ്ടായ സംഘടനയല്ല”: ഹമാസിന്റെ നിലപാടുകളോടും സമീപനങ്ങളോടും വിയോജിക്കാം, പക്ഷേ അവരെ ഒരു ഭീകര സംഘടന എന്ന ലേബലിൽ മാത്രം മുദ്ര കുത്തരുത്” ;ബഷിർ വള്ളിക്കുന്ന് എഴുതുന്നു

ബഷിർ വള്ളിക്കുന്ന്

ഹമാസ് ഒരു സുപ്രഭാതത്തിൽ പൊട്ടി മുളച്ചുണ്ടായ സംഘടനയല്ല, അധിനിവേശത്തിന്റെ രണ്ട് പതിറ്റാണ്ടുകൾ ഒരു ജനതയിലുണ്ടാക്കിയ സ്വാഭാവിക ചെറുത്തുനില്പിൽ നിന്ന് വളർന്ന് വന്നതാണ്. ഉമ്മൻ ചാണ്ടിക്കോ സംഘപരിവാർ കാലത്തെ ഇന്ത്യൻ നേതാക്കന്മാർക്കോ ആ ചരിത്രം അറിയുമോ എന്നറിയില്ല. അവരെ തീവ്രവാദികൾ എന്ന് അഭിസംബോധന ചെയ്തു കൊണ്ടുള്ള ഉമ്മൻ ചാണ്ടിയുടെ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് ഇപ്പോഴാണ് കണ്ടത്. ഹമാസിന്റെ നിലപാടുകളോടും സമീപനങ്ങളോടും വിയോജിക്കാം, പക്ഷേ അവരെ ഒരു ഭീകര സംഘടന എന്ന ലേബലിൽ മാത്രം മുദ്ര കുത്തുന്നത് ചരിത്രത്തോടുള്ള അനീതിയാണ്.

ലോകത്തെ ഏറ്റവും വലിയ ജയിൽ ഏതെന്ന് ചോദിച്ചാൽ ഒട്ടും സംശയിക്കാതെ ഉത്തരം പറയാവുന്ന ഒരിടമാണ് ഗസ്സ. മുമ്പ് ഫലസ്തീൻ വിഷയത്തിൽ ധാരാളം എഴുതിക്കൊണ്ടിരുന്ന ഒരാളാണ് ഞാൻ. ഒരു ചെറിയ പുസ്തകവും ഈ വിഷയത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. “ഫലസ്തീൻ: പോരാട്ടത്തിന്റെ നാൾവഴി” എന്ന ടൈറ്റിലിൽ. പത്തിരുപത് കൊല്ലം മുമ്പാണത്. ഗാസയുടെ അവസ്ഥ അതിൽ വിശദമായി എഴുതിയിട്ടുണ്ടായിരുന്നു. അന്നത്തെ അവസ്ഥയിൽ നിന്ന് ഗസ്സ ഒരു ചുവട് മുന്നോട്ട് പോയിട്ടില്ല, ജനസംഖ്യ കൂടിക്കൊണ്ടിരിക്കുന്നു എന്നതൊഴിച്ചാൽ മറ്റൊരു മാറ്റവും ഗസ്സയിലില്ല. നല്ല സ്‌കൂളുകളില്ല, ആശുപത്രികളില്ല, നല്ല ചികിത്സ കിട്ടില്ല, ജീവൻ രക്ഷാ മരുന്നുകൾ പോലും ലഭ്യമല്ലാത്ത ലോകത്തെ ഏക ഇടം.. ഒരു ഭാഗത്ത് മെഡിറ്ററേനിയൻ കടൽ.. മറുഭാഗത്ത് ഇസ്രായേലിന്റെ ഇരുമ്പ് കമ്പികളും മതിലും, അതിന് രണ്ടിനുമിടയിൽ ഒരു നീണ്ട വര പോലെ ഒരു ചെറിയ തുണ്ട് ഭൂമി.. അതിനുള്ളിൽ ശ്വാസം കിട്ടാതെ ഞെരുങ്ങി ജീവിക്കുന്നത് ഇരുപത് ലക്ഷത്തോളം മനുഷ്യർ.

എങ്ങോട്ട് തിരിഞ്ഞാലും ഇസ്രായേലിന്റെ ചെക്ക് പോസ്റ്റുകൾ.. പട്ടാളക്കാരുടെ തോക്കുകളൂം ബൂട്ടുകളും. അങ്ങിനെ ജീവിക്കുന്ന ഒരു ജനതയുടെ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ വിലയറിയണമെങ്കിൽ അത്തരമൊരു അവസ്ഥ മനസ്സിൽ കാണാനെങ്കിലുമുള്ള ഇത്തിരി മനുഷ്യപ്പറ്റ് അവശേഷിക്കണം. സ്വന്തം ഭൂമിയിൽ നിന്നും അടിച്ചു പുറത്താക്കപ്പെട്ട ഒരു ജനതയുടെ കണ്ണുനീരിന്റെ വിലയറിയാനുള്ള ചരിത്ര ബോധം വേണം. അത് രണ്ടുമില്ലെങ്കിൽ ഫലസ്തീൻ ജനതയെ നിങ്ങൾക്ക് ഭീകരർ എന്ന് വിളിക്കാം, തീവ്രവാദികൾ എന്ന് വിളിക്കാം

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close