NEWS

ഹിന്ദുസ്ഥാനി സംഗീത്തെ നെഞ്ചിലേറ്റിയ ജസ്‌രാജ് ഓര്‍മയായി

സംഗീതത്തിന് സാഹിത്യത്തിനപ്പുറം സംവേദനമെന്ന മാനം നല്‍കിയത് ഹിന്ദുസ്ഥാനി സംഗീതത്തെ നെഞ്ചേറ്റിയ ഒരുപറ്റം സംഗീത പ്രതിഭകളായിരുന്നു. മല്ലികാര്‍ജുന്‍, രവിശങ്കര്‍, കിശോരി അമോങ്കര്‍, അലി അക്ബര്‍ ഖാന്‍, തുടങ്ങി ആനിരയിലെ അവസാനത്തെ താരവും പൊലിഞ്ഞിരിക്കുകയാണ്, വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ്‌രാജ് അന്തരിച്ചു. ഒമ്പതു പതിറ്റാണ്ടുകളായി മേവതി ഘരാനയിലെ സംഗീത സപര്യയിക്കായി ജീവിതത്തെ മാറ്റി വെച്ച മഹാപ്രതിഭയ്ക്ക് രാജ്യം പദ്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ തുടങ്ങി വിവിധ ബഹുമതികള്‍ക്ക് നല്‍കി ആദരിച്ചിരുന്നു. സംഗീതാസ്വാദനത്തിന്റെ അനന്തത സമ്മാനിച്ച കലാകാരന്റെ ഓര്‍മയ്ക്ക് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഒരു ചെറിയ ഗ്രഹത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കിയിരുന്നു. 2006 നവംബര്‍ 11-ന് കണ്ടെത്തിയ ഈ ചെറിയ ഗ്രഹത്തെ ചൊവ്വയുടെയും വ്യാഴത്തിന്റെയും ഭ്രമണപഥങ്ങള്‍ക്കിടയിലുള്ള ഇടത്തിലാണ് കണ്ടെത്തിയിരുന്നത്.

സംഗീത പാരമ്പര്യമുള്ള കുടുംബത്തില്‍ 1930 ജനുവരി 28-നായിരുന്നു ജസ്‌രാജിന്റെ ജനനം. പിതാവ് മോതി രാംജിന്റെ പാത പിന്തുടര്‍ന്നാണ് അദ്ദേഹം സംഗീത ആലാപനത്തിന്റെ ബാലപാഠങ്ങളിലേക്ക് കടന്നത്. അദ്ദേഹത്തിന് നാല് വയസ്സുള്ളപ്പോഴാണ് പിതാവ് മരിക്കുന്നത്. പിന്നീട് ജ്യേഷ്ഠന്‍ മണിറാമിന്റെ പക്കലും മഹാരാജാ ജയ്വന്ത് സിങ്ജി വഗേല, ആഗ്രാ ഖരാനയിലെ സ്വാമി വല്ലഭദായ് തുടങ്ങിയവരുടെയും ശിഷ്യനായി. പിന്നീട്, മൂത്ത സഹോദരന്‍ പണ്ഡിറ്റ് പ്രതാപ് നാരായണന്റെ കീഴില്‍ സഹ തബലിസ്റ്റായി. തബല വാദകനായി കുറച്ചു കാലം തുടര്‍ന്നെങ്കിലും പക്കമേളക്കാരോടുള്ള അവഗണനയില്‍ മനം നൊന്ത് അത് അവസാനിപ്പിച്ച് സംഗീതാഭ്യസനത്തില്‍ തന്നെ ശ്രദ്ധയൂന്നുകയായിരുന്നു.
അപൂര്‍വ്വ ശബ്ദ സൗകുമാര്യത്തിനുടമയായ ജസ്‌രാജ് ബാബാ, ശ്യാം മനോഹര്‍ ഗോസ്വാമി മഹാരാജിന്റെ പക്കല്‍ ഹവേലി സംഗീതത്തിലും ഗവേഷണം നടത്തിയിട്ടുണ്ട്. സംഗീത രംഗത്ത് നിരവധി പുതിയ നവീനതകള്‍ പരീക്ഷിച്ച ജസ്‌രാജ് ജുഗല്‍ബന്ദി സംഗീതത്തിന് പ്രത്യേക സംഭാവനകള്‍ നല്‍കി. ആണ്‍ – പെണ്‍ ഗായകര്‍ ഒരേ സമയം രണ്ടു രാഗാലാപനം നടത്തുന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ പരീക്ഷണങ്ങള്‍ ആസ്വാദകരെ ഏറെ ആകര്‍ഷിച്ചു. പൂനയിലെ സംഗീതാരാധകര്‍ ഇതിനെ ജസ്രംഗി എന്നു പേരിട്ടാണ് വിളിക്കുന്നത്. പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ രമേഷ് നാരായണ്‍ ഉള്‍പ്പെടെ അനേകം സംഗീതജ്ഞരെ ലോകത്തിന് സംഭാവന ചെയ്തതും ജസ്‌രാജായിരുന്നു. ഒരു പുരുഷായുസ്സില്‍ ജീവിതം സംഗീതമയമാക്കിയ ജസ്‌രാജ് ലോകത്തോട് വിട പറയുമ്പോള്‍ ആകാശത്തിനപ്പുറവും ആ ഓര്‍മകള്‍ പ്രകാശിക്കുന്നുണ്ട്.

Tags
Show More

Related Articles

Back to top button
Close